ദിവസവും അഞ്ച് എനര്‍ജി ഡ്രിങ്കുവീതം കുടിച്ച 50-കാരനെ ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ ദിവസേന അഞ്ച് എനര്‍ജി ഡ്രിങ്ക് വീതം മൂന്നാഴ്ചയോളമാണ് കഴിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
അടിവയറ്റില്‍ വേദനയും ഛര്‍ദിയും മറ്റും വന്നതിനെത്തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂത്രത്തിന്റെ നിറം മാറിയതും മഞ്ഞപ്പിത്തം പിടികൂടിയതും എനര്‍ജി ഡ്രിങ്കിന്റെ അമിതോപയോഗം മൂലമാണെന്ന് ഡോക്ടര്‍മാര്‍ കരുതുന്നു. അമേരിക്കയില്‍ ഇത്തരത്തില്‍ മഞ്ഞപ്പിത്തം പിടിക്കുന്ന രണ്ടാമത്തെയാളാണ് ഇതെന്നാണ് കരുതുന്നത്. എനര്‍ജി ഡ്രിങ്കല്ലാതെ, മദ്യമോ പുകയിലയോ മറ്റെന്തെങ്കിലും മയക്കുമരുന്നോ ഇള്‍ ഉപയോഗിച്ചിരുന്നില്ല.
യൂണിവേഴ്സിറ്റി ഓഫ് ഫ്ളോറിഡ ആശുപത്രിയില്‍ ചികിത്സയിലാണ് ഇയാള്‍ ഇപ്പോള്‍. അമിതമായ തോതില്‍ വൈറ്റമിന്‍ ബി3 ഉള്ളില്‍ച്ചെന്നതാണ് ഇയാള്‍ക്ക് മഞ്ഞപ്പിത്തം വരാനിടയാക്കിയതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വൈറ്റമിന്റെ അളവ് കൂടുന്നത് കരളിനെയാണ് ഗുരുതരമായി ബാധിക്കുക. എനര്‍ജി ഡ്രിങ്കില്‍ വൈറ്റമിനുകള്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുണ്ട്. ബി12, ബി9, ബി3 എന്നിവയാണ് ഇതിലേറെയും ഉള്ളത്.
ദിവസേന ഇത്രയധികം എനര്‍ജി ഡ്രിങ്കുകള്‍ കഴിച്ചതാണ് ഇയാള്‍ക്ക് ഹെപ്പറ്റൈറ്റിസ് ബാധിക്കാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അമിതമായ തോതില്‍ വൈറ്റമിനുകള്‍ ഉള്ളിലെത്തിയതോടെ അത് കരളിനെ ഗുരുതരമായി ബാധിക്കുകയായിരുന്നു. എനര്‍ജി ഡ്രിങ്കുകള്‍ അമിതമായി ഉപയോഗിക്കുന്നതിന്റെ ദൂഷ്യഫലങ്ങള്‍ ജനങ്ങളെ അറിയിക്കേണ്ടതാണെന്നും ഫ്ളോറിയ യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഡോ. ജെന്നിഫര്‍ ഹര്‍ബ് പറഞ്ഞു.