ഞാന്‍ മുസ്ലീമിന്റെ ശത്രുവല്ല:ഹിന്ദുക്കളില്‍ തീവ്രവാദികളില്ല: കെ.പി ശശികല

സ്വന്തം ലേഖകന്‍

കൊച്ചി: ഹിന്ദു വികാരം ആളിക്കത്തിക്കുന്ന പ്രസംഗങ്ങളിലൂടെ കേരളത്തിലെ ക്ഷേത്രഭൂമികളില്‍ തീപാറിക്കുന്ന നിലപാടുകളാണ് എന്നും വിഎച്ച്പി സംസ്ഥാന നേതാവ് കെ.പി ശശികല ടീച്ചര്‍ സ്വീകരിച്ചിരിക്കുന്നത്. കേരളത്തിന്റെ മതമൈത്രിയോ, കേരളം പുലര്‍ത്തിപോന്നിരുന്ന മതേതര മൂല്യങ്ങളോ ഇവര്‍ പാലിക്കാറില്ല. വര്‍ഗീയ വികാരം ആളിക്കത്തിക്കുന്ന പ്രസംഗ ശൈലിയിലൂടെ ഇവര്‍ പൊലീസ് കേസിലും പെട്ടിട്ടുണ്ട്. എന്നാല്‍, തന്റെ പ്രസംഗ ശൈലിയില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നു തന്നെയാണ് ഇപ്പോള്‍ ശശികല ടീച്ചര്‍ പറയുന്നത്. മംഗളത്തിനു നല്‍കിയ അഭിമുഖത്തില്‍ ശശികല ടീച്ചര്‍ പറയുന്ന വാക്കുകളിലൂടെ.
എന്റെ വീടിന് നാലുപുറവും താമസിക്കുന്നത് മുസ്ലീങ്ങളാണ്. ഞാന്‍ പഠിപ്പിക്കുന്ന സ്‌കൂളിലെ വിദ്യാര്‍ഥികളില്‍ തൊണ്ണൂറുശതമാനവും മുസ്ലീം കുടുംബത്തില്‍നിന്ന് വരുന്നവരാണ്. അവരാരും പറയില്ല, ഞാന്‍ ഇസ്ലാമിന്റെ ശത്രുവാണെന്ന്. ശശികല ടീച്ചര്‍ സംസാരിക്കുന്നു.
ചുരികത്തലപ്പിനേക്കാള്‍ മൂര്‍ച്ചയുണ്ട്, ശശികലടീച്ചറുടെ വാക്കിന്. അത് കൊള്ളേണ്ടിടത്ത് കൊള്ളും. ചിലരുടെ ഉള്ളില്‍ക്കിടന്ന് അത് പൊള്ളും. സോഷ്യല്‍ മീഡിയയിലും ഫോണിലും തെറിവിളിയും ഭീഷണിയുമില്ലാത്ത ദിവസങ്ങള്‍ അപൂര്‍വം. എന്നിട്ടും തോറ്റുമടങ്ങാന്‍ ടീച്ചര്‍ ഒരുക്കമല്ല.
അസത്യം പറയുമ്പോഴാണ് നമ്മള്‍ ഭയപ്പെടേണ്ടത്. സത്യം വിളിച്ചുപറയാന്‍ ആരെയും പേടിക്കേണ്ടതില്ല. പറയുന്നതില്‍ തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാം. തെറ്റാണെങ്കില്‍ മാപ്പുചോദിക്കാനും തയ്യാറാണ്. സോഷ്യല്‍ മീഡിയയില്‍ വരുന്ന വിമര്‍ശനങ്ങളാണ് ആവേശം തരുന്നത്. ആര്‍ക്കൊക്കെയോ കൊള്ളുന്നുണ്ട് എന്നതിന്റെ തെളിവല്ലേ അത്? അല്ലാതെ വെറുതെ എന്നെ പുകഴ്ത്തിയിട്ട് കാര്യമില്ലല്ലോ. പട്ടാമ്പിക്കടുത്ത വല്ലപ്പുഴ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയാണ് ശശികല ടീച്ചര്‍. സ്‌കൂളില്ലാത്ത സമയങ്ങളിലാണ് ടീച്ചര്‍ പ്രഭാഷണത്തിന് പോകുന്നത്. സഹയാത്രികനായി ഭര്‍ത്താവ് വിജയകുമാരന്‍ കൂടെയുണ്ടാവും. പ്രഭാഷണത്തിനായി പത്തനാപുരത്തേക്ക് പോകുന്ന വഴിക്കാണ് ശശികല ടീച്ചര്‍ സംസാരിച്ചുതുടങ്ങിയത്.
