ന്യൂഡല്‍ഹി: ഓപ്ഷനല്‍ മാത്രമാണെന്ന ഞങ്ങളുടെ ഉത്തരവുള്ളപ്പോള്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയുമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു. ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ അടുത്ത ആഴ്ച്ച തീരുമാനിക്കുമെന്ന് സുപ്രീംകോടതി. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കുന്നതിന്റെ ആവശ്യകത എന്താണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
യൂണിഫോം ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ഉപയോഗിക്കാന്‍ നിയമമുണ്ടെന്നായിരുന്നു മേല്‍ ചോദ്യത്തിന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ പ്രതികരണം. കടലാസ് കമ്പനിയിലേക്ക് പണം വഴിതിരിച്ചുവിടാന്‍ പാന്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആധാര്‍ നിര്‍ബന്ധമാക്കുന്നതിലൂടെ മാത്രമേ ഇത് തടയാന്‍ കഴിയൂ എന്നും റോത്തഗി പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കി കഴിഞ്ഞ മാസമാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്. വ്യാജ പാന്‍കാര്‍ഡുകള്‍ വഴി നികുതി വെട്ടിപ്പ് നടത്തുന്നവരെ തിരിച്ചറിയാനാണാണെന്ന് ഉത്തരവിനെ കുറിച്ച് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രതികരണം. സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ കഴിയില്ലെന്ന് മാര്‍ച്ച് 27ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.