ഹിന്ദു തീവ്രവാദികള്‍ക്ക് വിവേകാനന്ദനെക്കുറിച്ച് ഒന്നുമറിയില്ല; പാകിസ്ഥാനെ വെറുക്കുന്നതല്ല ദേശീയത: സ്വാമി സന്ദീപാനന്ദ ഗിരി

കൊച്ചി: ഹിന്ദു തീവ്രവാദികള്‍ക്ക് സ്വാമി വിവേകാനന്ദനെക്കുറിച്ച് ഒന്നുമറിയില്ല. അവര്‍ക്ക് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാനുള്ള ചിത്രം മാത്രമെന്ന് സ്വാമി സന്ദീപാനന്ദഗിരി. സ്വതന്ത്രഭാരതത്തില്‍ ആറുമാസംപോലും ഗാന്ധിജിയെ ജീവിക്കാന്‍ അനുവദിക്കാത്തവരാണ് ഹിന്ദുമതത്തിന്റെയും ദേശീയതയുടെയും വക്താക്കളായി ഇപ്പോള്‍ രംഗത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കപട ദേശീയത ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്ന സെമിനാറില്‍ സംസാരിക്കുയായിരുന്നു സന്ദീപാനന്ദഗിരി.

ഷിക്കാഗോയിലെ ലോകമതസമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന്‍ നടത്തിയ പ്രസംഗങ്ങള്‍ ഉദ്ധരിച്ച് സംസാരിച്ച സ്വാമി സന്ദീപാനന്ദഗിരി ഹിന്ദുത്വ തീവ്രവാദികളുടെ വാദമുഖത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടിയത് ഹര്‍ഷാരവങ്ങളോടെയാണ് സദസ്സ് സ്വീകരിച്ചത്.തെറ്റിദ്ധാരണ പരത്തുന്ന വാദമുഖങ്ങളാണ് ഹിന്ദുത്വവാദികള്‍ നിരന്തരം ഉയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഴുവന്‍ ലോകവും തറവാട് എന്നതാണ് ഭാരതത്തിന്റെ ദേശീയത. ഇപ്പോള്‍, പാകിസ്ഥാനെ വെറുക്കുന്നതാണ് ദേശീയതയെന്ന് ചിലര്‍ പഠിപ്പിക്കുന്നു. ജാതിക്കും മതത്തിനും മനുഷ്യനുമെല്ലാം അതീതമായ പ്രപഞ്ചശക്തിയുടെ ഭാഗമാണ് താനെന്ന് ശ്‌ളോകം ചൊല്ലിയാണ് ഒരാള്‍ സന്യാസിയാകുന്നത്. സന്യാസിക്ക് ഒരിക്കലും താന്‍ ഒരു മതത്തിന്റെ ആളാണെന്ന് പറയാന്‍ സാധ്യമല്ല. ഇത് തിരിച്ചറിയാത്തവരാണ് ശ്രീനാരായണഗുരുവിനെ ഹിന്ദുസന്യാസിയും ഈഴവനുമായി ചിത്രീകരിക്കുന്നതെന്നും സ്വാമി സന്ദീപാനന്ദഗിരി ചൂണ്ടിക്കാട്ടി.
മിത്തിനെ ചരിത്രമാക്കുകയാണ് സംഘപരിവാര്‍. മഹാഭാരതത്തെയും ഗീതയെയുമെല്ലാം തെറ്റായി വ്യാഖ്യാനിച്ച് തങ്ങളുടെ വര്‍ഗീയത പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നു. മഹാഭാരതയുദ്ധം ബാഹ്യമല്ല, ആന്തരികമാണ്. മനുഷ്യമനസ്സില്‍ നടന്നതാണ്. മഹാഭാരതം സംഭവകഥയല്ല, മൂല്യങ്ങളാണെന്ന് വ്യാസന്‍തന്നെ പറഞ്ഞിട്ടുണ്ട്. ഹൈന്ദവ പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും പേറ്റന്റ് മൊത്തക്കച്ചവടക്കാര്‍ക്ക് വിട്ടുകൊടുക്കാനുള്ളതല്ല. അതേക്കുറിച്ച് പുരോഗമനവാദികള്‍ പഠിക്കുകയും ശരിയായ നിഗമനങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

തുഞ്ചന്‍ പറമ്പില്‍ പ്രഭാഷണത്തിനിടെ ആക്രമണമുണ്ടായപ്പോള്‍ എം ടിയുടെ മുറിയില്‍ അഭയം തേടിയ സംഭവവും സ്വാമി വിവരിച്ചു. ”ഇവര്‍ക്ക് തുഞ്ചന്‍പറമ്പും വെളിപ്പറമ്പും ഒരുപോലെയാണ് എന്നാണ് എം ടി പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സെമിനാര്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. സംഘപരിവാറിന്റെ കപട ദേശീയതയ്ക്കുകീഴില്‍ ഇന്ത്യന്‍ മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍ സധൈര്യം ഏറ്റെടുക്കാന്‍ യുവാക്കളോട് കാരാട്ട് ആഹ്വാനംചെയ്തു. ഇന്ത്യയെ പലതായി പകുത്തെടുക്കാനുള്ള സംഘപരിവാറിന്റെ നീക്കം ചെറുത്തുതോല്‍പ്പിക്കുമെന്ന കേരളത്തിന്റെ പ്രഖ്യാപനം കൂടിയായി ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ സംഗമം.

Top