തിരുവനന്തപുരം:തിരഞ്ഞെടുപ്പിന് വിതരണം ചെയ്യാനെന്ന സംശയം ഉളവാക്കുന്ന വിധത്തില്‍ കേരളത്തിലേക്കു വന്‍തോതില്‍ ഹവാല പണം ഒഴുകുന്ന വിവരങ്ങള്‍ പുറത്തു വന്നു .ഹവാല പണവുമായി ബന്ധപ്പെട്ട് 30 പേരെ ഇതുമായി അറസ്റ്റ് ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം 14 കോടി രൂപ പ്രത്യേക സ്ക്വാഡ് പിടിച്ചെടുത്തതായാണു കണക്കുകള്‍.തൃശൂരില്‍നിന്ന് ഇന്നലെ രണ്ടേ മുക്കാല്‍ കോടി രൂപ ആദായ നികുതി വകുപ്പ് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട റെയ്ഡുകള്‍ ഇന്നും തുടരുകയാണ്. അഞ്ചേരിയില്‍നിന്നാണ് ഇന്നലെ പണം പിടികൂടിയത്. രണ്ടു കാറുകളിലായാണു പണം കൊണ്ടുവന്നത്. പിടിയിലായ രണ്ടു പേരും മലപ്പുറം സ്വദേശികളാണ്. തൃശൂരില്‍നിന്നു മലപ്പുറത്തേക്കു പണം കൊണ്ടുപോവുകയായിരുന്നു.
പാലക്കാട്, മലപ്പുറം ജില്ലകളില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പണം പിടിച്ചത്. തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനാണ് ഈ പണം കേരളത്തിലേക്ക് എത്തുന്നതെന്ന് അന്വേഷണ സംഘങ്ങള്‍ക്കു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. പിടിയിലായവരില്‍ ഏറെയും മലബാര്‍ മേഖലയിലുള്ള യുവാക്കളാണ്. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലേക്കും വ്യാപകമായി പണം എത്തിയിട്ടുണ്ട്.
ആഢംബര കാറുകളില്‍ പ്രത്യേകം തയാറാക്കിയ അറകളിലാണു നോട്ട് കൊണ്ടുവന്നത്. ഇത്തരം പത്തോളം കാറുകള്‍ പിടികൂടിയിട്ടുണ്ട്. സ്വര്‍ണം, ഹാഷിഷ്, വിദേശമദ്യം എന്നിവയും പണത്തോടൊപ്പം പിടികൂടിയിട്ടുണ്ട്. ഇതും തെരഞ്ഞെടുപ്പ് ആവശ്യത്തിലേക്കെന്നാണു സൂചന.ആര്‍ക്കു വേണ്ടിയാണു പണം കൊണ്ടുപോകുന്നത്? എന്ത് ആവശ്യത്തിനുവേണ്ടിയാണ് എന്നതു സംബന്ധിച്ചു പിടിയിലായവര്‍ക്കു കാര്യമായ ധാരണയില്ലെന്നാണ് അന്വേഷണ സംഘത്തില്‍നിന്ന് അറിയുന്നവ വിവരം.