കോട്ടയം: മുണ്ടക്കയത്തുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. പ്രദേശവാസിയായ ഷാലറ്റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. എന്നാൽ, ഉരുൾപൊട്ടലിൽ കാണാതായ 13 പേരിൽ ഇയാൾ ഉൾപ്പെട്ടിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഇതിനിടെ ദുരിതത്തിന്റെ വ്യാപ്തി കുറയ്ക്കാൻ ജാഗ്രതാ നിർദേശം സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും നൽകിയിട്ടുണ്ട്. മന്ത്രി കെ.രാജൻ, മന്ത്രി വി.എൻ വാസവൻ, മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.
ഇതിനിടെ, സംസ്ഥാനത്ത് മഴ കുറഞ്ഞത് ആശ്വാസം നൽകുന്നു എന്ന് റവന്യൂ മന്ത്രി കെ രാജൻ മാധ്യമങ്ങളോട് പറഞ്ഞു. നാട്ടകം ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കലിലും കൊക്കയാറിലും ദുരിതാശ്വാസ പ്രവർത്തനം തുടങ്ങി. എൻഡിആർഎഫിന്റെ രണ്ടാമത്തെ സംഘവും കൊക്കയാർ എത്തിയിട്ടുണ്ട്. നടന്നുപോയി ആണെങ്കിലും രണ്ടിടവും സന്ദർശിച്ച് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുമെന്നും റവന്യുമന്ത്രി പറഞ്ഞു.
ഇന്നലെ രാത്രിയിലെ ആശങ്കക്ക് വലിയ കുറവുണ്ട്. ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം ഇപ്പോഴില്ല. ഡാമുകൾ തുറക്കേണ്ടിവരും എന്ന ഭീതി അനാവശ്യമായി പ്രചരിപ്പിക്കുന്നതാണ്. നിലവിൽ എല്ലാം നിയന്ത്രണവിധേയമാണ്. ഇന്നലത്തേതിലും കൂടുതലായി ആശങ്ക ഒന്നും ഇപ്പോൾ ആവശ്യമില്ല. വള്ളപ്പൊക്കത്തിനുള്ള സാധ്യത നിലവിലില്ല. വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാധ്യതയുള്ള മുഴുവൻ പ്രദേശങ്ങളും നിരീക്ഷിച്ചുവരികയാണ്. ആളുകൾ ജാഗ്രത പാലിക്കണം. മലയോര മേഖലയിലേക്കുള്ള യാത്ര എല്ലാവരും ഒഴിവാക്കണം. മഴ വല്ലാതെ കൂടുന്നില്ല എന്നാണ് നിലവിൽ ലഭിച്ച റിപ്പോർട്ടുകൾ അടിസ്ഥാനമാക്കി പറയാനാവുക എന്നും മന്ത്രി വ്യക്തമാക്കി.