ഷൊര്‍ണൂര്‍ കവളപ്പാറയിലാണ് ഞാന്‍ ജനിച്ചത്. വാസുദേവന്‍ നായരുടെയും ചിന്നമ്മിണിയുടെയും ഏകമകള്‍. കുട്ടിക്കാലം മുതലേ സംസാരിക്കാന്‍ ഇഷ്ടമായിരുന്നു. അമ്മ പഠിപ്പിക്കുന്ന സ്‌കൂളിലാണ് ഞാനും പഠിച്ചത്. ആദ്യം പ്രസംഗിക്കാന്‍ സ്‌റ്റേജില്‍ കയറിയത് രണ്ടാംക്ലാസില്‍ പഠിക്കുമ്പോഴാണ്. ഇന്ത്യാപാക് യുദ്ധം കഴിഞ്ഞ് ബംഗ്ലാദേശ് രൂപീകരിക്കുന്ന സമയം. അന്ന് സ്‌കൂളില്‍ ആഘോഷമുണ്ടായിരുന്നു. അതിനുവേണ്ടി അമ്മ ചെറിയൊരു പ്രസംഗം എഴുതിത്തന്നു. അതായിരുന്നു തുടക്കം. പിന്നീട് സ്‌കൂളില്‍ എന്ത് പ്രോഗ്രാമുണ്ടെങ്കിലും എന്നെയാണ് പ്രസംഗിക്കാന്‍ വിളിക്കുക. ആ സമയത്തൊക്കെ പ്രസംഗം എഴുതിത്തരുന്നത് അച്ഛനാണ്.
അച്ഛന്‍ സംഘപ്രവര്‍ത്തകനായിരുന്നു. എല്ലാ പ്രസിദ്ധീകരണങ്ങളും വായിക്കും. മറ്റാരുമായും പങ്കുവയ്ക്കാനില്ലാത്തതിനാല്‍ അച്ഛന്‍ സമകാലീന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഞാനുമായിട്ടാണ്. ഈ ചര്‍ച്ച എന്നെ സംഘവുമായി അടുപ്പിച്ചു. പൊതുവേദിയില്‍ പ്രസംഗിച്ചത് ഒന്‍പതാംക്ലാസില്‍ പഠിക്കുമ്പോഴാണ്. ബാലഗോകുലം സംഘടിപ്പിച്ച ചടങ്ങായിരുന്നു അത്. പ്രീഡിഗ്രി കഴിഞ്ഞ സമയത്ത് കൂട്ടുകാരികളെല്ലാം ടി.ടി.സിക്ക് അപേക്ഷിച്ചു. അവര്‍ ടി.ടി.സിക്ക് പോയാല്‍ ഞാന്‍ ഒറ്റയ്ക്കായിപ്പോവുമല്ലോ എന്നു കരുതി ഞാനും അപേക്ഷ നല്‍കി. പക്ഷേ എനിക്ക് മാത്രം അഡ്മിഷന്‍ കിട്ടി. അവര്‍ക്കാകട്ടെ കിട്ടിയതുമില്ല.
