
വഡോദര: കന്നുകാലി കശാപ്പില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കണ്ണൂരില്‍ കോണ്‍ഗ്രസ്സ് നടത്തിയ പരസ്യ കശാപ്പ് ദേശീയ ചര്‍ച്ചയായിരുന്നു. വളരെയധികം വിമര്‍ശനം ഏറ്റുവാങ്ങിയ ആ പ്രതിഷേധ രീതിയെ രാഹുല്‍ ഗാന്ധിവരെ തള്ളിക്കളഞ്ഞിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഗുജറാത്തില്‍ കോണ്‍ഗ്രസ് ഓഫിസ് തകര്‍ത്തു.
വഡോദരയിലെ പാര്‍ട്ടി ഓഫിസാണ് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ തകര്‍ത്തത്. കോണ്‍ഗ്രസിനെതിരെ മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ ഓഫിസിനു നേരെ ആക്രമണം നടത്തുകയായിരുന്നു. പ്രതിഷേധപ്രകടത്തിന് ഒടുവില്‍ ഇവര്‍ കോണ്‍ഗ്രസ് നേതാക്കളുടെ കോലം കത്തിച്ചു.
കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി കാളയെ കശാപ്പു നടത്തിയതിന് എതിരെ വന്‍ പ്രചാരണമാണ് സംഘപരിവാര്‍ ദേശീയതലത്തില്‍ നടത്തുന്നത്. യൂത്ത് കോണ്‍ഗ്രസ് നടപടിയെ തള്ളിപ്പറഞ്ഞ് പാര്‍ട്ടി നേതൃത്വം രംഗത്തുവന്നിട്ടുണ്ട്. രാഹുല്‍ ഗാന്ധി സംഭവത്തെ അപലപിച്ചതിനു പിന്നാലെ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച മൂന്നു പേരെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ദേശീയ തലത്തില്‍ സംഘപരിവാര്‍ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് വഡോദരയില്‍ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച സംഘടനയാണ് ഹിന്ദു യ്ുവവാഹിനി.