വെറും പത്താക്ലാസും 200 രൂപയുമായി മുംബൈയിലേക്ക് വണ്ടികയറുമ്പോള്‍ പ്രേം ഗണപതിക്ക് സ്വപ്‌നങ്ങളുണ്ടായിരുന്നു ഒരു നല്ല ജോലി. ആയിരങ്ങളുടെ ജോലിയൊന്നുമല്ല പട്ടിയിണിയില്ലാതെ കഴിയാനുള്ള ഒരു ജോലി…പക്ഷെ തീവണ്ടി യാത്രയില്‍ തന്നെ പ്രേം ഗണപതിക്ക് ദുരന്തങ്ങളായി കയ്യിലുണ്ടായിരുന്ന 200 രൂപ നഷ്ടപ്പെട്ടു. തമിഴ് ഭാഷമാത്രം കൈമുതലായ പ്രേമിന് സമീപത്തെ അമ്പലത്തിലുണ്ടായിരുന്നവര്‍ നാട്ടിലേക്ക് പോകാനുള്ള പണം നല്‍കി. പട്ടിണിയിലായെങ്കിലും മുംബേയോട് പ്രേമിന് പ്രണയം തോന്നി എങ്ങിനെയും ഇവിടെ തങ്ങാന്‍ തീരുമാനിച്ചു…ഒടുവില്‍ വിധിയെ മറികടന്ന് പ്രേം ഗണപതി ഇന്ന് കോടിശ്വരന്റെ കുപ്പായമണിഞ്ഞു….17 ാം വയസില്‍ പട്ടിണയും പരിവട്ടവുമായി ജീവിക്കാന്‍ വണ്ടികയറിയ പ്രേം ഗണപതിയുടെ ജീവിതം ഇങ്ങനെ മാറിമറിയുമെന്ന് ഇയാള്‍ പോലും കരുതിയിരുന്നില്ല.
കുറച്ചു കാലത്തെ ശ്രമത്തിനൊടുവില്‍ മാഹിമിലെ ഒരു ബേക്കറിയില്‍ പ്രേമിന് പാത്രം കഴുകുന്ന ജോലികിട്ടിയത്. 150 രൂപയായിരുന്നു പ്രതിഫലം. പല ഹോട്ടലുകളില്‍ മാറിമാറി ജോലി ചെയ്ത് പ്രതിഫലം വര്‍ധിപ്പിച്ചു.
രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം 150 രൂപ മാസവാടകയ്ക്ക് ഒരു ഉന്തുവണ്ടിയും 1000 രൂപയ്ക്ക് ഒരു സ്റ്റൗവും പാത്രങ്ങളും ഒപ്പിച്ചു. വാശി റെയ്ല്‍വെ സ്റ്റേഷനു പുറത്ത് സ്വന്തമായി ഇഡ്ഡലി വില്‍പ്പന ആരംഭിച്ചു. ഇതോടെ ജീവിതവുംമാറി. 1992ലായിരുന്നു ഇത്. കച്ചവടം കൂടിയപ്പോള്‍ സഹായത്തിന് ആരെങ്കിലും വേണമെന്ന് തോന്നി. ഇതോടെ സഹോദരന്മാരെക്കൂടി മുംബൈയിലെത്തിച്ചു. വൃത്തിയായിരുന്നു ഇവരുടെ മുഖമുദ്ര. തൊപ്പി ധരിച്ചായിരുന്നു വില്‍പ്പന. ഇത് എല്ലാവരെയും കടയിലേക്ക് ആകര്‍ഷിച്ചു.
ലൈസന്‍സ് ഇല്ലാത്തതിനാല്‍ അധികാരികള്‍ പലതവണ ഉന്തു വണ്ടി പിടിച്ചെടുത്തു. എന്നാല്‍ പിഴയടച്ച് വണ്ടി തിരിച്ചുപിടിച്ചു. ഒടുവില്‍ മിച്ചംപിടിച്ച് 5000 രൂപ മാസവാടകയില്‍ സ്വന്തമായ റെസ്റ്റോറന്റ് ആരംഭിച്ചു. സഹോദരന്മാരെ കൂടാതെ സ്റ്റാഫുകളെയും നിയമിച്ചു. കസ്റ്റമേഴ്‌സില്‍ പലരും വിദ്യാര്‍ഥികളായതിനാല്‍ അവരില്‍ നിന്ന് കംപ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും ഉപയോഗം പഠിച്ചു. ഇതിലൂടെ വ്യത്യസ്തമായ പാചകങ്ങളും പഠിച്ചു. 26 തരം ദോശകളില്‍ തുടങ്ങി ഒടുവില്‍ 2002ല്‍ എത്തിയപ്പോള്‍ 105 തരം ദോശയിലെത്തി പരീക്ഷണം. ഇതോടെ പ്രശസ്തിയിലുമെത്തി.
ഒരു മാളില്‍ ഔട്ട്‌ലെറ്റ് തുടങ്ങണമെന്നായിരുന്നു പ്രേമിന്റെ അടുത്ത ആഗ്രഹം. ഇതിനായി പല വാതിലുകളിലും മുട്ടിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ വാശിയിലെ സെന്റര്‍ വണ്‍ മാള്‍ പ്രേമിന്റെ ആഗ്രഹം സഫലമാക്കാന്‍ തയ്യാറായി. മാളിലെ വന്‍ വിജയമായി പ്രേമിന്റെ ഔട്ട്‌ലെറ്റ്.2012 ആയപ്പോഴേക്കും 11 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ 45 റെസ്റ്റോറന്റുകളും ന്യൂസിലാന്‍ഡ്, ദുബായ്, മസ്‌കറ്റ്, തുടങ്ങി ഏഴ് വിദേശ രാജ്യങ്ങളിലും പ്രേമിന്റെ ദോശപ്ലാസ ആരംഭിച്ചു.1990ല്‍ ശൂന്യമായ കൈകളുമായി ബാന്ദ്ര റെയില്‍വെ സ്റ്റേഷനു പുറത്തു നിന്ന പ്രേം ഇന്ന് 30 കോടിയുടെ ഉടമയാണ്.