കിട്ടിയ സ്ഥിതിക്ക് പോകാമെന്ന് കരുതി. അങ്ങനെയാണ് ടി.ടി.സി കോഴ്‌സ് ചെയ്തത്. അതു കഴിഞ്ഞപ്പോള്‍ അധ്യാപികയായി ജോലിക്ക് കയറി. പതുക്കെപ്പതുക്കെ പ്രസംഗങ്ങളില്‍ സജീവമായി. മൂന്നുമക്കളാണെനിക്ക്. വിജീഷ്, ഉമാമഹേഷ്, ഗിരീഷ്. മൂത്തവര്‍ രണ്ടുപേരും അധ്യാപകരാണ്. ഗിരീഷാകട്ടെ ഭര്‍ത്താവിന്റെ സ്‌കൂളില്‍ ജീവനക്കാരന്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തീവ്രമായ ഹിന്ദു നിലപാടിലേക്കെത്തുന്നത് എങ്ങനെയാണ്? ഹിന്ദുവിന്റെ നീതിക്കുവേണ്ടി പറയുന്നത് എങ്ങനെ തീവ്രമാകും? അങ്ങനെയൊരു ചിന്തയേ ശരിയല്ല. അച്ഛന്റെ നാട് മലപ്പുറമാണ്. മാപ്പിളലഹളയില്‍ അച്ഛന്റെ കുടുംബക്കാര്‍ അനുഭവിച്ച പീഡനങ്ങള്‍ ഭീകരമായിരുന്നു. അച്ഛന്റെ അമ്മയൊക്കെ അനുഭവിച്ച കഥകള്‍ അച്ഛന്‍ പറഞ്ഞുകേട്ടിട്ടുണ്ട്. ഹിന്ദുക്കളെ സഹായിക്കുന്ന മുസ്ലീം കുടുംബങ്ങളും അന്നുണ്ടായിരുന്നു. ഹിന്ദുക്കള്‍ക്ക് അവര്‍ അഭയം നല്‍കി. ലഹളക്കാര്‍ വന്നാല്‍പോലും വിട്ടുകൊടുക്കില്ല.
ഞങ്ങളെ കൊന്നതിനുശേഷമേ ഇവരെ നിങ്ങള്‍ക്ക് തൊടാന്‍ കഴിയൂ.” ഇതുകേള്‍ക്കുമ്പോള്‍ ലഹളക്കാര്‍ തിരിച്ചുപോകും.
ഹൈന്ദവസമൂഹത്തിന് ഒരു കൂട്ടായ്മ ഉണ്ടായിരുന്നെങ്കില്‍ മാപ്പിളലഹള സംഭവിക്കില്ലായിരുന്നുവെന്നാണ് അച്ഛന്റെ നിരീക്ഷണം. അച്ഛന് രണ്ട് മൂത്ത സഹോദരന്‍മാരാണ്. അവര്‍ കുഞ്ഞായിരിക്കുമ്പോഴുണ്ടായ ഒരനുഭവം കേട്ടിട്ടുണ്ട്. ഒരു വയസ്സിന്റെ വ്യത്യാസം മാത്രമുള്ള ആ കുഞ്ഞുങ്ങള്‍ കട്ടിലില്‍ ഉറങ്ങിക്കിടക്കുന്നു.
അടുപ്പത്ത് കഞ്ഞി തിളക്കുമ്പോഴാണ് പെട്ടെന്ന് ലഹള പൊട്ടിപ്പുറപ്പെട്ടത്. അച്ഛമ്മയും സുഖമില്ലാതിരുന്ന സഹോദരിയും മാത്രമേ വീട്ടിലുള്ളൂ. മൂത്തമകനെയെടുത്ത് ചുമലിലിട്ടപ്പോള്‍ രണ്ടാമത്തെ മകനെ എടുത്ത് ഞാന്‍ വന്നോളാമെന്ന് സഹോദരി പറഞ്ഞു. അച്ഛമ്മ ആ കുട്ടിയെയും കൊണ്ട് അടുത്ത മുസ്ലീംവീട്ടില്‍ അഭയം തേടി. പിന്നാലെ സഹോദരിയും വന്നു. തുണിയില്‍ പൊതിഞ്ഞ കുഞ്ഞിനെ സഹോദരിയുടെ കൈയില്‍ നിന്ന് വാങ്ങുമ്പോള്‍ ഒട്ടും ഭാരമില്ല. തുറന്നുനോക്കുമ്പോള്‍ തലയണ. കുഞ്ഞ് വീഴാതിരിക്കാന്‍ കട്ടിലിനരികെ വച്ചതായിരുന്നു അത്. അപ്പോഴേക്കും ലഹളക്കാര്‍ വീട്ടിലേക്ക് പാഞ്ഞുകയറി. അവര്‍ വീടാക്രമിക്കുമ്പോള്‍ ഒന്നുമറിയാതെ ആ കുഞ്ഞ് ഉറങ്ങുകയായിരുന്നു. ബഹളം കേട്ട് ഉണര്‍ന്നിരുന്നെങ്കില്‍ തീര്‍ന്നേനെ. പക്ഷേ അത്രയുംസമയം അച്ഛമ്മ അനുഭവിച്ച മാനസികപ്രയാസം ഭീകരമായിരുന്നു. ലഹളക്കാര്‍ പോയതിനുശേഷം അച്ഛമ്മ ഓടിച്ചെന്ന് കുഞ്ഞിനെ വാരിയെടുത്തു. അപ്പോള്‍ മാത്രമാണ് അതുണര്‍ന്നു കരഞ്ഞത്. ഈ കഥയൊക്കെ എന്നെ നന്നായി സ്വാധീനിച്ചിട്ടുണ്ട്.

