സ്വന്തം ലേഖകൻ
ചണ്ഡീഗഢ് : രാജ്യതതെ സമസ്ത മേഖലകളിലും കാവി വത്കരണം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാരും സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാരുകളും. യുപിയ്ക്കും ഡൽഹിക്കും പിന്നാലെ രാജ്യത്തെ എല്ലാ സം്സ്ഥാനങ്ങളിലേയ്ക്കും കാവിയുടെ പ്രചാരണം വർധിപ്പിക്കുന്നതിനാണ് ആർഎസ്എസ് നേതൃത്വത്തിൽ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി അധ്യാപകർ നിർബന്ധിതമായി പൂജാ കർമ്മങ്ങൾ പഠിക്കാനുള്ള പരിശീലന പരിപാടിയിൽ പങ്കെടുക്കണമെന്ന നിർദേശവുമായി ഹരിയാന സർക്കാർ രംഗത്ത് എത്തി. ഒക്ടോബർ 29ന് നടത്തിയ പരിശാലന പരിപാടിയിൽ പങ്കെടുക്കാത്ത അധ്യാപരോട് വിശദീകരണം ചോദിച്ചിരിക്കുകയാണ് മനോഹർലാൽ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ. പരിശീലനത്തിൽ പങ്കെടുക്കാത്തവർക്കെതിരെ നടപടിയെടുക്കാനും ശുപാർശയുണ്ട്.
വരുന്ന ഗ്രാമോത്സവത്തിൽ അധ്യാപകർ പൂജകൾ ചെയ്യണമെന്നാണ് സർക്കാർ നിലപാട്. കടുത്ത ഹിന്ദുത്വ നിലപാടുകൾ പിന്തുടരുന്ന ഖട്ടർ സർക്കാർ ഇത്തരം നടപടികളിലൂടെ നേരത്തേയും വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ജൈന ഉത്സവമായ പര്യൂഷണിന്റെ സമയത്ത് 9 ദിവസത്തോളം മാംസ വിൽപന സർക്കാർ നിരോധിച്ചിരുന്നു.
തരുൺ സാഗർ മഹാരാജ് എന്ന നഗ്‌ന സന്യാസി നിയമസഭയെ അഭിസംബോധന ചെയ്തതും ആൾദൈവം ഗുർമീത് രാം റഹിം സിങ്ങിനെ അറസ്റ്റ് ചെയ്തപ്പോളുണ്ടായ കലാപത്തിൽ വേണ്ട നടപടികളും മുൻകരുതലുകളും സ്വീകരിക്കാത്തതുമൊക്കെ സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു.