തിരുവനന്തപുരം: കേരളത്തില്‍ പതിനായിരകണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്ന ഹാരിസണ്‍ കമ്പനിയെ സഹായിക്കാന്‍ സര്‍ക്കാര്‍ നീക്കം. ഹാരിസണെതിരായ നിയമ പോരാട്ടത്തില്‍ വിജയത്തിലേയ്‌ക്കെത്തുന്നതിനിടയ്ക്കാണ് നിയമപോരാട്ടങ്ങള്‍ അട്ടമറിച്ച് കമ്പനിയെ സഹായിക്കാന്‍ ചരടുവലികള്‍ നടക്കുന്നത്. വര്‍ഷങ്ങളോളം ഹാരിസണെതിരായ കേസുകള്‍ വാദിച്ച സര്‍ക്കാര്‍ അഭിഭാഷക സുശീലാഭട്ടിനെ പിണറായി സര്‍ക്കാര്‍ തല്‍സ്ഥാനത്ത് നിന്ന് നീക്കിയത് നേരത്തെ വിവാദമായിരുന്നു. എന്നാല്‍ സുശീലഭട്ടിന്റെ സ്ഥാനചലനും വന്‍ ഗൂഢാലോചനയുടെ ഫമമാണെന്നാണ് തെളിയുന്നത്. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുമെന്ന് പറയുന്ന പിണറായി സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് കൊടുകൊള്ളയ്ക്ക് വഴിയൊരുങ്ങുന്നതെന്നതാണ് പരിഹാസ്യമായ കാര്യം.
സുശീല ഭട്ടിനുപകരം ആദ്യം എത്തിയത് രജ്ഞിത്ത് തമ്പാനായിരുന്നു. ഹാരിസണിന്റെ സ്വന്തം ആളാണ് രഞ്ജിത്ത് എന്ന് ആക്ഷേപം ഉയര്‍ന്നതോടെ അദ്ദേഹം കേസില്‍ നിന്ന് പിന്മാറി. ഇപ്പോഴിതാ സ്റ്റേറ്റ് അറ്റോര്‍ണിയായ കെ വി സോഹനെ ഹാരിസണ്‍ കേസ് അഡ്വക്കേറ്റ് ജനറല്‍ ഏല്‍പ്പിക്കുമെന്നാണ് സൂചന. എന്നാല്‍ ഹൈക്കോടതി അഭിഭാഷകനായ സോഹനും ഹാരിസണുമായി ബന്ധമുണ്ട്. ഹാരിസണിന് വേണ്ടി സോഹനും കേസുകളില്‍ ഹാജരായിട്ടുണ്ട്. അത്തരത്തില്‍ ഒരാള്‍ സര്‍ക്കാര്‍ കേസ് വാദിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. അങ്ങനെ തെളിവുകളെല്ലാം കൈയിലുള്ള കേസ് കൈവിട്ട് കളിക്കാന്‍ അഭിഭാഷകരെ മാറ്റി പരീക്ഷിക്കുകയാണ് റവന്യൂവകുപ്പ്.
സംസ്ഥാനത്ത് 75,000 ഏക്കര്‍ ഭൂമി കൈവശം വച്ചിരിക്കുന്ന ഹാരിസണ്‍ മലയാളം ലിമിറ്റഡ് വിദേശ കമ്പനിയുടെ ബിനാമി കമ്പനിയെന്ന് വ്യക്തമായിരുന്നു ബിനാമി പേരില്‍ സര്‍ക്കാര്‍ തോട്ടഭൂമി കൈക്കലാക്കിയ ഹാരിസണ്‍ന്റെ നടപടികളെ പറ്റി സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കണമെന്ന് സര്‍ക്കാരിന് സ്പെഷ്യല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യം ശുപാര്‍ശ നല്‍കുകയും ചെയ്തു. ഇതിനിടെയാണ് കോടതിയില്‍ കേസ് വാദിക്കുന്നതിലെ തട്ടിപ്പ് പുറത്താകുന്നത്. ഹാരിസണ്‍ ഇന്ത്യന്‍ കമ്പനിയാണെന്ന വാദം പൊളിച്ചടുക്കുന്ന വ്യക്തമായ രേഖകള്‍ സഹിതമാണ് എം.