സൗജന്യ വിതരണത്തിനെത്തിച്ച ഹീമോഫീലിയ മരുന്നുകള്‍ കാലാവധി കഴിഞ്ഞവ; ഇന്ത്യ ഇറക്കുമതി ചെയ്‌തത്‌ എണ്‍പത്‌ കോടിയുടെ മരുന്നുകള്‍

ഹീമോഫീലിയ രോഗികൾക്കായി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത അ‍ഞ്ചു കോടി രൂപയുടെ ഫാക്ടർ 8, 9 മരുന്നുകളിൽ ഭൂരിഭാഗവും കാലാവധി പിന്നിട്ടതെന്നു സൂചന. വിദേശത്തെ നിയമാവലിപ്രകാരം നിർമാതാക്കൾ തന്നെ കാലാവധി തീരുന്നതിനു മൂന്നു മാസം മുൻപു വിപണിയിൽനിന്നു പിൻവലിച്ച മരുന്നുകളാണ് ഇന്ത്യയിൽ സൗജന്യ വിതരണത്തിന് എത്തിച്ചത്. ഹീമോഫീലിയ രോഗികളുടെ സ്ഥിതി ഗുരുതരമാക്കുകയും മറ്റു മരുന്നുകളോടു ശരീരം പ്രതികരിക്കാത്ത നിലയിലാക്കുകയും ചെയ്യും ഇവയെന്ന് വിദഗ്ധർ പറയുന്നു. ഇന്ത്യയിൽ റജിസ്റ്റർ ചെയ്യാത്ത കമ്പനികളുടെ 80 കോടി രൂപയുടെ മരുന്നുകളാണു രണ്ടു മാസം മുൻപു ഇറക്കുമതി ചെയ്തത്. ഇതിൽ അഞ്ചു കോടി രൂപയുടെ മരുന്നു കേരളത്തിലെത്തിച്ചു. കഴിഞ്ഞ ജനുവരിയിൽ കാലാവധി കഴിഞ്ഞതായി ചില പായ്ക്കറ്റുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വരുന്ന നവംബറിൽ കാലാവധി കഴിയുന്നവയുമുണ്ട്. ഭൂരിഭാഗം പായ്ക്കറ്റുകളിലും കാലാവധി തീർന്ന മരുന്നുകൾ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുണ്ടെങ്കിലും എന്നാണു കാലാവധി അവസാനിക്കുകയെന്നു രേഖപ്പെടുത്തിയിട്ടില്ല. സ്വകാര്യ മേഖലയിലൂടെയാണ് ഇൗ മരുന്നിന്റെ വിതരണം. മുറിവുണ്ടായാൽ രക്തം കട്ടപിടിക്കാതിരിക്കുന്ന രോഗമാണു ഹീമോഫീലിയ. ഇതു രണ്ടു തരമുണ്ട്– എ, ബി എന്നിങ്ങനെ. സംസ്ഥാനത്ത് റജിസ്റ്റർ ചെയ്ത രണ്ടായിരത്തിൽ താഴെ ഹീമോഫീലിയ രോഗികളുണ്ട്. കാലാവധി അവസാനിച്ച മരുന്നുകൾ വിതരണം ചെയ്യുന്നതു ക്രിമിനൽ കുറ്റമാണെന്ന് ഡ്രഗ്സ് കൺട്രോളർ രവി എസ്. മേനോൻ പറഞ്ഞു. മരുന്നു കാലാവധി കഴിഞ്ഞിട്ടും ചില ആശുപത്രികൾ വഴി വിതരണം ചെയ്യുന്നതായ വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതു പരിശോധിക്കാൻ നിർദേശം നൽകിയിട്ടുമുണ്ട്

Top