ഫരീദാബാദ്: കുട്ടികള്‍ക്കു നല്‍കുന്ന ഉച്ചഭക്ഷണത്തിലെ അനാസ്ഥയ്ക്കു മറ്റൊരു ഉദാഹരണം കൂടി. ഹരിയാനയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടികള്‍ക്കു നല്‍കിയ ഉച്ചഭക്ഷണത്തില്‍ പാമ്പിന്‍കുഞ്ഞിനെ കണ്ടെത്തി. ഫരീദാബാദിലെ രാജ്കീയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്നലെയാണ് സംഭവം. പാമ്പിനെ കണ്ടെത്തിയ ഉടനെ ഭക്ഷണ വിതരണം നിര്‍ത്തി. എന്നാല്‍ ഇതിനകം കുറച്ചു കുട്ടികള്‍ ഭക്ഷണം കഴിച്ചിരുന്നു. ഈ കുട്ടികളില്‍ ചിലര്‍ക്കു ഛര്‍ദ്ദിലും അനുഭവപ്പെട്ടു.
സ്‌കൂള്‍ പ്രിന്‍സിപ്പാളും ടീച്ചര്‍മാരും ഭക്ഷണം രുചിച്ചുനോക്കുന്നതിനിടെയാണു പാമ്പിനെ കണ്ടത്. ഉടന്‍തന്നെ കുട്ടികളോടു ഭക്ഷണം കഴിക്കുന്നതു നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഭക്ഷണത്തില്‍നിന്ന് സ്ഥിരം പഴകിയ മണം വരുമായിരുന്നുവെന്ന് കുട്ടികള്‍ അറിയിച്ചു. അതിനാല്‍ ഇത്തവണത്തെ മണം കുട്ടികള്‍ കാര്യമാക്കിയില്ല.
അതേസമയം, വിവരം ഉടന്‍തന്നെ ഉന്നത അധികൃതരെയും ഉച്ചഭക്ഷണം എത്തിക്കുന്ന ഇസ്‌കോണ്‍ ഫുഡ് റിലീഫ് ഫൗണ്ടേഷനെയും അറിയിച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഇസ്‌കോണ്‍ ഫൗണ്ടേഷന്‍ ഭക്ഷണം വിതരണം ചെയ്യുന്ന മറ്റു സ്‌കൂളുകളെയും വിവരം അറിയിച്ചിട്ടുണ്ട്.