കൊച്ചി:ജിതേഷ് സാന്‍ജോസിന്റെ ഹൃദയവുമായി ജീവിതത്തിലേക്ക് .അപകടത്തില്‍പ്പെട്ട് മസ്തിഷ്കമരണം സംഭവിച്ച ചങ്ങനാശേരി സ്വദേശി സാന്‍ജോസ് ജോസഫി(20)ന്റെ ഹൃദയം ഇനി ജിതേഷില്‍ മിടിക്കും .ഗുരുതരമായി ഹൃദ്രോഗം ബാധിച്ച് എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തൃപ്പൂണിത്തുറ സ്വദേശി ജിതേഷി(32)ന്റെ ഹൃദയമാണ് ജിതേഷിന് വച്ചുപിടിപ്പിച്ചത്. തിങ്കളാഴ്ച ജിതേഷിന്റെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയമായിരുന്നെന്ന ആശുപത്രി അധികൃതര്‍ അറിയിച്ചു.
കാര്‍ഡിയോ മയോപ്പതി രോഗബാധിതനായ ജിതേഷ് ഏറെ നാളായി ചികിത്സയിലായിരുന്നു. ജിതേഷിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ഹൃദയം മാറ്റിവയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു. തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ ജിതേഷിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് ഹൃദയത്തിനായുള്ള അന്വേഷണത്തിലായിരുന്നു. കഴിഞ്ഞ 13 ദിവസമായി സെന്‍ട്രിമാഗ് ബൈവാള്‍ എന്ന ഉപകരണം വച്ചായിരുന്നു ജിതേഷിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. സംസ്‌ഥാന സര്‍ക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ കെഎന്‍ഒഎസ് (മൃതസഞ്ജീവനി) വഴി തമിഴ്നാട്ടില്‍ നിന്നും ജിതേഷിനായി ഹൃദയം എത്തിക്കുവാനുള്ള ശ്രമം കഴിഞ്ഞയാഴ്ച അവസാന നിമിഷം ഉപേക്ഷിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ജിതേഷിന്റെ ജീവന്‍ നിലനിര്‍ത്താനായി ഏകദേശം 70 ലക്ഷത്തോളം രൂപ മുടക്കി വിദേശത്തു നിന്നും ലെഫ്റ്റ് വെന്‍ട്രിക്കുലാര്‍ അസിസ്റ്റ് ഡിവൈസ് എത്തിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഈയൊരു വലിയതുക കണ്ടെത്താന്‍ നെട്ടോട്ടമോടുമ്പോഴാണ് സര്‍ക്കാരിന്റെ മൃതസജ്‌ഞീവനി പദ്ധതി വീണ്ടും തുണയായത്.
ആറാം തീയതി വൈകുന്നേരം ഏഴിന് ചങ്ങനാശേരി സ്വദേശി സാന്‍ജോസ് ഓടിച്ചിരുന്ന ബൈക്ക് ട്രക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടാകുകയായിരുന്നു. ഉടന്‍ തന്നെ സാന്‍ജോസിനെ പെരുന്ന എന്‍എസ്എസ് ആശുപത്രിയിലും പിന്നീട് പുഷ്പഗിരി മെഡിക്കല്‍ കോളജിലും എത്തിച്ചു. മാരകമായി പരിക്കേറ്റ സാന്‍ജോസിന്റെ മസ്തിഷ്കമരണം തിങ്കളാഴ്ച പുലര്‍ച്ചയോടെ സ്‌ഥിരീകരിച്ചു. ന്യൂറോളജിസ്റ്റിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അംഗീകരിച്ച നാലംഗ ഡോക്ടര്‍മാരുടെ വിദഗ്ധസംഘം ആറുമണിക്കൂറിടവിട്ട് രണ്ടു തവണ മസ്തിഷ്ക മരണം സ്‌ഥിരീകരിച്ചിരുന്നു. അവയവദാനത്തിന് സാന്‍ജോസിന്റെ കുടുംബാംഗങ്ങള്‍ തയാറായതിനെത്തുടര്‍ന്ന് പുഷ്പഗിരിയിലെ ഡോക്ടര്‍മാര്‍ മൃതസഞ്ജീവനിയില്‍ ഇക്കാര്യം അറിയിച്ചു. ഉടന്‍ തന്നെ മൃതസഞ്ജീവനിയില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ നിന്നും സാന്‍ജോസിന്റെ അവയവങ്ങള്‍ ചേര്‍ച്ചയായവരെ കണ്ടെത്തുകയായിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ 5.45 ഓടെ സാന്‍ജോസിന്റെ ഹൃദയവുമായി പുഷ്പഗിരിയില്‍ നിന്ന് പുറപ്പെട്ടു. 120 കിലോമീറ്റര്‍ ദൂരം ഒരു മണിക്കൂര്‍ 10 മിനിറ്റുകൊണ്ട് പിന്നിട്ട് 6.55ന് ലിസി ആശുപത്രിയിലെത്തിച്ചു. രാവിലെ ഏഴിന് തന്നെ ഹൃദയമാറ്റ ശസ്ത്രക്രിയ ആരംഭിച്ചു. നാലുമണിക്കൂറിനു ശേഷം ജിതേഷില്‍ സാന്‍ജോസിന്റെ ഹൃദയം സ്പന്ദിച്ചു തുടങ്ങി. തുടര്‍ന്ന് മൂന്നോടെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി ജിതേഷിനെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. നാലു മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയ അതിസങ്കീര്‍ണമായിരുന്നു. 48 മണിക്കൂറിന് ശേഷം മാത്രമെ ജിതേഷിന്റെ ആരോഗ്യനില സംബന്ധിച്ച് വ്യക്‌തമായ വിവരങ്ങള്‍ പറയാന്‍ കഴിയൂ എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ശസ്ത്രക്രിയയ്ക്ക് ഡോ. ജോസ് ചാക്കോ പെരിയപ്പുറം നേതൃത്വം നല്‍കി.
ചങ്ങനാശേരി മാമ്പഴക്കരി സ്വദേശികളായ സണ്ണി, മിനി ദമ്പതികളുടെ മകനാണ് മസ്തിഷ്ക മരണം സംഭവിച്ച സാന്‍ജോസ്. രണ്ടു സഹോദരങ്ങളുണ്ട്. മരിച്ച സാന്‍ജോസിന്റെ കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗിക്കും ഇരുവൃക്കകളും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും നേത്രപടലം അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ നേത്ര ബാങ്കിനും നല്‍കി.