മാപ്പിളലഹളയുടെ സമയത്തുപോലും അഭയം നല്‍കിയത് മുസ്ലീങ്ങളാണെന്ന് ടീച്ചര്‍ പറയുന്നു. എന്നിട്ടും അവരെ ശത്രുസ്ഥാനത്ത് നിര്‍ത്തുന്നത്?
ഞാനൊരിക്കലും ഇസ്ലാം മതത്തെയോ ക്രിസ്തുമതത്തെയോ കുറ്റപ്പെടുത്തിയിട്ടില്ല. അവരുടെ ആരാധനയെ എതിര്‍ക്കുന്നുമില്ല. തീവ്രവാദത്തെ എതിര്‍ക്കുന്ന ഇസ്ലാം മത വിശ്വാസികള്‍ ഒരുപാടുണ്ട്. എന്നാല്‍ അവരുടെ കൂടെ നില്‍ക്കാന്‍ ഒരു സംഘടനയുമില്ല. കൊല്ലാന്‍ വരുന്നവരുടെ കൂടെയാണ് രാഷ്ട്രീയക്കാര്‍. ഈ സമീപനം കൊണ്ടാണ് ഇവിടെ ഭീകരവാദികള്‍ വളരുന്നത്. എന്റെ വീടിന് നാലുപുറവും താമസിക്കുന്നത് മുസ്ലീങ്ങളാണ്. ഞാന്‍ ജോലി ചെയ്യുന്ന സ്‌കൂളില്‍ 4500ലധികം കുട്ടികളുണ്ട്. അക്കൂട്ടത്തില്‍ തൊണ്ണൂറുശതമാനവും മുസ്ലീം കുടുംബത്തില്‍നിന്ന് വരുന്നവരാണ്. അവരാരും പറയില്ല, ഞാന്‍ ഇസ്ലാമിന്റെ ശത്രുവാണെന്ന്. ടീച്ചര്‍ ഏറ്റവും കൂടുതല്‍ ഇടപെട്ടത് ശബരിമലയുടെ കാര്യത്തിലാണ്. ഇപ്പോഴും ശബരിമല വിവാദങ്ങളില്‍ നിറയുന്നു. ഒരു സ്ത്രീ എന്ന നിലയില്‍ ശബരിമലയിലെ സ്ത്രീ പ്രവേശത്തെഅംഗീകരിക്കുന്നുണ്ടോ?
