കോളേജ് കൊടിമരത്തില്‍ കാവിക്കൊടി ഉയര്‍ത്തി സംഘപരിവാര്‍ പ്രതിഷേധം. കോളേജ് ക്യാമ്പസില്‍ ഹിജാബ് അനുവദിക്കുന്നതിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെയാണ് വിദ്യാര്‍ത്ഥി തൂണില്‍ കയറി കാവി പതാക ഉയര്‍ത്തിയത്.
ഷിമോഗയിലെ കോളേജില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുന്ന കൊടിമരത്തിലാണ് കാവിക്കൊടി കെട്ടിയത്. ഷിമോഗയിലെ ഗവണ്‍മെന്റ് ഫസ്റ്റ് ഗ്രേഡ് കോളേജ് ക്യാമ്പസിലായിരുന്നു സംഭവം. കൊടിമരത്തില്‍ കേറിയ ശേഷം കാവി പതാക ഉയര്‍ത്തുന്ന വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യ ദിനത്തിലും ദേശീയ പതാക ഉയര്‍ത്തുന്ന കോളേജ് ക്യാമ്പസിലെ കൊടിമരത്തിലാണ് പ്രതിഷേധിച്ചെത്തിയവരില്‍ ഒരാള്‍ കാവിക്കൊടി ഉയര്‍ത്തിയത്. കോളേജ് ക്യാമ്പസില്‍ ഹിജാബ് അനുവദിക്കുന്നതിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെയാണ് വിദ്യാര്‍ത്ഥി തൂണില്‍ കയറി കാവി പതാക ഉയര്‍ത്തിയത്.
അതേസമയം, സംഭവത്തോട് പ്രതികരിച്ചുകൊണ്ട് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ രംഗത്തെത്തി. ‘കര്‍ണാടകയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്ഥിതി കൈവിട്ടുപോയിരിക്കുന്നുവെന്നും ഇത്തരം സാഹചര്യത്തിലാണ് ദേശീയ പതാകയ്ക്ക് പകരം കാവി പതാക സ്ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കുന്നതുവരെ ഒരാഴ്ച്ചത്തേക്ക് ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണമെന്നും അതുവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരണമെന്നും ഡി കെ ശിവകുമാര്‍ അഭിപ്രായപ്പെട്ടു.
ഇതിനിടെ ഉഡുപ്പിയില്‍ ഹിജാബ് പ്രക്ഷോഭ വിദ്യാര്‍ത്ഥികളും കാവി ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. മഹാത്മാ ഗാന്ധി മെമ്മോറിയല്‍ കോളേജിനു മുന്നിലാണ് സംഘര്‍ഷമുണ്ടായത്. കാവി ഷാള്‍ ധരിച്ച വിദ്യാര്‍ത്ഥികള്‍ കോളേജില്‍ ജയ് ശ്രീരാം വിളിച്ചു.
തങ്ങളെ കോളേജിനുള്ളില്‍ നിന്നും പുറത്തേക്ക് തള്ളി മാറ്റുകയാണുണ്ടായതെന്ന് ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. തങ്ങള്‍ ചെറുപ്പം മുതല്‍ ധരിക്കുന്ന വസ്ത്രമാണ് ഹിജാബ്. ഇത് ഒഴിവാക്കാന്‍ പറ്റില്ലെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. എന്നാല്‍ വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ചാല്‍ തങ്ങള്‍ കാവി ഷാള്‍ ധരിക്കുമെന്നാണ് മറുഭാഗം വിദ്യാര്‍ത്ഥികള്‍ പറയുന്നത്.