![](https://dailyindianherald.com/wp-content/uploads/2016/02/ONVVVVS.png)
ഇനി ഒന്‍ എന്‍വി കവിതകളിലൂടെ ജനഹൃദയങ്ങളില്‍ ജീവിക്കും. മലയാളത്തിന്റെ കാവ്യ സൗന്ദര്യത്തിന് മലയാളം േനിറകണ്ണുകളോടെ വിട നല്‍കുകയാണ്… തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച വൈകിട്ട് 4.35നായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു. ഇന്നലെ രാത്രിയോടെ വീട്ടിലെത്തിച്ച മൃതദേഹം വിജെടി ഹാളില്‍ മുന്ന് മണിവരെ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം അദ്ദേഹംതന്നെ പേരിട്ട തൈക്കാട് ശാന്തികവാടത്തില്‍ തിങ്കളാഴ്ച രാവിലെ പത്തിന് പൂര്‍ണ്ണ സംസ്ഥാന ബഹുമതികളോടെ നടക്കും.
അസുഖത്തെതുടര്‍ന്ന് രണ്ടുനാള്‍മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. അന്ത്യസമയത്ത് ഭാര്യ സരോജിനി, മകന്‍ രാജീവന്‍, മകള്‍ ഡോ. മായാദേവി എന്നിവര്‍ സമീപത്തുണ്ടായിരുന്നു. ശനിയാഴ്ച വൈകിട്ട് ഏഴോടെ മൃതദേഹം വഴുതക്കാട്ടെ വീടായ ‘ഇന്ദീവര’ത്തിലേക്ക് മാറ്റി.
പതിനഞ്ചാം വയസ്സില്‍ ആരംഭിച്ച കാവ്യസപര്യ അന്ത്യംവരെ തുടര്‍ന്നു. 15 വയസ്സില്‍ ‘മുന്നോട്ട്’ എന്ന കവിതയെഴുതിയ ഒ എന്‍ വിക്ക് പുരോഗമനസാഹിത്യപ്രസ്ഥാനം നടത്തിയ കവിതാമത്സരത്തില്‍ സമ്മാനം ലഭിക്കുമ്പോള്‍ പ്രായം 17. കേരളത്തെ ഉണര്‍ത്തിയ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’യിലെ ഗാനങ്ങള്‍ രചിക്കുമ്പോള്‍ പ്രായം 20. ഒ എന്‍ വിയുടെ നാടകഗാനങ്ങള്‍ കേരളം ഏറെനാള്‍ ഏറ്റുപാടി. സിനിമാഗാനരംഗത്തും ഒ എന്‍ വിക്കാലം നിറഞ്ഞു. കവിതയുടെ നദിയും സമാന്തരമായി ഒഴുകി.
ചവറയിലെ ഒറ്റപ്‌ളാക്കല്‍ കുടുംബത്തില്‍ ഒ എന്‍ കൃഷ്ണക്കുറുപ്പിന്റെയും കെ ലക്ഷ്മിക്കുട്ടിയുടെയും മകനായി 1931 മെയ് 27നാണ് ജനനം. സംസ്‌കൃതം, മലയാളം പണ്ഡിതനായ അച്ഛനാണ് ഭാഷയുടെ ആദ്യമധുരം പകര്‍ന്നുകൊടുത്തത്. എട്ടാം വയസ്സില്‍ അച്ഛനെ നഷ്ടമായി. വായനയിലും പഠനത്തിലും മിടുക്കുകാട്ടി. ചവറ ഇംഗ്‌ളീഷ് ഹൈസ്‌കൂള്‍, കൊല്ലം എസ് എന്‍ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലെ പഠനത്തിനുശേഷം കാല്‍നൂറ്റാണ്ടിലധികം കോളേജ് അധ്യാപകനായി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജ്, തലശേരി ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളേജിലെ മലയാളവിഭാഗം മേധാവിയായി 1986ല്‍ വിരമിച്ചു.
1952ല്‍ അരങ്ങേറിയ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകത്തിനായി തുടങ്ങിയ ഗാനരചന 1956ല്‍ ‘കാലം മാറുന്നു’ എന്ന സിനിമയ്ക്കുവേണ്ടി പുതിയ ഉയരങ്ങള്‍ തേടി. ആയിരത്തിലധികം ഗാനങ്ങള്‍ സിനിമയ്ക്കായി രചിച്ചു. 13 തവണ മികച്ച ചലച്ചിത്രഗാന രചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് നേടി. ‘വൈശാലി’യിലെ ഗാനരചനയ്ക്ക് 1989ല്‍ ദേശീയ അവാര്‍ഡും. കേരള കലാമണ്ഡലം ചെയര്‍മാന്‍, കേന്ദ്ര സാഹിത്യഅക്കാദമി എക്‌സിക്യൂട്ടീവ് അംഗം, കേരള സാഹിത്യഅക്കാദമി ഫെലോ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ടോള്‍സ്റ്റോയിയുടെ 150–ാം ജന്മവാര്‍ഷികാഘോഷത്തിന് റഷ്യ സന്ദര്‍ശിച്ച ഇന്ത്യന്‍സാഹിത്യകാരന്മാരുടെ സംഘത്തില്‍ അംഗമായിരുന്നു.
1998ല്‍ പത്മശ്രീയും 2011ല്‍ പത്മവിഭൂഷണും നല്‍കി രാഷ്ട്രം ആദരിച്ചു. 1971ല്‍ കേരള സാഹിത്യ അക്കാദമി, 1975ല്‍ കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡുകള്‍ നേടി. 2007ല്‍ ജ്ഞാനപീഠം ലഭിച്ചു. 1982ല്‍ വയലാര്‍ അവാര്‍ഡ്, 2007ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം, 2006ല്‍ വള്ളത്തോള്‍ അവാര്‍ഡ്, 1990ല്‍ ഓടക്കുഴല്‍ അവാര്‍ഡ്, 1993ല്‍ ആശാന്‍ പ്രൈസ് എന്നിവ ലഭിച്ചു. 1981ല്‍ സോവിയറ്റ്‌ലാന്‍ഡ് നെഹ്‌റു അവാര്‍ഡും 2015ല്‍ മെഡല്‍ ഓഫ് പുഷ്‌കിനും ലഭിച്ചു.
ജീവിതത്തിലുടനീളം കമ്യൂണിസ്റ്റ് ആഭിമുഖ്യം കാത്തുസൂക്ഷിച്ചു. എസ്എന്‍ കോളേജില്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ പ്രതിനിധിയായി മത്സരിച്ച് ചെയര്‍മാനായി. കമ്യൂണിസ്റ്റ് ആഭിമുഖ്യംകാരണം ജോലി നല്‍കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരെ വലിയ പ്രതിഷേധമുണ്ടായി. ഔദ്യോഗിക കാലയളവില്‍ കാവ്യസപര്യക്ക് വിലങ്ങിടാന്‍ ഭരണകൂടം ശ്രമിച്ചു. 1989ല്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും വിജയിച്ചില്ല.
പി പി സരോജിനിയാണ് ഭാര്യ. 1957ല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ ഒ എന്‍ വി അധ്യാപകനായിരിക്കുമ്പോള്‍ എം എ മലയാളം വിദ്യാര്‍ഥിനിയായിരുന്നു സരോജിനി. മക്കള്‍: രാജീവന്‍, മായാദേവി മരുമക്കള്‍: ദേവിക, ജയകൃഷ്ണന്‍.