തമിഴ്നാട്ടിലെ ഇളയാൻഗുഡിയിൽ പ്രവർത്തിക്കുന്ന ഹീറോ ബൈക്ക് ഷോറൂം ഉടമയായ വെങ്കിടസ്വാമി തന്റെ ഷോറൂമിൽ നിന്നും വിറ്റഴിക്കുന്ന ഓരോ ബൈക്കിനൊപ്പവും ഓരോ ആടിനെ സൗജന്യമായി നൽകുമെന്നാണ് പരസ്യം ചെയ്തത്. മറ്റുള്ള ഷോറൂമുകളിൽ ബൈക്കിനൊപ്പം സൗജന്യമായി സോഫാ സെറ്റ് ഉൾപ്പെടയുള്ളവ സമ്മാനമായി നൽകിയതാണ് ഇത്തരമൊരു തീരുമാനം സ്വീകരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അതിനായി അവർ ബുക്കിംഗും ആരംഭിച്ചു. ആദ്യ ദിവസം തന്നെ നൂറിലധികം ആളുകളാണ് ബൈക്കിന് ആവശ്യക്കാരായി വന്നത്. അവിടെയാണ് ഇവരുടെ പദ്ധതികൾ പാളിയത്. ഈ ചുരുങ്ങിയ സമയം കൊണ്ട് ഇത്രമാത്രം ആടുകളെ സംഘടിപ്പിക്കുന്നത് ബുദ്ധിമുട്ടാണെന്നും ഒരു ആടിന് 3,000 രൂപ വിലവരുമെന്നും മനസിലാക്കിയ വെങ്കിടസ്വാമി ശരിക്കും ആപ്പിലായെന്നു പറഞ്ഞാൽ മതിയല്ലോ. അദ്ദേഹത്തിന്റെ മുന്പിൽ സൗജന്യ പ്രസ്താവന പിൻവലിക്കുകയല്ലാതെ മറ്റ് മാർഗങ്ങളൊന്നുമില്ലായിരുന്നു. എന്തായാലും ദീപാവലിക്ക് ദിവസങ്ങൾ ബാക്കി നിൽക്കെ ഷോറൂം അധികാരികൾ ബൈക്കിനൊപ്പം എന്തെങ്കിലും സൗജന്യം തരാതിരിക്കില്ലെന്നുള്ള പ്രതീക്ഷയിലാണ് പ്രദേശവാസികൾ.