തിരുവനന്തപുരം: പ്രമുഖ റിയല്‍എസ്റ്റേറ്റ് കമ്പനിയായ ഹീര കടുത്ത പ്രതിസന്ധിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. സാമ്പത്തീക ബാധ്യതയില്‍ കുടുങ്ങിയ കമ്പനിയുടെ സ്വത്തുക്കള്‍ ബാങ്കുകള്‍ കയ്യടിക്കിയതോടെയാണ് ഹിരയുടെ പ്രതിസന്ധി പുറം ലോകം അറിയുന്നത്. ഹീരയുടെ 4 സ്ഥലങ്ങളാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് കൈവശപ്പെടുത്തിയത്. ലോണ്‍ തിരിച്ചടവ് മുടങ്ങിയത് കാരണമാണ് കൈവശപ്പെടുത്തല്‍.
ഹീരയിലെ ബാങ്കിന്റെ ഏറ്റെടുക്കല്‍ വ്യക്തമാക്കി ബാങ്ക് പത്രപ്പരസ്യവും നല്‍കി. മാതൃഭൂമി ദിനപത്രത്തില്‍ ഒക്ടോബര്‍ 26 നാണു പരസ്യം നല്‍കിയത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പാല്‍ക്കളങ്ങര ശാഖയില്‍ നിന്നാണ് ഹീര ലോണ്‍ എടുത്തത്. 2 ലോണുകളിലായി 30 കോടി രൂപയാണ് എടുത്തത്. ലോണ്‍ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് ഹീരയ്ക്ക് നോട്ടീസ് അയച്ചു. ലോണ്‍ തുക 60 ദിവസത്തിനകം തിരിച്ചടയ്ക്കണമെന്നായിരുന്നു ഡിമാന്റ് നോട്ടീസിലെ ആവശ്യം. എന്നാല്‍ ഹീര തുക തിരിച്ചടച്ചില്ല. ഇതോടെയാണ് ബാങ്ക് വസ്തുക്കള്‍ കൈവശപ്പെടുത്തിയത്.
ഹീരാ എഡ്യൂക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള നെടുമങ്ങാട് താലൂക്കിലെ 2 സ്ഥലങ്ങള്‍, ഹീരാ ഗ്രൂപ്പിന്റെ ഉടമ ഹീരാ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 2 സ്ഥലങ്ങള്‍ എന്നിവ ജപ്തി ചെയ്തവയില്‍പ്പെടുന്നു. നെടുമങ്ങാട് താലൂക്കിലെ പനവൂര്‍ വില്ലേജിലാണ് സ്ഥലങ്ങള്‍. ഹീര ലൈഫ് സ്റ്റൈല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരില്‍ കവടിയാറിലുള്ള സ്ഥലവും ബാങ്ക് കൈവശപ്പെടുത്തി. 14 കോടി 11 ലക്ഷം രൂപയുടെ ഒരു ലോണും 16 കോടി 2 ലക്ഷം രൂപയുടെ മറ്റൊരു ലോണുമാണ് ഹീരാ ബാങ്കില്‍ നിന്ന് എടുത്തിരിക്കുന്നത്.