ന്യൂഡല്‍ഹി: പാകിസ്ഥാന്‍ പിന്‍മാറിയെങ്കിലും അയല്‍രാജ്യങ്ങളെ കയ്യിലെടുത്ത് മോദിയുടെ നീക്കം. സാര്‍ക്കിലെ അംഗരാജ്യങ്ങള്‍ക്ക് നല്‍കിയ ഉറപ്പായിരുന്നു ഇന്ത്യയുടെ വക ഉപഗ്രഹമെന്ന വാഗ്ദാനം. യുദ്ധ ശക്തിയില്‍ ചൈനയുടെ വളര്‍ച്ച ഭീതികരമായി നീങ്ങുന്നതിനിടയിലാണ് ഇന്ത്യയുടെ പുതിയ നീക്കങ്ങള്‍.
മേഖലയില്‍ സ്വാധീനം വളര്‍ത്താന്‍ ചൈന കിണഞ്ഞു ശ്രമിക്കുകയും ഇന്ത്യ പാക്ക് ബന്ധത്തിലെ ഉലച്ചിലുകള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മോദിയുടെ ‘ബഹിരാകാശ നയതന്ത്രം’.
ദുരന്തനിവാരണ ഏകോപനം, വിദ്യാഭ്യാസ സേവനങ്ങള്‍, ആശയവിനിമയം, ടെലിമെഡിസിന്‍ തുടങ്ങിയ മേഖലകളില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ കൂടുതല്‍ സഹകരണം സാധ്യമാക്കുന്ന വാര്‍ത്താവിനിമയ ഉപഗ്രഹമാണ് ‘സൗത്ത് ഏഷ്യ സാറ്റലൈറ്റ്’. ഇന്നലെ ആയിരുന്നു ഇത് വിക്ഷേപിച്ചത്. അയല്‍രാജ്യങ്ങള്‍ക്ക് സൗജന്യമായി ഉപയോഗിക്കാവുന്ന ഉപഗ്രഹം ഇതാദ്യമാണ്.
ബഹിരാകാശ ഗവേഷണ രംഗത്തെ സമാനതകളില്ലാത്ത നേട്ടങ്ങള്‍ അയല്‍രാജ്യങ്ങളുമായി സൗജന്യമായി പങ്കുവയ്ക്കുക എന്ന ഇന്ത്യയുടെ സ്വപ്നമാണ് ഇതോടെ പൂവണിയുന്നത്. 12 വര്‍ഷം നീണ്ടുനില്‍ക്കുന്ന ദൗത്യത്തിന് 450 കോടിയോളം രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. ഉപഗ്രഹത്തിനു മാത്രം 235 കോടി രൂപ ചെലവായി. ഉപഗ്രഹത്തിലൂടെ 10,000 കോടിയോളം രൂപയുടെ ഗുണമാണ് സാര്‍ക് രാജ്യങ്ങള്‍ക്കു ലഭിക്കുക.
ഐഎസ്ആര്‍ഒയുടെ ജിഎസ്എല്‍വിഎഫ്09 റോക്കറ്റാണു ഉപഗ്രഹവിക്ഷേപണം നടത്തിയത്. വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയ ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞന്മാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഉപഗ്രഹ വിക്ഷേപണം ചരിത്രമുഹൂര്‍ത്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാമ്പത്തിക രംഗത്തു വന്‍ കുതിച്ചുചാട്ടത്തിനു ഇതു വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സഹകരണ സംഘമായ ‘സാര്‍ക്കി’നായി നിര്‍മ്മിച്ച വാര്‍ത്താവിനിമയ ഉപഗ്രഹമാണ് ‘സൗത്ത് ഏഷ്യ സാറ്റലൈറ്റ്’. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു സാര്‍ക്ക് രാജ്യങ്ങള്‍ക്കു വേണ്ടി ഉപഗ്രഹമെന്ന നിര്‍ദ്ദേശം ഐഎസ്ആര്‍ഒയ്ക്കു മുന്‍പില്‍ വച്ചത്. കൃത്യസമയത്ത് തന്നെ മോദിയുടെ ആഗ്രഹ പ്രകാരം ഉപഗ്രഹ വിക്ഷേപണം നടക്കുകയും ചെയ്തു.
സാര്‍ക് രാജ്യങ്ങളില്‍ പാക്കിസ്ഥാന്‍ ഒഴികെ എല്ലാവരും ഭാഗമാണ്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ഭൂട്ടാന്‍, മാലദ്വീപ് എന്നീ രാജ്യങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാകും. 2014 ല്‍ പ്രധാനമന്ത്രി സ്ഥാനമേറ്റശേഷം നരേന്ദ്ര മോദിയുടെ ആദ്യ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു ഇത്. ‘സാര്‍ക് സാറ്റലൈറ്റ്’ എന്നാണ് ആദ്യം പേരിട്ടതെങ്കിലും പാക്കിസ്ഥാന്‍ പിന്മാറിയതോടെ ‘ദക്ഷിണേഷ്യന്‍ സാറ്റലൈറ്റ്’ എന്നാക്കി മാറ്റി.
