ന്യൂഡല്‍ഹി: ലിംഗാഗ്രം ഛേദിക്കപ്പെട്ടവര്‍ എല്ലാം ഭീകരവാദികളാണെന്ന തരത്തിലുളള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് നോട്ടീസ് വിവാദമാകുന്നു. പത്താന്‍കോട്ടിലെ സൈനികകേന്ദ്രത്തിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിയാനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച നോട്ടീസിലാണ് ഇത്തരം പരാമര്‍ശമുള്ളത്.
മുസ്‌ലിം പുരുഷന്‍മാര്‍ (യഹൂദ വിശ്വാസികളായ പുരുഷന്‍മാരും) വിശ്വാസത്തിന്റെ ഭാഗമായി ലിംഗാഗ്രം ഛേദിക്കാറുണ്ട്. അതിനാല്‍ ഭീകരതയെ ഏതെങ്കിലും ഒരുമതവിഭാഗവുമായി ചേര്‍ത്തുവയ്ക്കാനുള്ള മനപ്പൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടിയെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇത് ഇന്ത്യയില്‍ കേട്ടുകേള്‍വിയില്ലാത്തതും ഞെട്ടിക്കുന്നതുമാണെന്ന് നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡ് മുന്‍ ഡയറക്ടര്‍ ജനറല്‍ വേദ് മര്‍വ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ പല ഉദ്യോഗസ്ഥരും നിരവധി സുരക്ഷാ വിദഗ്ധരും ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടിയില്‍ ഞെട്ടല്‍ രേഖപ്പെടുത്തി.
കേസന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ആണ് ആഭ്യന്തരമന്ത്രാലയത്തിനു പത്താന്‍കോട്ടില്‍ കൊല്ലപ്പെട്ട നാലുഭീകരരുടെ ഫോട്ടോയും തിരിച്ചറിയാനുള്ള അടയാളങ്ങളും അടക്കമുള്ള റിപ്പോര്‍ട്ട് നല്‍കിയത്. ശരീരത്തിന്റെ ആകൃതി, അളവ് എന്നിവ വിവരിക്കുന്നതിനിടെയാണ് നാല് മൃതദേഹങ്ങളുടെയും ലിംഗാഗ്രം ഛേദിക്കപ്പെട്ടതായി പറയുന്നത്.
സാധാരണഗതിയില്‍ ഒരുവ്യക്തിയെ അറിയുന്നവര്‍ തിരിച്ചറിയുന്ന അടയാളങ്ങളാണ് ഇത്തരം റിപ്പോര്‍ട്ടുകളില്‍ പറയാറുള്ളത്. എന്നാല്‍ ഈ കീഴ്‌വഴക്കം മറികടന്നാണ് മൃതദേഹങ്ങളുടെ മതം വ്യക്തമാക്കുന്ന വിധത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നോട്ടീസ് ഇറക്കിയത്. ഭീകരതയ്‌ക്കെതിരായ പോരാട്ടം ഏതെങ്കിലും മതത്തെ ലക്ഷ്യംവച്ചല്ലെന്ന് കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ നടന്ന സൂഫിസമ്മേളനം ഉദ്ഘാടനംചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി.