ചെന്നൈ :പിഞ്ചുകുഞ്ഞടക്കം മുങ്ങിക്കൊണ്ടിരിക്കുകയാണ്,ചെന്നൈയിലെ വീട്ടില്‍നിന്ന് ഫേസ്ബുക്കിലൂടെ മലയാളിയുടെ സഹായാഭ്യര്‍ത്ഥന. ആരെങ്കിലും രക്ഷിക്കുമോ? അക്ഷരാ ര്‍ത്ഥത്തിള്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഒമ്പതു മാസം പ്രായമായ ഒരു കുഞ്ഞുമുണ്ട് ഒപ്പം. വെള്ളം ഒന്നാം നിലയിള്‍ എത്തിക്കഴിഞ്ഞു. ദയവ് ചെയ്ത് ആരെങ്കിലും ഒരു ബോട്ട് അയക്കുമോ?ചെന്നൈയിലെ പ്രളയത്തില്‍ അകപ്പെട്ട സുരേഷ് കുമാര്‍ എന്ന മലയാളിയുടേതാണ് ഈ അഭ്യര്‍ത്ഥന. ഫേസ്ബുക്കിലാണ് സുരേഷ് കുമാറിന്റെ അഭ്യര്‍ത്ഥന പ്രത്യക്ഷപ്പെട്ടത്. ഒപ്പം ഒരു ഫോണ് നമ്പറുമുണ്ട്.
പോസ്റ്റ് ചെയ്യപ്പെട്ട് വൈകാതെ ഇത് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. അതില്‍ ചിലര്‍ സഹായ വാഗദാനം നല്‍കുകയും ചെയ്തു. ചെന്നൈയിലെ സുഹൃത്തുക്കള്‍ക്ക് ഈ നമ്പറ് അയച്ചു കൊടുത്തതായും അടിയന്തിരമായി വേണ്ടത് ചെയ്യാമെന്ന് അറിയിച്ചതായും ഇതില്‍ ഒരു കമന്റില്‍ പറയുന്നു. ഹെലികോപ്റ്റര്‍ രക്ഷാ ടീമിന്റെ ഫോണ്‍ നമ്പറും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.സുരേഷ് കുമാറിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണ്.
തമിഴ്‌നാട്ടില്‍ മഴ തുടരുന്നു. ചെന്നൈ ഒറ്റപ്പെട്ടു, രക്ഷപ്രവര്‍ത്തനത്തിന് സൈന്യമിറങ്ങി.ആഴച്ചകള്‍ക്കിടെ ഇതു രണ്ടാം തവണയാണ് ചെന്നൈ വെള്ളത്തിനടിയിലാവുന്നത്. കഴിഞ്ഞ രാത്രിയും ദുരിതം വിതച്ച് കനത്ത മഴ തുടര്‍ന്നതോടെ ചില ജലസംഭരണികള്‍ തകര്‍ന്നത് മറ്റു സംഭരണികളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിടാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കി. ഇതോടെ അടയാര്‍ നദി കരകവിഞ്ഞൊഴുകി. തുടര്‍ന്ന് നഗരം അക്ഷരാര്‍ത്ഥത്തില്‍ വെള്ളത്തിനടിയിലായി.
അടയാറില്‍ വെള്ളം ക്രമാതീതമായി ഉയര്‍ന്നതോടെ സെയ്ദാപേട്ടില്‍ നദിക്കു കുറുകയെുള്ള പ്രധാന പാലം അടച്ചു. മൂന്നു ദിവസങ്ങള്‍ കൂടെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ വിലയിരുത്തല്‍.റണവേ വെള്ളത്തിനടയിലായതോടെ ചൊവ്വാഴ്ച്ച മുതല്‍ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. വ്യാഴാഴ്ച്ച ആറു മണിവരെയെങ്കിലും വിമാനങ്ങള്‍ക്ക് ഇവിടെയിറങ്ങാനോ പറന്നുയരാനോ കഴിയില്ലെന്നാണ് അറിയുന്നത്. ചെന്നൈയില്‍ ഇന്നലെ ഇറങ്ങേണ്ടയിരുന്ന മിക്ക വിമാനങ്ങളും ബംഗളൂരുവിലോ ഹൈദരാബാദിലോ ആണ് ഇറങ്ങിയത്.
