വേര്‍പിരിഞ്ഞ ഭര്‍ത്താവില്‍ നിന്നും ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച യുവതിക്ക് തിരിച്ചടി. മാസം 50,000 രൂപയിലേറെ വരുമാനമുള്ളയാളാണ് യുവതിയെന്ന് മുന്‍ ഭര്‍ത്താവ് തെളിയിച്ചതോടെ കോടതി ജീവനാംശം വെട്ടിക്കുറയ്ക്കുമെന്നാണ് സൂചന.
മാസം 25,000 രൂപ ജീവനാംശം നല്‍കാനുള്ള കുടുംബ കോടതി വിധിക്കെതിരെ യുവാവ് മുംബൈ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കേസ് കോടതി വിളിച്ചപ്പോള്‍ തന്നെ യുവതി നുണ പറയുന്നയാളാണെന്ന് കോടതി വിലയിരുത്തി. കോടതിയിലെത്തിയ യുവതി കേസ് 15 ദിവസത്തേക്ക് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടു.
തന്റെ അഭിഭാഷകന്‍റെ പിതാവ് മരിച്ചുപോയെന്നും ആയതിനാല്‍ കേസ് നീട്ടിവെക്കണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ അതേദിവസം ഉച്ചയ്ക്ക് അഭിഭാഷകന്‍ ഹാജരായതോടെ യുവതിയുടെ വാദം പൊളിഞ്ഞു.
തന്‍റെ കക്ഷി ഇത്തരമൊരു കാര്യം പറഞ്ഞത് അറിയില്ലെന്നായിരുന്നു അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.
ഇതോടെ ജസ്റ്റിസ് കെകെ താതദ് യുവതിയുടെ കളവു പറയുന്ന സ്വഭാവത്തെ രൂക്ഷമായി വിമര്‍ശിച്ചു.
2014 നവംബറിലാണ് കുടുംബ കോടതി യുവതിക്ക് 25,000 രൂപ ജീവനാംശമായി നല്‍കാന്‍ നിര്‍ദ്ദേശിച്ചത്. ഭര്‍ത്താവായിരുന്നയാള്‍ക്ക് 15 ലക്ഷത്തോളം ശമ്പളമുണ്ടെന്നും 3 ലക്ഷം രൂപ ജീവനാംശം വേണമെന്നുമായിരുന്നു യുവതിയുടെ ആവശ്യമെങ്കിലും 25,000 നല്‍കാനായിരുന്നു വിധി.
ഇതിനെതിരെയാണ് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചത്. മുന്‍ ഭാര്യ പ്രതിമാസം 50,000 രൂപ മുതല്‍ 60,000 രൂപവരെ സമ്പാദിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന ആദായനികുതി വകുപ്പില്‍ നിന്നുള്ള രേഖകള്‍ ഇയാള്‍ ഹാജരാക്കുകയും ചെയ്തു.