ഏതൊരു സ്ഥലത്തും പരിഷ്‌കരണം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അതിന്റെ ഗുണഭോക്താക്കളാണ്. ഞങ്ങള്‍ക്ക് ക്ഷേത്രത്തില്‍ കയറാനുള്ള സ്വാതന്ത്ര്യം വേണമെന്ന് അധഃസ്ഥിതര്‍ വാദിച്ചപ്പോഴാണ് ക്ഷേത്രപ്രവേശന വിളംബരമുണ്ടായത്. ആ പ്രക്ഷോഭം ഫലം കാണുകയും ചെയ്തു. അതുപോലെ തന്നെയാണ് ഇതും. കേരളത്തിലെ സ്ത്രീകള്‍ അത്ര മോശക്കാരല്ല. ക്ഷേത്രം മുഴുവന്‍ ഹിന്ദുവിന്റേതല്ല, ഭക്തരായ വിശ്വാസികളുടേതാണ്. ഞങ്ങള്‍ക്ക് ശബരിമലയില്‍ കയറണമെന്ന് ഭക്തരായ സ്ത്രീകള്‍ ആവശ്യപ്പെട്ടാല്‍ ഇക്കാര്യം ഹിന്ദു ഐക്യവേദി ചര്‍ച്ച ചെയ്യും. ഏതുകാര്യവും ഞങ്ങള്‍ തീരുമാനമെടുക്കുന്നത് സാമുദായിക സംഘടനകളുമായി ആലോചിച്ചിട്ടാണ്. ദേവസ്വംബോര്‍ഡിലെ നിയമനം റിക്രൂട്ട്‌മെന്റാക്കണമെന്നായിരുന്നു ഞങ്ങളുടെ ആവശ്യം. പി.എസ്.എസിക്ക് വിടുന്നതാണ് നല്ലതെന്ന് സാമുദായിക സംഘടനകള്‍ പറഞ്ഞപ്പോള്‍ ഞങ്ങളും അത് അംഗീകരിച്ചു. എസ്.എന്‍.ഡി.പി, എന്‍.എസ്.എസ്, പുലയര്‍മഹാസഭ തുടങ്ങിയ പ്രബലമായ സമുദായസംഘടനകളുടെ നാടാണ് കേരളം. അവര്‍ക്കൊക്കെയും സ്ത്രീ വിഭാഗവുമുണ്ട്. ഇവരാരും ശബരിമലയില്‍ പോകണമെന്ന് പറഞ്ഞിട്ടില്ല. അതിനുവേണ്ടി ഒരു പ്രമേയം പോലും പാസാക്കിയിട്ടുമില്ല. തൊണ്ണൂറു ശതമാനം ക്ഷേത്രങ്ങളിലും മാതൃസമിതിയുണ്ട്. അവരും ഇക്കാര്യം അംഗീകരിക്കുന്നില്ല. പിന്നെന്തിനാ വെറുതെയൊരു വിവാദം? മറ്റു ക്ഷേത്രങ്ങളെ അപേക്ഷിച്ച് ശബരിമലയ്ക്ക് മതേതരമായ ഒരു തലമുണ്ട്. മുസ്ലീമായ വാവരെ തൊഴുതിട്ടുവേണം മലകയറാന്‍. അപ്പോള്‍പ്പിന്നെ മറ്റു മതക്കാര്‍ കയറുമ്പോള്‍ എതിര്‍ക്കപ്പെടേണ്ടതുണ്ടോ? വാവരെ തൊഴുന്നതില്‍ കുഴപ്പമില്ല. വാവര്‍ ഇസ്ലാമാണെന്ന് അംഗീകരിച്ചാല്‍ അയ്യപ്പന്‍ വളരെ അടുത്തകാലത്ത് ജനിച്ച ഒരാളാണെന്ന് പറയേണ്ടിവരും. കേരളത്തില്‍ ഇസ്ലാംമതം വ്യാപിച്ചിട്ട്‌നൂറ്റാണ്ടുകളേ ആയിട്ടുള്ളു. അയ്യപ്പന്‍ ജനിച്ചതാവട്ടെ സഹസ്രാബ്ദങ്ങള്‍ക്കു മുമ്പാണ്. അപ്പോള്‍പ്പിന്നെ എവിടെയൊക്കെയോ പൊരുത്തക്കേടുകളുണ്ട്. എരുമേലിയിലേത് വാവരുടെ പള്ളിയല്ല എന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം കൊടുത്തത് പള്ളി നടത്തിപ്പുകാരായ ജമാഅത്ത് കമ്മിറ്റിക്കാരാണ്. നായനാര്‍ പള്ളി എന്നാണതിന് പേരത്രേ. വാവര് പള്ളി എന്ന പേര് രേഖയില്‍ ഒരിടത്തുമില്ല. ഇതൊന്നും ഞാന്‍ ഉണ്ടാക്കിപ്പറയുന്നതല്ല.
മന്ത്രി കെ.ടി.ജലീല്‍ ശബരിമല സന്ദര്‍ശിച്ചപ്പോഴും വിവാദമുണ്ടായി. അയ്യപ്പനി ല്‍ വിശ്വാസമുണ്ടെങ്കില്‍ മതം നോക്കുന്നത് എന്തിനാണ്?

