പ്രേമിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ പതിനെട്ടുകാരിയായ മകളെ പിടിച്ചുകെട്ടി ചുട്ടുകൊന്ന അമ്മയ്ക്ക് കോടതിയുടെ കടുത്ത ശിക്ഷ. മകളെ കട്ടിലില്‍കെട്ടിയിട്ട് തീകൊളുത്തിയശേഷം പുറത്തിറങ്ങി അതേക്കുറിച്ച് അഭിമാനത്തോടെ സംസാരിക്കാനും ഇവര്‍ തയ്യാറായി. ലോകത്തൊരമ്മയും കാണിക്കാനിടയില്ലാത്ത ക്രൂരത കാട്ടിയ ഇവരെ പാക്കിസ്ഥാന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചു.
ലാഹോറിലാണ് സംഭവം നടന്നത്. കഴിഞ്ഞ ജൂണില്‍ വീട്ടുകാരെ ലംഘിച്ച് പ്രേമിച്ച പുരുഷനെ വിവാഹം കഴിച്ച സീനത്ത് റഫീഖാണ് കൊല്ലപ്പെട്ടത്. ഹസന്‍ ഖാനെ വിവാഹം ചെയ്ത് ഒരാഴ്ച തികയും മുമ്പ് സീനത്ത് ദാരുണമായി കൊല്ലപ്പെട്ടു. വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്ന മകളെ കട്ടിലില്‍ കെട്ടിയിട്ട ശേഷം അമ്മ പര്‍വീണ്‍ ബീബി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. സീനത്തിന്റെ സഹോദരന്റെ സഹായത്തോടെയായിരുന്നു ഈ ക്രൂരകൃത്യം.
മകള്‍ മരിച്ചെന്ന് ഉറപ്പാക്കിയശേഷം പുറത്തിറങ്ങിയ ഇവര്‍ നാട്ടുകാരോടൊക്കെ വീരകൃത്യം പോലെ അത് വിസ്തരിക്കുകയും ചെയ്തു. കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കിയ മകളെ ചുട്ടുകൊന്നുവെന്നായിരുന്നു വീരസ്യം പറച്ചില്‍. പൊലീസ് അറസ്റ്റ് ചെയ്ത പര്‍വീണിനെ ലാഹോര്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. കൊലപാതകത്തിന് കൂട്ടുനിന്ന സഹോദരന് ജീവപര്യന്തം തടവുശിക്ഷയും വിധിച്ചിട്ടുണ്ട്.
കൊലപാതകത്തില്‍ സഹോദരന് യാതൊരു പങ്കുമില്ലെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പഷ്ത്തൂണ്‍ വിഭാഗക്കാരനായ ഹസന്‍ ഖാനെ വിവാഹം ചെയ്തതാണ് പര്‍വീണിനെ പ്രകോപിപ്പിച്ചതെന്ന് അന്വേഷണദ്യോഗസ്ഥര്‍ കോടതിയെ ധരിപ്പിച്ചു. പഞ്ചാബി വിഭാഗക്കാരാണ് സീനത്തും കുടുംബവും.