സബ്കാ സാത്, സബ്കാ വികാസ് ആശയത്തിന്റെ തുടര്‍ച്ചയാണ് ബഹിരാകാശത്തെ സൗജന്യസേവനം. സാര്‍ക്ക് രാജ്യതലവന്മാരെല്ലാം ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. നേരത്തെ പാക്കിസ്ഥാനില്‍ നടക്കാനിരുന്ന സാര്‍ക്ക് സമ്മേളനം ബഹിഷ്‌കരിക്കാന്‍ ഇന്ത്യ തീരുമാനിച്ചു. ഭീകരാക്രമണങ്ങളെ തുടര്‍ന്നായിരുന്നു. ഇതേ തുടര്‍ന്ന് സാര്‍ക്കിലെ ബഹുഭൂരിപക്ഷം പേരും പിന്മാറി. അങ്ങനെ പാക്കിസ്ഥാന്‍ ഒറ്റപ്പെടുകയും ചെയ്തു. ഈ സൗഹൃദം പുതിയ തലത്തിലേക്ക് എത്തിക്കുന്നതാണ് ബഹിരാകാശ നയതന്ത്രവും.
ദക്ഷിണേഷ്യന്‍ സാറ്റലൈറ്റ് വിക്ഷേപണം പ്രകൃതിയെ കുറിച്ച് അറിയാനുള്ള സുപ്രധാന ചുവടുവയ്പാണെന്ന് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് മുഹമ്മദ് അഫ്‌റഫ് ഗനി പ്രതികരിച്ചു. വികസനം ജനങ്ങള്‍ക്കു വേണ്ടിയാകണം. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഭരണനേട്ടങ്ങള്‍ ലഭ്യമാകണം. പാവങ്ങള്‍ക്കും അധഃസ്ഥിതര്‍ക്കും ഏറെ ഗുണകരമാകും ഈ സഹകരണമെന്നും ഗനി പറഞ്ഞു. ഈ സുപ്രധാന നിമിഷത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നതായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും അറിയിച്ചു. ഇന്ത്യക്കും പ്രധാനമന്ത്രി മോദിക്കും ബംഗ്ലാദേശിന്റെ അഭിനന്ദനം. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങളുടെ പുരോഗതിക്കു ദക്ഷിണേഷ്യന്‍ സാറ്റലൈറ്റ് സഹായകരമാകുമെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.
സൗഹൃദത്തിന്റെയും പരസ്പര സഹകരണത്തിന്റെയും ഉദാഹരണമാണ് ഇന്ത്യയുടെ സമ്മാനമെന്നു ഭൂട്ടാന്‍ പ്രധാനമന്ത്രി ഷിറിങ് ടോഗ്‌ബെയുടെ പ്രതികരണം. ഈ മേഖലയുടെ സമഗ്ര വളര്‍ച്ചക്കിത് സഹായിക്കും. ഭൂട്ടാന്‍ ഉള്‍പ്പെടുന്ന ദക്ഷിണേഷ്യയുടെ വികസനത്തിനായി ദീര്‍ഘദര്‍ശനത്തോടെ പ്രവര്‍ത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹൃദയം നിറഞ്ഞ നന്ദി. പ്രാദേശിക സഹകരണത്തിനു വിക്ഷേപണം മുതല്‍ക്കൂട്ടാണെന്നും ടോഗ്‌ബെ പറഞ്ഞു.
അയല്‍രാജ്യങ്ങളോടുള്ള ഇന്ത്യയുടെ പ്രഥമപരിഗണനയുടെ ഉദാഹരണമാണിതെന്ന് മാലദ്വീപ് പ്രസിഡന്റ് അബ്ദുള്ള യമീന്‍ അബ്ദുള്‍ ഗയൂം അഭിപ്രായപ്പെട്ടു. സന്തോഷം നിറഞ്ഞ വേളയില്‍ പ്രധാനമന്ത്രിക്ക് മാലദ്വീപിന്റെ നന്ദി. പൊതുനന്മയ്ക്കും മികച്ച സാമ്പത്തിക അവസരങ്ങള്‍ക്കുമായി ഒരുമിച്ച് ജോലിചെയ്യാം. സബ്കാ സാത്ത് സബ്കാ വികാസ് ഗയൂം പറഞ്ഞു. സാറ്റലൈറ്റ് വിക്ഷേപണം നേപ്പാളിന്റെ പര്‍വത പ്രദേശത്തു ആശയവിനിമയത്തിനു സഹായിക്കുമെന്നു പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പറഞ്ഞു. ഇന്ത്യക്കും മോദിക്കും അഭിനന്ദനവും അറിയിച്ചു.
മേഖലയിലെ സമ്പദ് വ്യവസ്ഥ പോഷിപ്പിക്കാനും ദാരിദ്യം ഇല്ലാതാക്കാനും ഇന്ത്യയുടെ നിലപാട് സഹായിക്കുമെന്നു ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പറഞ്ഞു. അങ്ങനെ പ്രത്യക്ഷത്തില്‍ തന്നെ സാര്‍ക് നേതാക്കളെല്ലാം ഇന്ത്യയ്ക്ക് പിന്നില്‍ അണിനിരക്കുകയാണ്.