ഡല്‍ഹി: റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കാന്‍ സാധിക്കുമായിരുന്നെന്ന് എച്ച്.എ.എല്‍ മുന്‍ മേധാവി ടി.സുവര്‍ണ രാജു. കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കില്‍ റാഫേല്‍ വിമാനങ്ങള്‍ നിര്‍മിക്കാനുള്ള കരാര്‍ എച്ച്.എ.എല്‍ നു ലഭിച്ചേനെയെന്നും അദ്ദേഹം പറയുന്നു.
സെപ്തംബര്‍ 1 വരെ എച്ച്.എ.എല്‍ ന്റെ തലവനായിരുന്ന സുവര്‍ണ രാജു ഈ വിഷയത്തില്‍ പൊതുമേഖലാ വിമാന നിര്‍മാണ യൂണിറ്റിന്റെ ഭാഗത്ത് നിന്ന് പ്രതികരിക്കുന്ന ആദ്യത്തെ ആളാണ്. കേന്ദ്രസര്‍ക്കാര്‍ റാഫേല്‍ വിമാന നിര്‍മാണ കരാര്‍ റിലയന്‍സിന് നല്‍കിയതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുമ്പോഴാണ് രാജു ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തുവന്നിരിക്കുന്നത്. ആധികാരികമായി ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ പ്രാപ്തനായ ആളെന്ന നിലക്ക് രാജുവിന്റെ പ്രസ്താവനയെ തള്ളിക്കളയാന്‍ കേന്ദ്രസര്‍ക്കാരിനും സാധിക്കില്ല.
കോണ്‍ഗ്രസ് അധികാരത്തിലിരിക്കെയാണ് 126 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ ഫ്രാന്‍സുമായി കരാറിലെത്തുന്നത്. അന്ന് ഫ്രഞ്ച് കമ്പനിയായ ദസോള്‍ ഏവിയേഷന്റെ ഇന്ത്യന്‍ കരാര്‍ പങ്കാളി പൊതുമേഖല സ്ഥാപനമായ എച്ച്എഎല്‍ (ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്സ് ലിമിറ്റഡ്) ആയിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ 126 വിമാനങ്ങള്‍ വെട്ടിച്ചുരുക്കി 36 ആക്കുകയും യുപിഎ കാലത്തേക്കാള്‍ കൂടിയ വിലയ്ക്ക് വിമാനം വാങ്ങാന്‍ തീരുമാനിക്കുകയുമായിരുന്നു. കൂടിയ വിലയ്ക്ക് കുറച്ചുവാങ്ങുന്നിതിന് പിന്നിലും എച്ച്എഎല്ലിന് പകരം അനില്‍ അംബാനിയുടെ റിലൈന്‍സ് ഡിഫന്‍സിനെ കരാറില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതില്‍ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അതേസമയം റാഫേല്‍ കരാറിനെ ന്യായീകരിച്ച് വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.