നിശാ പാര്‍ട്ടിക്കിടെ നടി പാരിസ് ഹില്‍ട്ടന്റെ 13 കോടി രൂപയുടെ മോതിരം നഷ്ടമായി; മണിക്കൂറുകള്‍ നീണ്ട തിരച്ചിലില്‍ മോതിരം കണ്ടെത്തിയത് ഇങ്ങനെ

വിഖ്യാത ചലച്ചിത്ര, ടെലിവിഷന്‍ താരം പാരിസ് ഹില്‍ട്ടന് പാതിരാപാര്‍ട്ടിക്കിടെ ലക്ഷങ്ങള്‍ വിലവരുന്ന വിവാഹമോതിരം നഷ്ടമായി. മുംബൈയിലെ ഒരു നിശാപാര്‍ട്ടിയില്‍ നൃത്തം ചെയ്യുന്നതിനിടെയാണ് വ്യവസായ പ്രമുഖ കൂടിയായ പാരിസ് ഹില്‍ട്ടന് വജ്രം പതിച്ച തന്റെ മോതിരം നഷ്ടമായത്. മോതിരത്തിന് ഏതാണ്ട് ഇരുപത് ലക്ഷം ഡോളര്‍ വില(ഏകദേശം 13 കോടി രൂപ) വരുമെന്നാണ് കരുതുന്നത്. പിന്നീട് ഹില്‍ട്ടന്റെ പ്രതിശ്രുത വരന്‍ തന്നെയാണ് നിശാക്ലബിലെ ഒരു ഐസ് ബക്കറ്റില്‍ നിന്ന് മോതിരം കണ്ടെടുത്തത്. പാര്‍ട്ടിയില്‍ കൈകള്‍ ഉയര്‍ത്തി നൃത്തം ചെയ്യുന്നതിനിടെയാണ് ഹില്‍ട്ടന്റെ മോതിരം വിരലില്‍ നിന്ന് ഊര്‍ന്നുവീണത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കാലത്താണ് പാരിസ് നൃത്തം ചെയ്ത സ്ഥലത്തിന് രണ്ട് മേശയ്ക്കപ്പുറം ഒരു ഐസ് ബക്കറ്റില്‍ നിന്ന് മോതിരം കണ്ടെടുത്തത്. ഹില്‍ട്ടന്റെ പ്രതിശ്രുത വരനായ ക്രിസ് സൈല്‍ക്കയാണ് നിശാക്ലബിലെ വി.ഐ.പി ഏരിയയില്‍ നിന്ന് മോതിരം കണ്ടെടുത്തത്. മോതിരം തിരയുമ്പോള്‍ ഹില്‍ട്ടന്‍ കണ്ണീരൊലിപ്പിച്ച് നില്‍ക്കുകയായിരുന്നുവെന്ന് ക്രിസ് പറഞ്ഞു. ജീവിതത്തില്‍ ഏറ്റവുമധികം പേടിച്ച നിമിഷമായിരുന്നു അതെന്നാണ് പാരിസ് ഹില്‍ട്ടണ്‍ പിന്നീട് പ്രതികരിച്ചത്. ഞാന്‍ ആകെ തകര്‍ന്നുപോയി. അത്രയധികം ആളുകള്‍ ഉണ്ടായിരുന്നതിനാല്‍ അത് ഇനിയൊരിക്കലും കണ്ടെത്താനാവില്ലെന്നാണ് ഞാന്‍ കരുതിയത്. വല്ലാത്ത ഭാരമായിരുന്നു ആ മോതിരത്തിന്. അതുകൊണ്ടാവും അത് വിരലിലൂടെ ഊര്‍ന്നിറങ്ങിയത്. മറ്റാര്‍ക്കെങ്കിലും കിട്ടിയിരുന്നെങ്കില്‍ അതെനിക്ക് തിരിച്ചു ലഭിക്കില്ലായിരുന്നു. അതിന് മുന്‍പ് അതെന്റെ പ്രതിശ്രുത വരന് ലഭിച്ചത് ഭാഗ്യം. പാരിസ് ഹില്‍ട്ടണ്‍ പറഞ്ഞു. മൂന്ന് മാസം മുന്‍പായിരുന്നു മുപ്പത്തിയേഴുകാരിയായ പാരിസിന്റെയും മുപ്പത്തിയഞ്ചുകാരനായ ക്രിസിന്റെയും വിവാഹനിശ്ചയം. വന്‍ വിലവരുന്ന മോതിരം കാത്തുസൂക്ഷിക്കാന്‍ പ്രത്യേക സുരക്ഷാഭടന്മാരെ തന്നെ പാരിസ് ഹില്‍ട്ടണ്‍ നിയോഗിച്ചിരുന്നു. ബന്ധു കൈല്‍ റിച്ചാര്‍ഡ്‌സിന് പത്ത് ലക്ഷം രൂപ വിലയിരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് പാരിസ് തന്റെ മോതിരത്തിന് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയത്.

hiii

Top