സ്‌പോട്‌സ് ലേഖകൻ
സാന്റാക്ലാര: അമേരിക്കയുടെ മണ്ണിൽ വിരുന്നെത്തിയ കോപ്പ ശതാബ്ദി ടൂർണമെന്റിന്റെ കപ്പ് ബ്യൂണസ് ഐറിസിലേയ്ക്കു തന്നെയെന്നുറപ്പിച്ച് നീലപ്പടയാളികൾ പോരു തുടരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ വിജയക്കുതിപ്പ് ക്വാർട്ടറിലും ഊട്ടിയുറപ്പിച്ച മെസിയും കൂട്ടരും വെനസ്വേലയെ തകർത്തു വിട്ടത് ഒന്നിനെതിരെ നാലു ഗോളുകൾക്കാണ്. രണ്ടു ഗോളിനു വഴിയൊരുക്കുകയും, ഒന്ന് വലയിലെത്തിക്കുകയും ചെയ്ത മെസിയും കളിയിലെ താരമായി.
മിന്നുന്ന ഫോമിൽ കളിക്കുന്ന സൂപ്പർ താരം മെസിയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് കോച്ച് ജെറാർഡോ മാർട്ടിനോ ടീമിനെ ഒരുക്കിയിരുന്നത്. ഇതിന്റെ ഫലം ആദ്യ മിനിറ്റിൽ തന്നെ കാണുകയും ചെയ്തു. മെസിയും ഹിഗ്വെയിനും അടങ്ങിയ മുന്നേറ്റ നിര തന്നെയായിരുന്നു അർജന്റീനയും വെനസ്വേലയും തമ്മിലുള്ള പ്രധാന വ്യത്യാസം.
മുൻ കളികളിൽ നിന്നു വ്യത്യസ്തമായി ആദ്യം മുതൽ ആക്രമണത്തിന്റെ സ്വഭാവം പുറത്തെടുത്ത അർജന്റീനയ്ക്കു ഇതിനുള്ള പ്രതിഫലം ആദ്യ മിനിറ്റിൽ തന്നെ ലഭിച്ചു. ഒപ്പത്തിനൊപ്പം ഓടിയെത്തിയ മെസിയിൽ നിന്നു പന്ത് പകർന്നു കിട്ടിയത് വലതു വിങ്ങിൽ നിന്ന് ഓടിയെത്തിയ ഹിഗ്വെയിന്റെ ബൂട്ടിലേയ്ക്ക്. എട്ടാം മിനിറ്റിൽ ഗോളി ഡാനി ഹെർണാണ്ടസിനെ കബളിപ്പിച്ച് തെന്നിയെത്തിയ ഹിഗ്വെയിന്റെ ഷോട്ട് പോസ്റ്റിനുള്ളിലേയ്ക്കു എത്തിയപ്പോൾ വലയും ഒപ്പം അർജന്റീനൻ ആരാധകരും ആർപ്പുവിളിച്ചു കുലുങ്ങി.. ഗോൾ..!
ഇരുപതു മിനിറ്റുകൾക്കകം വീണ്ടും ഹിഗ്വെയിൻ ഗോൾ വലയിൽ വിള്ളൽ വീഴ്ത്തി. രണ്ടാം ഗോളിനു വഴിയൊരുക്കിയത് മധ്യനിര താരം ഫിഗേരയായിരുന്നു. ഫിഗേരയുടെ ബാക് പാസ് സ്വീകരിച്ച ഹിഗ്വെയിനു ഇക്കുറിയും പിഴച്ചില്ല. ഗോൾ.
രണ്ടാം പകുതിയിൽ നിയന്ത്രണം വീട്ടെടുത്ത വെനസ്വേല ആക്രമണത്തിനു കോപ്പു കൂട്ടി. ഇതിന്റെ ഫലം അവർക്കു ലഭിക്കുകയും ചെയ്തു. എന്നാൽ, പ്രതിരോധത്തെ ചിന്നഫിന്നമാക്കുന്ന മെസി സ്പർശമുള്ള ഗോളിലൂടെ കളിയുടെ നിയന്ത്രണം വീണ്ടും നീലപ്പടയാളികളുടെ കയ്യിലെത്തി. 71-ാം മിനിറ്റിൽ എറിക് ലമേലയുടെ ഗോളിലൂടെ പട്ടിക പൂർത്തിയാക്കിയ നീലപ്പോരാളികൾ സെമി ഫൈനലും ഉറപ്പിച്ചു.