കമ്പളക്കാട് : കോഴികള്‍ മുട്ടയിട്ട് മാത്രമല്ല കുട്ടികളെ വിരിയിക്കുന്നത്, ചിലപ്പോഴൊക്കെ പ്രസവിക്കുകയും ചെയ്‌തേക്കുമെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. കമ്പളക്കാട് കെല്‍ട്രോണ്‍ വളവില്‍ താമസിക്കുന്ന പിസി ഇബ്രായിയുടെ വീട്ടിലാണ് കോഴി പ്രസവിച്ചതായി റിപ്പോര്‍ട്ട്. പൊക്കിള്‍ കൊടിയോടു കൂടി കോഴി പ്രസവിച്ചെന്ന് ഇവര്‍ പറയുന്നു. നാടന്‍ പിടക്കോഴിയാണ് പ്രസവിച്ചതെന്നാണ് സൂചന. ദിവസങ്ങള്‍ക്ക് മുമ്പ് 11 മുട്ടകളുമായി അടയിരുത്തിയതായിരുന്നു പിടക്കോഴിയെ. കഴിഞ്ഞ ദിവസം ഫാം ജീവനക്കാരന്‍ കൂട്ടില്‍ പോയി നോക്കിയപ്പോള്‍ പിടക്കോഴിയുടെ അടുത്ത് കറുത്തനിറത്തിലായി ഒരു ചെറിയ ജീവനില്ലാത്ത കോഴികുഞ്ഞ്. അടയിരുത്തിയ 11 മുട്ടകള്‍ അതേപടി അവിടെത്തന്നെ ഉണ്ട്. കോഴിക്കുഞ്ഞിനാണെങ്കില്‍ പൊക്കിള്‍ കൊടിയുമുണ്ട്. എന്നാല്‍ സംശയം തീരാതെ കൂട്ടില്‍ മറ്റു വല്ല ജീവികളും കൊണ്ടിട്ടതാണോ എന്ന് കരുതി തെരഞ്ഞപ്പോള്‍ അടുത്തെങ്ങും അങ്ങിനെ ഒരു സാധ്യതയും കണ്ടുമില്ല. മാത്രമല്ല ചെറിയ നെറ്റുകള്‍ കൊണ്ട് അടച്ച കൂട്ടിലാണ് പിടക്കോഴി അടയിരിക്കുന്നത്. ആയതിനാല്‍ കൂട്ടിലേക്ക് മറ്റു ജീവികള്‍ക്ക് പ്രവേശിക്കാനും സാധ്യമല്ല. അതുകൊണ്ട് വീട്ടുകാര്‍ ഇത് പ്രസവിച്ചതുതന്നെയാണെന്ന് പറയുന്നു. എന്നാല്‍ വാര്‍ത്തയുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്റിറനറി അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ കിട്ടിയ വിശദീകരണം ഇങ്ങനെയായിരുന്നു. ശാസ്ത്രീയമായി ഇത് സംഭവിക്കാന്‍ 100 ല്‍ ഒരു ശതമാനം സാധ്യത പോലും ഇല്ലെന്നാണ്. മാത്രമല്ല കോഴികള്‍ക്ക് ഗര്‍ഭപാത്രം ഇല്ലെന്ന സത്യം നിലനില്‍ക്കുന്നതിനാലും കോഴി പ്രസവിച്ചു എന്നു പറയുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് അവര്‍ അറിയിച്ചത്.
എന്നാല്‍ നാട്ടുകാരും വീട്ടുകാരും കോഴി പ്രസവിച്ചുവെന്ന് തന്നെയാണ് വിശ്വസിക്കുന്നത്.