മുംബൈ: ഹവാല ഇടപാടുകാരെ ഭീഷണിപ്പെടുത്തി പണം തട്ടിയ മൂന്നു പോലീസ് ഉദ്യോഗസ്ഥരെ മുംബൈ പോലീസ് സസ്‌പെന്‍ഡ് ചെയ്തു. കേസില്‍ എല്‍.ടി. മാര്‍ഗ് സ്‌റ്റേഷനിലെ രണ്ടു പേരെ ക്രൈം ഇന്റലിജന്‍സ് യൂണിറ്റ് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ആദായനികുതി റെയ്ഡ് നടത്തുമെന്ന് ഭീഷണിപ്പെടുത്തി 18 ലക്ഷം രൂപയാണ് ഇവര്‍ കൈപ്പറ്റിയത്.
അസിസ്റ്റന്റ് പോലീസ് ഇന്‍സ്പെക്ടര്‍ നിതിന്‍ കദം, സബ് ഇന്‍സ്പെക്ടര്‍ സമാധാന് ജംദാദെ എന്നിവരാണ് ശനിയാഴ്ച അറസ്റ്റിലായ രണ്ട് ഓഫീസര്‍മാര്‍. സിന്‍ഡിക്കേറ്റ് തലവനെന്ന് കരുതുന്ന മൂന്നാം പ്രതി ഇന്‍സ്പെക്ടര്‍ ഓം വംഗത്തേയ്ക്കായി തെരച്ചില്‍ നടത്തുകയാണ്. എല്‍.ടി. മാര്‍ഗ് സ്റ്റേഷനിലെ ഏതാനും ഉദ്യോഗസ്ഥര്‍ മുംബാദേവി ചൗക്കിയില്‍ അങ്കാഡിയകളെ പിടികൂടി അനധികൃതമായി പണം തട്ടിയെടുക്കുകയാണെന്ന് ഭുലേശ്വറിലെ ‘അംഗാഡിയ’ അസോസിയേഷനിലെ മുതിര്‍ന്ന അംഗങ്ങള്‍ മുംബൈ പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.
ഇതേത്തുടര്‍ന്ന് കമ്മിഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രാഥമിക അന്വേഷണം നടത്തിയ അഡീഷണല്‍ കമ്മിഷണര്‍ (ദക്ഷിണ മേഖല) ഉദ്യോഗസ്ഥര്‍ പോലീസിനുള്ളില്‍ കൊള്ള സംഘം പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ഉദ്യോഗസ്ഥര്‍ക്ക് 15 ലക്ഷം മുതല്‍ 18 ലക്ഷം രൂപ വരെ തട്ടിയെടുത്തതായും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്തതായും അന്വേഷണത്തില്‍ കണ്ടെത്തി.