ചാരുംമൂട്: കെ.പി റോഡ് വഴി വരുന്ന വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഇല്ലാത്തത് അപകടങ്ങള്‍ തുടര്‍ക്കഥയാകാന്‍ കാരണമാകുന്നു. കഴിഞ്ഞദിവസങ്ങളിലായി കെ.പി റോഡില്‍ നിരവധി അപകടങ്ങളാണ് ഉണ്ടായത്. കഴിഞ്ഞദിവസം കെ.പി. റോഡില്‍ കരിമുളക്കല്‍ ജങ്ഷന് സമീപം അമിതവേഗതയില്‍ എത്തിയ ടൂറിസ്റ്റ് ബസ് മുന്നില്‍പോയ കാറിലിടിച്ചു.
കാറിലുണ്ടായിരുന്ന ചേപ്പാട് ഏവൂര്‍ പുത്തൂറവീട്ടില്‍ ജയശ്രീക്ക് (42) ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കാറിന്‍െറ പിന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കാര്‍ ഓടിച്ചിരുന്ന ചേപ്പാട് തയ്യില്‍ വീട്ടില്‍ മുരളീധരനും മകനും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ കാര്‍ റോഡരികിലുള്ള മതിലില്‍ ഇടിച്ചാണ് നിന്നത്. പൊലീസിന്‍െറ നേതൃത്വത്തില്‍ റോഡിന്‍െറ വിവിധഭാഗങ്ങളില്‍ പരിശോധന നടക്കുന്നുണ്ടെങ്കിലും അത് ഇരുചക്രവാഹന യാത്രികരെ കേന്ദ്രീകരിച്ച് മാത്രമാണ്.
പരിശോധന സമയങ്ങളില്‍ ഇവര്‍ക്ക് മുന്നിലൂടെ ഒരു നിയന്ത്രണവുമില്ലാതെ ചീറിപ്പാഞ്ഞുപോകുന്ന വാഹനങ്ങളെ ഒഴിവാക്കുകയാണ് ചെയ്യുന്നത്. ആഡംബര കാറുകളടക്കം പരിശോധിക്കാന്‍ പൊലീസ് തയാറാകുന്നില്ല.
ഓണം അടുത്തതോടെ റോഡില്‍ പതിവില്‍ കൂടുതല്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ തിരക്കിനുള്ളില്‍ പൊലീസ് നടത്തുന്ന പരിശോധന പലപ്പോഴും അപകടങ്ങള്‍ക്കും കാരണമാകുന്നു.