ജി. രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ട്. ഫെറ നിയമത്തിന്റെയും ബിനാമി ട്രാന്‍സാക്ഷന്‍ (പ്രൊഹിബിഷന്‍) ആക്ടിന്റെയും നഗ്നമായ ലംഘനമാണ് കമ്പനി നടത്തിയിട്ടുള്ളതെന്നും ഇതിനുപിന്നില്‍ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പത്തനംതിട്ട കോടതിയിലെ കേസിലാണ് സോഹര്‍ ഹാരിസണ് വേണ്ടി ഹാജരായത്. ഹാരിസണ്‍ ഭൂമി സ്വകാര്യവ്യക്തിയുടേതെന്നായിരുന്നു വാദം. തോട്ടം മേഖലയില്‍ കമ്പനികള്‍ ഏഴ് ലക്ഷം ഏക്കര്‍ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്നുവെന്നാണ് സര്‍ക്കാര്‍ കണ്ടെത്തല്‍. പത്തനംതിട്ട കോടതിയില്‍ ഉണ്ടായിരുന്ന 2989/11 നമ്പര്‍ കേസിലാണ് സോഹന്‍ ഹാജരായത്. ഇത് സോഹനും സമ്മതിക്കുന്നുണ്ട്. അതില്‍ അനുകൂല ഇടക്കാല വിധിയുണ്ടായെന്നാണ് സോഹന്‍ പറയുന്നതും. അന്തിമ വിധി വന്നിട്ടുമില്ല. ഹാരിസണ്‍ കേസില്‍ ഭാവിയില്‍ ഹാജരാകാനുള്ള സാധ്യത സോഹന്‍ തള്ളിക്കളയുന്നുമില്ല.
ഇങ്ങനെ സ്റ്റേറ്റ് അറ്റോര്‍ണി സര്‍ക്കാരിനായി വാദിക്കാനെത്തിയാല്‍ എങ്ങനെ സംസ്ഥാന താല്‍പ്പര്യം സംരക്ഷിക്കുമെന്നാണ് ഉയരുന്ന ചോദ്യം. ഹാരിസണ്‍ കേസില്‍ സര്‍ക്കാരിനു വേണ്ടി ഹാജരാകുന്നതില്‍ നിന്നും അഡീഷണല്‍ എജി അഡ്വക്കേറ്റ് രഞ്ജിത് തമ്പാന്‍ ഒഴിവായിയിരുന്നു. വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ തന്നെ ഒഴിവാക്കണമെന്നാവിശ്യപ്പെട്ട് രഞ്ജിത് തമ്പാന്‍ കത്തു നല്‍കുകയായിരുന്നു. സിപിഐ നേതാവായിരുന്നു മീനാക്ഷി തമ്പാന്റെ മകനാണ് രഞ്ജിത്ത് തമ്പാന്‍. ഹാരിസണിനുവേണ്ടി നേരത്തെ കേസ് വാദിച്ചിരുന്നൊരാള്‍ കൂടിയായിരുന്നു രഞ്ജിത്ത് തമ്പാന്‍. ഹിരസണണ്‍ ഭൂമി കേസില്‍ സര്‍ക്കാര്‍ അഭിഭാഷകയായിരുന്ന സുശീലാ ഭട്ടിനെ മാറ്റിയാണ് പകരം രഞ്ജിത്തിനെ നിയോഗിച്ചത്. സുശീലാ ഭട്ടിനെ മാറ്റിയതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഹാരിസണുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഒത്തുകളിക്കുകയായിരുന്നുവെന്ന ആക്ഷേപം നിയമസഭയിലും പുറത്തുമായി പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു.
