കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കിട്ടിയിട്ടും 24 മണിക്കൂറിനുള്ളില്‍ ഫലപ്രദമായി നടപടി സ്വീകരിക്കാത്ത സര്‍ക്കാരിലെയും ദുരന്തനിവാരണ അതോറിറ്റിയിലേയും അധികൃതരുടെ ഗുരുതരമായ വീഴ്ചക്കെതിരെ ശിക്ഷണ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ ആവശ്യപ്പെട്ടു.
മുന്‍കരുതല്‍ നടപടി സ്വീകരിച്ചിരുന്നുവെങ്കില്‍ 38 പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു. മന:പൂര്‍വ്വമല്ലാത്ത നരഹത്യാകുറ്റമാണ് ഈ വീഴ്ചയിലൂടെ സംഭവിച്ചത്. ഓഖി ചുഴലിക്കാറ്റിന്റെ പ്രതിസന്ധി നേരിടുന്നതില്‍ സര്‍ക്കാരിനുണ്ടായ ദയനീയപരാജയത്തിന് മുഖ്യമന്ത്രി ജനങ്ങളോട് പരസ്യമായി മാപ്പുപറയണം. മരണപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം. വീടും, മത്സ്യബന്ധനോപകരണങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. കടലില്‍പ്പോയി കാണാതായവരുടെ വ്യക്തമായ കണക്ക് റവന്യൂ അധികൃതര്‍ എത്രയും വേഗം ശേഖരിക്കണം. ചെല്ലാനം ഉള്‍പ്പടെ കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടും മറ്റ് സഹായങ്ങളും അടിയന്തിരമായി നല്‍കണമെന്നും കടല്‍ഭിത്തി നിര്‍മ്മാണത്തിനുണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കണമെന്നും എം.എം.ഹസന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.