
മുംബൈ :ഒഎൻജിസി ജീവനക്കാരുമായി കടലിൽ കാണാതായ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. മൂന്ന് മൃതദേഹങ്ങളും കടലിൽനിന്ന് കണ്ടെത്തിയതായി കോസ്റ്റ് ഗാർഡ് അറിയിച്ചു. രണ്ടു മലയാളികൾ ഉൾപ്പെടെ ഏഴു പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. തീരസംരക്ഷസേന നടത്തിയ തിരച്ചിലിൽ നാലു മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തകർന്ന ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി.ഒഎൻജിസി പ്രൊഡക്ഷൻ വിഭാഗത്തിൽ ഡപ്യൂട്ടി ജനറൽ മാനേജർമാരായ വി.കെ. ബാബു, ജോസ് ആന്റണി എന്നിവരാണു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മലയാളികൾ. പി. ശ്രീനിവാസൻ എന്നയാളും മലയാളിയാണെന്ന് അറിയുന്നു. ഗുജറാത്ത് അതിർത്തിയോടടുത്ത് ഡഹാണുവിനു സമീപമായിരുന്നു അപകടം.
തീരത്തുനിന്ന് 30 നോട്ടിക്കൽ മൈൽ അകലെവച്ച് ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമായെന്ന് എയർ ട്രാഫിക് കൺട്രോൾ (എടിസി) അറിയിച്ചു. രാവിലെ 10.20ന് ജൂഹുവിലെ ഹെലിപാഡിൽനിന്നാണ് ഹെലികോപ്റ്റർ പറന്നുയർന്നത്. 10.58ന് ഒഎൻജിസിയുടെ നോർത്ത് ഫീൽഡിൽ എത്തിച്ചേരേണ്ട ഹെലികോപ്റ്ററായിരുന്നു. എന്നാൽ പറന്നുയർന്നതിനു പിന്നാലെ 10.35 ഓടെ ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമായെന്ന് എടിസി അറിയിച്ചു.പവൻ ഹാൻസ് വിഭാഗത്തിൽപ്പെട്ട ഹെലികോപ്റ്ററാണ് തകർന്നുവീണത്. ഏഴുവർഷം പഴക്കമുള്ള വിടിപിഡബ്ല്യുഎ ഡൗഫിൻ എഎസ് 365 എൻ3 ഹെലിക്കോപ്റ്ററായിരുന്നു അത്.