അഹമ്മദാബാദ്: എന്നും വിവാദത്തിൽ നിന്നു കൊണ്ട് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ബി.ജെ.പി പുതിയ വിവാദത്തിന് തിരികൊളുത്തി. ഹിന്ദുക്കളുടെ വസ്തുവകകള്‍ മുസ്ലിങ്ങള്‍ വാങ്ങുന്നത് തടയാന്‍ നിയമനിര്‍മാണം കൊണ്ടുവരണമെന്ന് ബിജെപി എംഎല്‍എ. ആവശ്യം ഉന്നയിച്ചു. ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ സംഗീത പാട്ടീല്‍ ആണ് വര്‍ഗ്ഗീയ പ്രസ്താവനയുമായി മുന്നോട്ടു വന്നിരിക്കുന്നത്. മുസ്ലിങ്ങള്‍ ഭൂമി സ്വന്തമാക്കുന്നത് തടയാന്‍ തന്റെ മണ്ഡലത്തിലെ ലിംബായത്ത് മേഖല ‘ഡിസ്റ്റേര്‍ബ്ഡ് ഏരിയാസ് ആക്ടിന്’ കീഴില്‍ കൊണ്ടുവരുമെന്നും എംഎല്‍എ പറഞ്ഞു.
ജില്ലാ കളക്ടറുടെ അനുമതി ഇല്ലാതെ ഒരു മതവിഭാഗത്തില്‍പെട്ട വ്യക്തിക്ക് മറ്റൊരു മതവിഭാഗത്തില്‍പെട്ട വ്യക്തിയില്‍ നിന്നും ഭൂമി വാങ്ങുന്നത് തടയുന്ന നിയമമാണ് ഡിസ്റ്റേര്‍ബ്ഡ് ഏരിയാസ് ആക്ട് (ഗുജറാത്ത് പ്രോഹിബിഷന്‍ ഓഫ് ട്രാന്‍സ്ഫര്‍ ഓഫ് ഇമ്മൂവബിള്‍ പ്രോപ്പര്‍ട്ടി ആന്റ് പ്രൊവിഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ടെനന്റ്‌സ് ഫ്രം എവിക്ഷന്‍ ഫ്രം പ്രിമൈസസ് ഇന്‍ ഡിസ്റ്റേര്‍ബ്ഡ് ഏരിയാസ് ആക്ട്). 1991 ലാണ് സംസ്ഥാനത്ത് ഈ നിയമം നിലവില്‍ വന്നത്.
ലിംബായത്ത് മേഖലയില്‍ മുസ്‌ലിങ്ങള്‍ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തി സ്വത്തുക്കള്‍ സ്വന്തമാക്കുന്നുണ്ടെന്നും ഇത് തടയാനാണ് ഡിസ്റ്റേര്‍ബ്ഡ് ഏരിയാസ് ആക്ട് നടപ്പിലാക്കുന്നത് എന്നുമാണ് സംഗീതപാട്ടീലിന്റെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് ഹിന്ദു കുടുംബങ്ങള്‍ നിരവധി തവണ തന്നോട് പരാതി പറഞ്ഞിരുന്നതായും ആക്ട് ചുമത്തുന്നതുമായി ബന്ധപ്പെട്ട് കലക്ടര്‍ക്ക് കത്തയച്ചതായും എംഎല്‍എ പറഞ്ഞു.
ഹിന്ദുക്കള്‍ക്ക് സ്വാധീനമുണ്ടായിരുന്നു ഗോവിന്ദ് നഗര്‍, ഭാരതി നഗര്‍, മദന്‍പുറ, ഭാവ്‌ന പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളെല്ലാം ഇന്ന് മുസ്‌ലിങ്ങള്‍ കൈവശപ്പെടുത്തിയതായും ഹിന്ദുക്കളെ ഭീഷണിപ്പെടുത്തി സ്വത്തുക്കള്‍ വില്‍ക്കാന്‍ നിര്‍ബന്ധിക്കുകയാണെന്നും സംഗീത പാട്ടീല്‍ ആരോപിച്ചു.
എന്തുവിലകൊടുത്തും ഹിന്ദുക്കളുടെ സ്വത്തുക്കള്‍ കൈവശപ്പെടുത്താന്‍ മുസ്ലിങ്ങള്‍ ശ്രമിക്കുകയാണ്. അതുകൊണ്ട് തന്നെ ഹിന്ദു മേഖലകളിലേക്ക് വ്യാപിക്കുന്നതില്‍ നിന്നും അവരെ തടയാന്‍ ഡിസ്റ്റേര്‍ബ്ഡ് ഏരിയാ ആക്ട് നിര്‍ബന്ധിതമാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും സംഗീത പാട്ടില്‍ പറയുന്നു.അതേസമയം എംഎല്‍എയുടെ വാദത്തെ തള്ളി കോണ്‍ഗ്രസ് നേതാവ് അസ്ലം സിസ്ലേവാല രംഗത്തെത്തി. ഭരണപരാജയം മറച്ചുവക്കാന്‍ വര്‍ഗീയ രാഷ്ട്രീയത്തെ കൂട്ടുപിടിക്കുകയാണ് ബിജെപിയെന്ന് അദ്ദേഹം പറഞ്ഞു. എംഎല്‍എ പറഞ്ഞതുപോലെ ഒരു പ്രശ്‌നം ഇതുവരെ ഇവിടെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.