കൊച്ചി: മന്ത്രിയെ ഫോണ്‍കെണിയില്‍ കുടുക്കിയ കേസില്‍ പ്രതികളുടെ ജാമ്യവ്യവസ്ഥ ഇളവുചെയ്യരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ചാനല്‍ ഓഫീസില്‍ പ്രവേശിക്കുന്നത് വിലക്കിയ കോടതിയുടെ ഉത്തരവില്‍ ഇളവ് അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. മംഗളം ചാനല്‍ സിഇഒ ആര്‍ അജിത്കുമാര്‍, ചീഫ് റിപ്പോര്‍ട്ടര്‍ ജയചന്ദ്രന്‍ എന്നിവരാണ് ഇളവുതേടി കോടതിയെ സമീപിച്ചത്.
കേസിലെ സാക്ഷികളെല്ലാം ചാനല്‍ ജീവനക്കാരാണെന്നും സിഇഒയും ചീഫ് റിപ്പോര്‍ട്ടറും ഇവരെ ഭീഷണിപ്പെടുത്താനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഓഫീസിലെ ഉപകരണങ്ങള്‍ തങ്ങള്‍ക്കനുകൂലമായി മാറ്റാന്‍ പ്രതികള്‍ക്ക് കഴിയും. മന്ത്രിയെ കെണിയില്‍ കുടുക്കിയ വനിതാ മാധ്യമപ്രവര്‍ത്തകയുടെ യഥാര്‍ഥശബ്ദം അടങ്ങുന്ന ടേപ്പ് ഇനിയും കണ്ടെത്താനായിട്ടില്ല. ഒന്നാംപ്രതി അജിത്കുമാറിന്റെ വസതിയില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും തെളിവുകള്‍ കണ്ടെത്താനായില്ല. മൊബൈല്‍ഫോണും പെന്‍ഡ്രൈവും മോഷണംപോയെന്ന പ്രതിയുടെ വിശദീകരണം തൃപ്തികരമല്ല.
കേസിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് പ്രതികള്‍ ചാനല്‍ ഓഫീസില്‍ പ്രവേശിക്കരുതെന്ന് കോടതി വ്യവസ്ഥ വച്ചത്. ഡിജിറ്റല്‍ തെളിവുകള്‍ മജിസ്‌ട്രേട്ട്‌കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇവ പരിശോധിക്കാനായി ഫോറന്‍സിക് ലാബിന് കൈമാറി റിപ്പോര്‍ട്ടിനു കാത്തിരിക്കുകയാണെന്നും പ്രോസിക്യൂഷനുവേണ്ടി ഹൈടെക് സെല്‍ ഡിവൈഎസ്പി ഇ എസ് ബിജുമോന്‍ സമര്‍പ്പിച്ച വിശദീകരണപത്രികയില്‍ വ്യക്തമാക്കി. കേസ് 24ന് പരിഗണിക്കാന്‍ മാറ്റി.