മതേതരത്വം തെളിയിക്കാന്‍ വേണ്ടി പോകേണ്ട ഇടമല്ല ശബരിമല. പിക്‌നിക് സ്‌പോട്ടല്ല അതെന്ന് ബി.ജെ.പിയുടെ മുന്‍പ്രസിഡന്റ് വി.മുരളീധരന്‍ പറഞ്ഞത് ശരിയാണ്. ഒന്നുകില്‍ ഹിന്ദു. അല്ലെങ്കില്‍ ഹിന്ദുത്വത്തില്‍ വിശ്വസിക്കുന്നവര്‍. ഇവര്‍ക്ക് ശബരിമല കയറാം. നല്ല കാര്യങ്ങളാണ് ഭരണാധികാരികള്‍ ചെയ്യുന്നതെങ്കില്‍ കുഴപ്പമില്ല. അയ്യപ്പനെ ചൂഷണം ചെയ്യുന്നതിനോട് താല്‍പ്പര്യമില്ല. ശബരിമലയില്‍ ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുകയാണ് ഭരണാധികാരികള്‍ ചെയ്യേണ്ടത്. അല്ലാതെ ചീപ്പ് പബ്ലിസിറ്റിക്കുവേണ്ടി അയ്യപ്പനെ കരുവാക്കുന്നതിനോട് യോജിപ്പില്ല. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാത്തയാളാണ് ദേവസ്വം മന്ത്രി. അദ്ദേഹം ശബരിമലയിലെത്തി തൊഴുതു. ചിലപ്പോള്‍ മന്ത്രിക്ക് മാനസാന്തരം വന്നതായിരിക്കാം. അയ്യപ്പന്‍ അദ്ദേഹത്തെ നന്നാക്കട്ടെ.

ഭര്‍ത്താവിന് കുവൈറ്റിലായിരുന്നല്ലോ ജോലി. മുസ്ലീം രാജ്യമായതുകൊണ്ടാണോ അവിടം ഉപേക്ഷിച്ചത്?

അതൊന്നുമല്ല. ചെറുതെങ്കിലും സര്‍ക്കാര്‍ ജോലി വേണമെന്ന് ഭര്‍ത്താവിന് നിര്‍ബന്ധമായിരുന്നു. അവരുടെ കുടുംബത്തിന് സ്വന്തം സ്‌കൂളുണ്ട്. അവിടെ നോണ്‍ടീച്ചിംഗ് സ്റ്റാഫിന്റെ ഒഴിവ് വന്നപ്പോഴാണ് കുവൈറ്റിലെ ജോലി വിട്ട് നാട്ടിലേക്ക് വന്നത്.
ഗള്‍ഫ് മുസ്ലീംരാജ്യമാണെന്ന് പറയുമ്പോള്‍ ഹിന്ദുവിന് പറയാന്‍ എവിടെയാ ഒരു നാടുള്ളത്? ഇന്ത്യയില്‍ ജീവിക്കുന്ന മുസല്‍മാനെ നമ്മള്‍ സഹോദരന്‍മാരെപ്പോലെയാണ് കാണുന്നത്. എല്ലാ ആനുകൂല്യവും അവര്‍ക്ക് നല്‍കുന്നുമുണ്ട്.
എന്നിട്ടും ഗള്‍ഫിലെത്തുമ്പോള്‍ സ്വന്തം നാടാണെന്ന ബോധ്യം ചിലര്‍ക്കൊക്കെ ഉണ്ടാവുന്നു. ഇതല്ലേ സങ്കുചിതത്വം? ഗള്‍ഫില്‍ പോയി തിരിച്ചുവരുന്ന ഓരോ ഹിന്ദുവും കൂടുതല്‍ ഹിന്ദുത്വബോധത്തോടെ തിരിച്ചുവരുന്നത് അതുകൊണ്ടാണ്. ലോകം വാഴ്ത്തിയിട്ടും മദര്‍തെരേസയെ അംഗീകരിക്കാന്‍ ടീച്ചര്‍ക്ക് കഴിയാത്തത് എന്തുകൊണ്ടാണ്?
