മുംബൈ: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി പാക്-അമേരിക്കന്‍ തീവ്രവാദി ഡേവിഡ് ഹെഡ്‌ലിയെ മാപ്പുസാക്ഷിയാക്കി. മുംബൈ കോടതിയുടേതാണ് നടപടി. ഹെഡ്‌ലി കുറ്റമേറ്റത് മുഖവിലക്കെടുത്താണ് മാപ്പുസാക്ഷിയാക്കാന്‍ കോടതി തീരുമാനിച്ചത്. വീഡിയോ കോണ്‍ഫറന്‌സ് വഴിയാണ് കോടതിയില്‍ ഹെഡ്‌ലി ഹാജരായത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്കയില്‍ 35 വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിക്കുകയാണ് ഹെഡ്‌ലി. ഹെഡ്‌ലിയുടെ അഭ്യര്‍ഥന മുംബൈയിലെ ടാഡ കോടതി ജഡ്‌ജി ജി.എ. സനപ് സ്വീകരിച്ചു. ഇതോടെ മുംബൈ ആക്രമണത്തിലെ പാകിസ്‌താന്‍ കേന്ദ്രീകരിച്ചു നടന്ന ഗൂഢാലോചന സംബന്ധിച്ചു നിര്‍ണായക വിവരം ലഭിക്കുമെന്നാണു സൂചന. അടുത്ത ഫെബ്രുവരി എട്ടിനു കേസ് കോടതി പരിഗണിക്കുമ്പോള്‍ ഹെഡ്‌ലിക്കു സാക്ഷിമൊഴി നല്‍കാനാകും.
“നിയമലംഘനം നടത്തിയതായി ഞാന്‍ സമ്മതിക്കുന്നു. എനിക്ക് കോടതിയില്‍നിന്നു മാപ്പ് ലഭിച്ചാല്‍ സാക്ഷി മൊഴി നല്‍കാം. ” എന്നായിരുന്നു ഹെഡ്‌ലിയുടെ മൊഴി. ഇയാളുടെ വാഗ്‌ദാനം സ്വീകരിക്കുകയാണെന്നു സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികം കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണു ഹെഡ്‌ലിയെ മാപ്പുസാക്ഷിയായി പ്രഖ്യാപിച്ചത്.
കഴിഞ്ഞ മാസം 18 നാണു ഹെഡ്‌ലിയുടെ മൊഴി വീഡിയോ കോണ്‍ഫറന്‍സ് വഴി സ്വീകരിക്കാന്‍ കോടതി തീരുമാനിച്ചത്. 2008 നവംബര്‍ 26 നു പാക് ഭീകരര്‍ നടത്തിയ മുംബൈ ആക്രമണത്തില്‍ 164 പേരാണു കൊല്ലപ്പെട്ടത്. പാക് പൗരനായ ഹെഡ്‌ലി 2009 ഒക്‌ടോബറിലാണു ഷിക്കാഗോയില്‍വച്ച് അറസ്‌റ്റിലായത്