താമ്പരത്തുള്ള എയര്‍ഫോഴ്‌സ് സ്‌റ്റേഷനും ആരക്കോണത്തെ നേവി എയര്‍ഫീല്‍ഡും വെള്ളം കയറി സമാന സ്ഥിതിയിലാണ്. ഇതോടെ വ്യോമഗതാഗതത്തിന് ചെന്നൈ 150 കിലോമീറ്റര്‍ അകലെ തിരുപതിയിലുള്ള വിമാനത്താവളത്തെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. തീവണി ഗതാഗതത്തെയും വെള്ളപൊക്കം സാരമായി ബാധിച്ചു. തീവണ്ടികളില്‍ മിക്കവയും റദ്ദാക്കുകയോ റീഷെഡ്യൂള്‍ ചെയ്യുകയൊ ചെയ്തിട്ടുണ്ട്. ചെന്നൈയില്‍ നിന്ന് കേരളത്തിലേക്കുള്ള 12 ട്രെയിനുകള്‍ റദ്ദാക്കി. ഇന്നലെ രാത്രി ചെന്നൈ എഗ്മോറില്‍ നിന്ന് മംഗലാപുരത്തേക്ക് പുറപ്പെടേണ്ട എക്‌സ്പ്രസും(16859) റദ്ദാക്കി. ചെന്നൈ ബീച്ച് താംബരം ചെങ്കല്‍പ്പേട്ട് റൂട്ടുകളിലെ സബര്‍ബന്‍ സര്‍വീസുകളും 12 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഇന്ന് റദ്ദാക്കിയ തീവണ്ടികള്‍
ചെന്നൈ സെന്‍ട്രല്‍ വിജയവാഡ ജനശതാബ്ദി എക്‌സ്പ്രസ്(12077)
ചെന്നൈ സെന്‍ട്രല്‍ ഹൗറ കോറമാന്‍ഡല്‍ എക്‌സ്പ്രസ്(12642)
ചെന്നൈ സെന്‍ട്രല്‍ അഹമ്മദബാദ് നവജീവന്‍ എക്‌സ്പ്രസ്(12656)
ചെന്നൈ സെന്‍ട്രല്‍ ന്യൂജയ്പാല്‍ഗുഡി എക്‌സ്പ്രസ്(22611)
പുതുച്ചേരി ന്യൂഡല്‍ഹി എക്‌സ്പ്രസ്(22403)
തിരുച്ചിറപ്പള്ളി ചെന്നൈ എഗ്മോര്‍ ചോളന്‍ എക്‌സ്പ്രസ്(16854)
രാവിലെ 7.40ന് എഗ്മോറില്‍ നിന്ന് പുറപ്പെടേണ്ട ചെന്നൈ എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ്(16127) മൂന്നു മണിക്കൂര്‍ വൈകി രാവിലെ 11 മണിക്കെ പുറപ്പെടുമെന്ന് റെയില്‍വെ ആദ്യം അറിയിച്ചെങ്കിലും പിന്നീട് ഈ തീവണ്ടി റദ്ദാക്കി.ചെന്നൈ വഴിവരുന്ന ധന്‍ബാദ്ആലപ്പുഴ എക്‌സ്പ്രസ് നാല് മണിക്കൂര്‍ വൈകിയാണ് ഓടുന്നത്.
റോഡ് ഗതാഗതത്തെയും മഴ ബാധിച്ചു. ചെന്നൈയിലേക്കുള്ള പല പ്രധാന പാതകളും അടച്ചിട്ടിരിക്കുകയാണ്. എ്ല്ലാ വിധ ഗതാഗത സംവിധാനങ്ങളും നിശ്ചലമായതോടെ ഒരുപാട് യാത്രക്കാര്‍ നഗരത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ദുരിതനിവാരണത്തിനായി ദുരിതനിവാരണ സേനയെയും സൈന്യത്തെയും നേവിയെയും ചെന്നൈയില്‍ നിയോഗിച്ചിട്ടുണ്ട്. വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളില്‍ കുടുങ്ങിക്കുടക്കുന്നവരെ ഇവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇന്നലെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത സാഹചര്യം നേരിടുന്നതിനായി കേന്ദ്രസഹായം അഭ്യര്‍ത്ഥിച്ചത്. ചെന്നൈയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്നലെ ഡല്‍ഹിയില്‍ അടിയന്തര യോഗം ചേര്‍ന്നു. കഴിയാവുന്ന എല്ലാ സഹായവും ഉറപ്പു തരുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി ജയലളിതയെ അറിയിച്ചു.
അപകടങ്ങള്‍ തടയുന്നതിനായി നഗരത്തിന്റെ പലഭാഗങ്ങളിലേക്കുമുള്ള വൈദ്യുതി ബന്ധവും വിച്ഛേദിച്ചതോടെ നഗരം ഇരുട്ടിലുമായി. പലര്‍ക്കും പുറത്തു നിന്നുള്ള വിവരങ്ങള്‍ അറിയാന്‍ ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും മാത്രമാണ് ആശ്രയം. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന കലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് കണക്കാക്കുമ്പോള്‍ ജനജീവിതം കൂടുതല്‍ ദുസഹമാവാനാണ് സാധ്യത. തമിഴകത്ത് സാധാരണ ഗതിയില്‍ ഒരു വര്‍ഷം പെയ്യുന്നത് 945 മില്ലീമീറ്റര്‍ മഴയാണ്. ഇതിന്റെ 48 ശതമാനവും വടക്ക് കിഴക്കന്‍ കാലവര്‍ഷമായ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് ലഭിക്കാറുള്ളത്.
ചൊവ്വാഴ്ച രാവിലെ അഞ്ച് സെന്റിമീറ്റര്‍ മഴയാണ് ചെന്നൈയില്‍ പെയ്തത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടിട്ടുള്ള ന്യൂനമര്‍ദമാണ് കനത്ത മഴയ്ക്ക് കാരണം.
ചെന്നൈയിലെ നാല് പ്രധാന ജലസംഭരണികളായ ചെമ്പരമ്പാക്കം, പൂണ്ടി, റെഡ്ഹില്‍സ്, ചോഴാവരം എന്നിവ നിറഞ്ഞുകഴിഞ്ഞു. ഇവയില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുക്കുന്നതിനാല്‍ കൈവഴികളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.