മദര്‍തെരേസയുടെ പ്രവര്‍ത്തനത്തെ ഞാന്‍ വിമര്‍ശിച്ചിട്ടില്ല. അവര്‍ക്ക് മതത്തിനപ്പുറമുള്ള ഒരു തലമുണ്ട്. ഞാന്‍ ക്രിസ്തുവിന്റെ മണവാട്ടിയാണ്, സാമൂഹ്യപ്രവര്‍ത്തകയല്ല എന്നാണ് അവര്‍
പറഞ്ഞിട്ടുള്ളത്. ഒറ്റക്കാര്യം ശ്രദ്ധിക്കുക. അവര്‍ പ്രവര്‍ത്തിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ പിന്‍ഗാമിയായി വന്നത് സിസ്റ്റര്‍ നിര്‍മ്മല ജോഷിയാണ്. നേപ്പാളിലെ ബ്രാഹ്മണകുടുംബത്തില്‍പെട്ട പെണ്‍കുട്ടിയായിരുന്നു അവര്‍. അപ്പോള്‍പിന്നെ മതംമാറ്റം നടത്തിയിട്ടില്ലെന്ന് പറയുന്നത് ശരിയല്ല. അവര്‍ ചെയ്യുന്ന അത്രതന്നെ, അല്ലെങ്കില്‍ അതിലധികം സേവനപ്രവര്‍ത്തനങ്ങള്‍ മാതാ അമൃതാനന്ദമയി ദേവി ചെയ്യുന്നുണ്ട്. പക്ഷേ ‘അമ്മ’യുടെ പെന്‍ഷന്‍ വാങ്ങാന്‍ പര്‍ദ്ദയിട്ട് വരുന്നവര്‍ ആ പര്‍ദ്ദയിട്ടിട്ടുതന്നെയാണ് തിരിച്ചുപോകുന്നത്.
അവരുടെ വീട് വാങ്ങിക്കാന്‍ കുരിശുമാലയിട്ട് പോകുന്നവരെ ആരും പിടിച്ചുവയ്ക്കുന്നില്ല. എന്നിട്ടും അമ്മയെ വാഴ്ത്തുകയല്ല, വീഴ്ത്തുകയാണ് ചെയ്യുന്നത്. അവരെ ആള്‍ദൈവമായി കാണുന്നു. ഇതിന് പിറകില്‍ ഒരജണ്ടയുണ്ട്. മദര്‍ തെരേസ ചെയ്യുന്ന നല്ല പ്രവര്‍ത്തനങ്ങളെ മാനിക്കുന്നുണ്ട്. ബംഗാളിന്റെ തൊട്ടടുത്താണ് ബംഗ്ലാദേശ്. എന്തുകൊണ്ട് അവര്‍ അവിടെപ്പോയി സാമൂഹ്യപ്രവര്‍ത്തനം നടത്തുന്നില്ല? ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അവിടെ കഴിയില്ല. കാരണം ഇസ്ലാം ഭൂരിപക്ഷ പ്രദേശമാണത്. ഇന്ത്യ അവരുടെ റിസര്‍വോയര്‍ ആണ്.മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ ഇന്ത്യാ ഗവണ്‍മെന്റ് വിട്ടത് സുഷമാസ്വരാജിനെയാണ്. എന്നാല്‍ കേരള സര്‍ക്കാര്‍ പറഞ്ഞുവിട്ടതാകട്ടെ മതംനോക്കിയും. ഇതല്ലേ വര്‍ഗീയത? പഴയകാലത്തെ അപേക്ഷിച്ച് വിശ്വാസം കൂടിവരുന്ന കാഴ്ചയാണ് കേരളത്തില്‍. കമ്യൂണിസ്റ്റുകാര്‍ പോലും ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നു?
