അരീക്കോട്: കേരള മനസാക്ഷിടെ ഞെട്ടിച്ച ജാതി ദുരഭിമാനക്കൊലക്ക് പിന്നില്‍ നാട്ടുകാര്‍ക്കും പങ്ക്. പട്ടികജാതിക്കാരന്‍ മകളെ വിവാഹം കഴിച്ചാല്‍ നാട്ടുകാര്‍ കളിയാക്കുമെന്ന നാണക്കേട് കാരണമാണ് കൊലപാതകം നടത്തിയതെന്ന് ആതിരയുടെ പിതാവ് രാജന്‍.
അരീക്കോട് പൊലീസിന്റെ കസ്റ്റഡിയിലുള്ള രാജന്റെ മൊഴി മലപ്പുറം ഡിവൈഎസ്പിയുടെ സാന്നിധ്യത്തിലാണ് രേഖപ്പെടുത്തിയത്. പട്ടികജാതിക്കാരനായ ബ്രിജേഷിനെ വിവാഹം ചെയ്യാനുള്ള ആതിരയുടെ തീരുമാനം തന്നെ മാനസികമായി തകര്‍ത്തതായി രാജന്‍ മൊഴി നല്‍കി. നാട്ടുകാര്‍ക്കും ഈ കൊലപാതകത്തില്‍ പരോക്ഷമായ പങ്കുണ്ടെന്ന് സാമൂഹ്യ നിരീക്ഷകര്‍ വിലയിരുത്തുന്നു.
വിവാഹാഘോഷങ്ങളുടെ കളിചിരികള്‍ ഉയരേണ്ട വീട്ടില്‍ മകളെ ഇല്ലാതാക്കിയാണ് ആ അച്ഛന്‍ പക വീട്ടിയത്. വ്യാഴാഴ്ച വൈകുന്നേരം കളിചിരികളുയരേണ്ട വീട്ടില്‍ പകരം രാജന്റെ അട്ടഹാസമുയര്‍ന്നു. കല്യാണനാളില്‍ ആതിരയ്ക്ക് ധരിക്കാനായി വാങ്ങിയ പുതുവസ്ത്രങ്ങള്‍ രാജന്‍ കൂട്ടിയിട്ട് തീയിട്ടു. കലിയടങ്ങാതെ കത്തി തിരയുന്നത് കണ്ടപ്പോള്‍ അപകടം മണത്ത രാജന്റെ സഹോദരിയാണ് ആതിരയെ കൈപിടിച്ച് തൊട്ടടുത്ത വീട്ടിലേക്കോടി മുറിയില്‍ ഒളിപ്പിച്ചത്. അവിടെ ഒളിച്ചിരുന്ന ആതിരയെ കണ്ടെത്തി രാജന്‍ നെഞ്ചില്‍ കത്തിയിറക്കി.
19-ാം വയസ്സില് പ്രേമിച്ച് വിവാഹം ചെയ്ത രാജന്‍ പ്രേമവിവാഹത്തോടായിരുന്നില്ല എതിര്‍പ്പ്. പട്ടിക ജാതിക്കാരനെ മരുമകനായി സ്വീകരിക്കേണ്ടി വരുന്നതായിരുന്നു പ്രശ്‌നം. മകള്‍ പട്ടികജാതിക്കാരനെ വിവാഹം ചെയ്താല്‍ സുഹൃത്തുക്കളുടെ മുഖത്ത് എങ്ങനെ നോക്കും, അവരുടെ കളിയാക്കലിനെ എങ്ങനെ നേരിടും തുടങ്ങിയ ചിന്തകള്‍ തന്നെ അലട്ടിയിരുന്നതായും രാജന്‍ മൊഴി നല്‍കി.
ഉത്തര്‍പ്രദേശില്‍ ഇന്ത്യന്‍ ആര്‍മിയില്‍ മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ്പില്‍ (എംഇജി) ജോലി ചെയ്യുന്ന കൊയിലാണ്ടി സ്വദേശിയായ ബ്രിജേഷുമായി വെള്ളിയാഴ്ച ആതിരയുടെ വിവാഹം നടക്കാനിരിക്കെയാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്.