നമ്മിൽ പലരും ഒമ്പത് മണിക്കൂർ ക്ലോക്കിൽ ജോലിചെയ്യുന്നവരാണ്. അതിൽ 90 ശതമാനം പേരും കമ്പ്യൂട്ടറിന് മുന്നിലോ കൂനകൂടി കിടക്കുന്ന ഓഫീസ് ഫയലുകൾക്ക് മുന്നിലിരുന്നോ ആണ് ജോലിചെയ്യുന്നത്. ഈ ഒമ്പത് മണിക്കൂറിൽ സ്വന്തം സീറ്റിൽ നിന്നും എഴുനേൽക്കുന്നത് ഉച്ച ഭക്ഷണത്തിന് മാത്രം. ഇപ്പോൾ മിക്ക ഓഫീസുകളിലും ചക്രങ്ങൾ ഉള്ള കസേരയും, ഡെസ്‌കിൽ തന്നെ ഫോണും, ഫയലുകൾ കൈമാറാൻ പ്യൂണോ അറ്റൻഡറോ ഉള്ളതും കൊണ്ട് രാവിലെ ഇരുന്നാൽ പിന്നെ എഴുനേൽക്കുന്ന് വീട്ടിൽ പോകാൻ വേണ്ടി മാത്രം. ഈ ജിവിതചര്യയുടെ ഭാഗമാണ് നിങ്ങളെങ്കിൽ ഓർക്കുക വൻ അപകടമാണ് നിങ്ങളെ കാത്തിരിക്കുന്നത്. നിങ്ങളുടെ ഹൃദയാരോഗ്യത്തെ അപകടത്തിലാക്കാൻ ഈ ജീവിതചര്യ ധാരാളം.
ഓരോ അര മണിക്കൂർ കൂടുമ്പോഴും എഴുന്നേറ്റു രണ്ട് മിനിറ്റ് നടക്കുന്നത് ശരീരത്തിലെ ഫാറ്റി ആസിഡിൻറെ അളവ് കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഇങ്ങനെ കൂടുതൽ നേരം ഇരിക്കുന്നവർക്ക് ഹൃദയസംബന്ധിയായ രോഗങ്ങൾ ഉണ്ടാവാനും അതുവഴി മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. ഇടയ്ക്കിടയ്ക്ക് എഴുന്നേറ്റു നടക്കുന്നതും അരമണിക്കൂർ തുടർച്ചയായി വ്യായാമം ചെയ്യുന്നതുമെല്ലാം ദഹനപ്രക്രിയ സുഗമമാക്കുകയും അതുവഴി ആരോഗ്യം നിലനിർത്തുകയും ചെയ്യുമെന്ന് ജേണൽ ഓഫ് ക്ലിനിക്കൽ ലിപ്പിഡോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. അരമണിക്കൂർ കൂടുമ്പോൾ രണ്ട് മിനിറ്റ് നടക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ്, ഇൻസുലിൻ എന്നിവയുടെ അളവ് ക്രമീകരിക്കും എന്നും ഈ പഠനം പറയുന്നു.