വിശ്വാസം കൂടി എന്നു പറയാന്‍ കഴിയില്ല. പണ്ടും വിശ്വാസികള്‍ ഏറെയുണ്ടായിരുന്നു. അന്ന് വീടുകളില്‍ വിളക്കുവച്ച് പ്രാര്‍ഥിക്കും. നാമം ചൊല്ലും. രാമായണം വായിക്കും. പണ്ടുകാലത്ത് യാത്ര ചെയ്യാനുള്ള പ്രയാസമുണ്ടായിരുന്നു. ഇന്നത് മാറി. മിക്കവര്‍ക്കും വണ്ടിയുണ്ട്. ഏത് ആരാധനാലയത്തിലേക്കും എളുപ്പം പോകാം. കമ്യൂണിസ്റ്റുകാരുടെ ജാഡ മാറി എന്നതാണ് ഇക്കാലത്തെ മാറ്റം. ശ്രീകൃഷ്ണജയന്തിയും വിനായകചതുര്‍ഥിയും ആഘോഷിക്കപ്പെടുമ്പോള്‍ അവര്‍ ഇത്രയുംകാലം നോക്കിയിരിക്കുകയായിരുന്നു. അണികള്‍ അതില്‍ പങ്കാളികളായപ്പോഴാണ് അവരും ഇറങ്ങിത്തിരിച്ചത്. മുന്‍ മന്ത്രിയായ ഇ.പി.ജയരാജന്‍ പോലും അമ്പലത്തിനുവേണ്ടി തേക്ക് ചോദിക്കുന്ന കാലത്താണല്ലോ നമ്മള്‍ ജീവിക്കുന്നത്.

ഹിന്ദുക്കളിലും തീവ്രവാദികളില്ലേ?

ഇപ്പോഴില്ല. മത വിശ്വാസപ്രകാരം ഒരു ഹിന്ദുവിന് തീവ്രവാദിയാകാന്‍ കഴിയില്ല. പക്ഷേ പല ചെറുപ്പക്കാരുടെയും മനസ് അസ്വസ്ഥമാണ്. എന്തുകൊണ്ട് ഹിന്ദു മാത്രം അവഗണിക്കപ്പെടുന്നു എന്നൊക്കെ ചിലര്‍ ചോദിച്ചുതുടങ്ങിയിട്ടുണ്ട്. ഇതിനൊക്കെ ക്രമീകരണം ഉണ്ടായില്ലെങ്കില്‍ തീവ്രവാദത്തിലേക്കാവും നയിക്കപ്പെടുക. ഹിന്ദുവാകുന്ന പ്രഷര്‍കുക്കറിന്റെ സേഫ്റ്റിവാല്‍വാണ് എന്നെപ്പോലുള്ളവര്‍. സേഫ്റ്റിവാല്‍വ് കൂടി ഇല്ലായിരുന്നെങ്കില്‍ ഈ കുക്കര്‍ എപ്പോഴേ പൊട്ടിത്തെറിച്ചേനെ.

വര്‍ഗീയപ്രസംഗം നടത്തുന്നു എന്നാരോപിച്ച് ടീച്ചര്‍ക്കെതിരേ കേസെടുത്തല്ലോ?

ഇക്കാര്യത്തില്‍ മാധ്യമങ്ങളില്‍ നിന്നുള്ള അറിവേ എനിക്കുള്ളൂ. വിശദാംശങ്ങള്‍ ഒന്നും അറിയില്ല. പ്രസംഗം എവിടെ നടന്നു? ഏതുദിവസം? ഏതുസമയം? ഇത്തരം കാര്യങ്ങളൊന്നുമില്ലാതെ യൂ ട്യൂബിലെ ലിങ്ക് കാണിച്ചപ്പോള്‍ പോലീസ് കേസെടുത്തു എന്നു കേട്ടപ്പോള്‍ അദ്ഭുതം തോന്നി. മാത്രമല്ല, ഒന്നര മാസം മുമ്പാണ് സ്‌റ്റേഷനില്‍ ഈ പരാതി കിട്ടിയത്. എന്നിട്ടും ഇത്രയുംനാള്‍ കേസെടുക്കാന്‍ എന്തിന് താമസിച്ചു എന്ന ചോദ്യവും സ്വാഭാവികം. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ ഭാഗമാണ് ഈ കേസ്. അതുകൊണ്ടുതന്നെ ഗൗരവത്തോടെ കാണുന്നില്ല. ഇതുകൊണ്ടൊന്നും ഞാന്‍ പ്രസംഗം നിര്‍ത്താന്‍ പോകുന്നില്ല. ഹിന്ദുവിന് തുല്യനീതി കിട്ടിയാല്‍ ഹിന്ദു ഐക്യവേദി എന്ന സംഘടനയുടെ പ്രസക്തി നഷ്ടപ്പെടും. അത് നേടുന്നതുവരെ പ്രസംഗിച്ചുകൊണ്ടേയിരിക്കും.

Top