തന്നെ മാറ്റാന്‍ മുന്‍പും പലതവണ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ സ്വാധീനിക്കാന്‍ ശ്രമം നടന്നിരുന്നതായും സുശീല ഭട്ട് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരുന്നു. റവന്യൂ,വനം വകുപ്പുകളില്‍ ഒറ്റക്കേസ് പോലും തോല്‍ക്കാതിരുന്നിട്ടും സര്‍ക്കാരിനു വേണ്ടി ഹൈക്കോടതിയില്‍ പത്തു വര്‍ഷത്തോളമായി ഹാജരായിരുന്ന സുശീല ഭട്ടിനെ മാറ്റിയത് ചര്‍ച്ചയായിരുന്നു. ഹാരിസണ്‍,കരുണ എസ്റ്റേറ്റ് തുടങ്ങിയ സുപ്രധാന കേസുകളില്‍ ഹാജരായിരുന്ന സുശീല ഭട്ടിനെ മാറ്റിയത് ഭൂമികേസുകളില്‍ സര്‍ക്കാരിന് ദോഷം ചെയ്യുമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
1921ല്‍ രൂപീകരിച്ച മലയാളം പ്ലാന്റേഷന്‍ (യുകെ) ലിമിറ്റഡ് ആണ് തങ്ങളുടെ പൂര്‍വ കമ്പനിയെന്നും 1978ല്‍ ഇന്ത്യന്‍ കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത മലയാളം പ്ലാന്റേഷന്‍സ് (ഇന്ത്യ) കമ്പനിക്ക് ആസ്തിവകകള്‍ കൈമാറ്റം ചെയ്തുവെന്നുമാണ ് ഹാരിസണ്‍സ് പറയുന്നത്. മറ്റൊരു ട്രേഡിങ് കമ്പനിയായ ഹാരിസണ്‍സ് ആന്‍ഡ് ക്രോസ്ഫീല്‍ഡ് (ഇന്ത്യ) ലിമിറ്റഡ് (മുന്‍പ് ഇംഗ്ലണ്ടില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനി) മായി ഹൈക്കോടതി അംഗീകാരത്തോടെ മലയാളം പ്ലാന്റേഷന്‍ (ഇന്ത്യ) ലിമിറ്റഡ് ലയിക്കുകയും 1984ല്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് രൂപീകൃതമാവുകയും ചെയ്തുവത്രേ. എന്നാല്‍ 1977ല്‍ രൂപീകൃതമായ മലയാളം പ്ലാന്റേഷന്‍സ് (ഹോള്‍ഡിങ്സ്) ലിമിറ്റഡ് എന്ന ബ്രിട്ടീഷ് കമ്പനിയുടെ ബിനാമി കമ്പിയായാണ് ഹാരിസണ്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഇപ്പോള്‍ രാജമാണിക്യം കണ്ടെത്തിയിക്കുന്നത്.
മലയാളം പ്ലാന്റേഷന്‍സ് (ഹോള്‍ഡിങ്സ്) ലിമിറ്റഡ് എന്ന വിദേശ കമ്പനി 2014ല്‍ ഇംഗ്ലണ്ടില്‍ സമര്‍പ്പിച്ച വാര്‍ഷിക റിട്ടേണ്‍ കണക്കുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ആസ്തികളില്‍ ഹാരിസണിന്റെ കൈവശമുള്ള കേരളത്തിലെ 75,000 ഏക്കര്‍ തോട്ടഭൂമിയും ഉള്‍പ്പെടുന്നു. 1977ല്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയെ നിയന്ത്രിക്കുന്ന മുഖ്യകമ്പനി ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള ചാനല്‍ ഐലന്റ് ദ്വീപില്‍ രജിസ്റ്റര്‍ ചെയ്ത ആമ്പിള്‍ടൗണ്‍ ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ് എന്നതാണ്. ആന്റണി ഗിന്നസ് എന്ന വിദേശിയുടെ നിയന്ത്രണത്തിലാണ് കമ്പനി. മലയാളം പ്ലാന്റേഷന്‍സ് (ഹോള്‍ഡിങ്സ്) ലിമിറ്റഡ് സൂചിപ്പിച്ചിരിക്കുന്ന ആസ്തിവകകളില്‍ കേരളത്തിലെ ഹാരിസണ്‍ ഭൂമിക്കു പുറമെ ഇന്ത്യന്‍ വ്യവസായി സഞ്ജയ് ഗോയങ്ക ഡയറക്ടറായ സെന്റിനെല്‍ ടീ ആന്‍ഡ് എക്സ്‌പോര്‍ട്‌സ് ലിമിറ്റഡിന്റെ ആസ്തികളും പെടുന്നു. മലയാളം പ്ലാന്റേഷന്‍സ് (ഹോള്‍ഡിങ്സ്) എന്ന വിദേശ കമ്പനിയിലെ ഏക ഇന്ത്യന്‍ ഡയറക്ടറായിരുന്ന ഗോയങ്ക ഇപ്പോള്‍ ഡയറക്ടര്‍ ബോര്‍ഡിലുമില്ല. വിദേശകമ്പനികള്‍ക്ക് ഫെറ നിയമപ്രകാരം ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനാവില്ല.