തിരുവനന്തപുരം: കൊടും ചൂടില്‍ വെന്തുരുകുന്ന സംസ്ഥാനത്ത് ഇന്നലെ താപനില 40 ഡിഗ്രി കടന്നു. ഈ നില മൂന്ന് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തൃശൂര്‍ ജില്ലയിലെ വെള്ളാനിക്കരയില്‍ 40.4 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇന്നും ഇതേ നില തുടര്‍ന്നേക്കും. ജാഗ്രതപാലിക്കാന്‍ ആരോഗ്യവകുപ്പും മുന്നറിയിപ്പ് നല്‍കി.
പാലക്കാട്ടെ താപനില വീണ്ടും 41 ഡിഗ്രി സെല്‍ഷ്യസിലെത്തി. തിങ്കളാഴ്ച മുണ്ടൂര്‍ ഐ.ആര്‍.ടി.സി.യിലാണ് ഈ താപനില രേഖപ്പെടുത്തിയത്. ഞായറാഴ്ച ഇത് 40 ഡിഗ്രിയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 15-നും മുണ്ടൂരിലെ താപനില 41 ഡിഗ്രി കടന്നിരുന്നു.
തിങ്കളാഴ്ച കോട്ടയത്ത് താപനില ശരാശരിയില്‍നിന്ന് 3.2 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നു. ആലപ്പുഴയില്‍ മൂന്നുഡിഗ്രിയും കണ്ണൂരില്‍ 2.3 ഡിഗ്രിയും കോഴിക്കോട്ട് 2.5 ഡിഗ്രിയും ഉയര്‍ന്നു. സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാല്‍ തൊഴില്‍വകുപ്പിന്റെ ജോലി പുനഃക്രമീകരണം ഏപ്രില്‍ 30 വരെ നീട്ടി.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന അഞ്ച് ജില്ലകളില്‍ ഒന്നായി ആലപ്പുഴ. കടലും കായലുകളും ഉള്‍പ്പടെ ജലസാമീപ്യമേറെയുണ്ടായിട്ടും ആലപ്പുഴ ചൂടില്‍ വലയുന്നു. ജലാശയങ്ങളുടെ നാടായ കുട്ടനാട് പൊള്ളുകയാണ്. രാത്രിയിലെ താപനിലയും ഉയര്‍ന്നുതന്നെ.
ജാഗ്രതവേണം
ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ചൊവ്വാഴ്ച ശരാശരിയില്‍നിന്ന് മൂന്നുമുതല്‍ നാലു ഡിഗ്രിവരെ ചൂടുകൂടാനിടയുണ്ട്. 27-നും 28-നും മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് വര്‍ധിക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 28 വരെ മൂന്നുഡിഗ്രിവരെ ചൂട് വര്‍ധിക്കും.
39 പേര്‍ക്ക് സൂര്യതാപമേറ്റു
സംസ്ഥാനത്ത് പലഭാഗത്തായി തിങ്കളാഴ്ച 39 പേര്‍ക്ക് സൂര്യതാപമേറ്റു. കൊല്ലത്തും ആലപ്പുഴയിലും പാലക്കാടും ആറുപേര്‍ക്കുവീതം പൊള്ളലേറ്റു. പത്തനംതിട്ട-അഞ്ച്, കണ്ണൂര്‍, എറണാകുളം-നാല്, കോഴിക്കോട്-മൂന്ന്, മലപ്പുറം, കാസര്‍കോട്ട്-രണ്ട്, തൃശ്ശൂര്‍-ഒന്ന് പേര്‍ക്കുവീതവും പൊള്ളലേറ്റു.