തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ പരാതി നല്‍കുന്ന പൊതുപ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണി. ഇന്റലിജന്റ്‌സ് മേധാവി എഡിജിപി ആര്‍. ശ്രീലേഖയ്‌ക്കെതിരെ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയ പായ്ചിറ നവാസിനെയാണു ഭീഷണിപ്പെടുത്തുന്നതായാണ് പരാതി.
പരാതിയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ആദ്യം മുന്നറിയിപ്പു നല്‍കിയ ഉദ്യോഗസ്ഥര്‍ താന്‍ പിന്തിരിയാത്തതിനാല്‍ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നു നവാസ് പറഞ്ഞു. ഇന്റലിജന്‍സ് സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നിരന്തരം വീട്ടിലെത്തിയും പുറത്ത് വച്ചും ഭീഷണിപ്പെടുത്തുന്നതായും പായ്ചിറ നവാസ് വെളിപ്പെടുത്തുന്നു.
ഇതു സംബന്ധിച്ചുള്ള പരാതി ഡിസംബര്‍ 30ന് ആഭ്യന്തര സെക്രട്ടറിക്കും, വിജിലന്‍സ് ഡയറക്ടര്‍ക്കും നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ ആദ്യം പ്രലോഭനങ്ങളും, വന്‍ വാഗ്ദാനങ്ങളും നല്‍കിയിരുന്നു. വഴങ്ങാത്തതിനാല്‍ കേസില്‍ കുടുക്കി നശിപ്പിക്കുമെന്നും, വീട് റെയ്ഡ് നടത്തുമെന്നും ഭീഷണിപ്പെടുത്തി. ഇതെല്ലാം നടക്കുന്നത് ആര്‍. ശ്രീലേഖയുടെ പൂര്‍ണ അറിവോടെയാണെന്നും എല്ലാ തെളിവുകളുമായി വിജിലന്‍സ് കോടതിയില്‍ പോകുമെന്നും പരാതിക്കാരന്‍ പറയുന്നു.
ഈ മാസം ഏഴിന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്. പരാതി പിന്‍വലിപ്പിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രലോഭിപ്പിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി ഹര്‍ജിക്കാരന്‍ കോടതിയില്‍ പരാതി നല്‍കിയതിനെതുടര്‍ന്നാണു നടപടി.
ഇതേ തുടര്‍ന്നാണു ഫെബ്രുവരി 17-ന് പരിഗണിക്കേണ്ടിയിരുന്ന കേസ് അടിയന്തരമായി പരിഗണിക്കുന്നത്. സംസ്ഥാന ഇന്റലിജന്‍സ് എഡിജിപി , ചീഫ് സെക്രട്ടറി എന്നിവര്‍ പ്രതിയായ കേസ് അന്വേഷിക്കുന്നതും, മൊഴിയെടുക്കുന്നതും ഒരു സര്‍ക്കിള്‍ ആണെന്ന ആരോപണം വന്നതോടെ മൊഴിയെടുക്കാന്‍ വിജിലന്‍സ് എസ്പി ആര്‍ സുകേശനെ ചുമതലപ്പെടുത്തുകയായിരുന്നു. മൊഴി നല്‍കുന്നതിനൊപ്പം ചില സുപ്രധാന തെളിവുകള്‍ കൂടി വിജിലന്‍സിന് കൈമാറുമെന്നും നവാസ് പറഞ്ഞു.
നേരത്തെ, എഡിജിപി ആര്‍ ശ്രീലേഖക്കെതിരായ അന്വേഷണം വൈകിപ്പിച്ചതില്‍ ചീഫ് സെക്രട്ടറിക്ക് കോടതിയുടെ വിമര്‍ശനം ഏല്‍ക്കേണ്ടി വന്നിരുന്നു. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ശ്രീലേഖക്കെതിരായ അഴിമതി കേസ് അന്വേഷിക്കുന്നതില്‍ കാലതാമസം വരുത്തിയ ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദിനെ വിമര്‍ശിച്ചത്. രണ്ട് ഉദ്യോഗസ്ഥര്‍ സ്ഥലം മാറിപോയതിനാലാണ് അന്വഷണം വൈകിയതെന്ന ചീഫ് സെക്രട്ടറിയുടെ വാദം തള്ളിയ കോടതി മറുപടി തൃപ്തികരമല്ലെന്നും വ്യക്തമാക്കി.ആര്‍ ശ്രീലേഖ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ അധികാര ദുര്‍വിനിയോഗവും അഴിമതിയും നടത്തിയെന്ന പരാതിയില്‍ ഗതാഗത മന്ത്രി നല്‍കിയ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി പൂഴ്ത്തിയെന്നാണ് ആരോപണം.
എഡിജിപി ശ്രീലേഖയ്ക്കെതിരായ അന്വേഷണത്തില്‍ ചീഫ് സെക്രട്ടറിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. നടപടി വൈകിപ്പിച്ചുവെന്ന പരാതിയിലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി വിമര്‍ശനം ഉന്നയിച്ചത്. എഡിജിപി ശ്രീലേഖ ഗതാഗത കമ്മിഷണറായിരിക്കെ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാട്ടി മുന്‍ എഡിജിപി ടോമിന്‍ തച്ചങ്കരിയാണ് ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ശ്രീലേഖയ്ക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യം ചീഫ് സെക്രട്ടറി തള്ളുകയായിരുന്നു. റിപ്പോര്‍ട്ട് കിട്ടി മൂന്ന് മാസങ്ങള്‍ക്ക് ശേഷമായിരുന്നു ചീഫ് സെക്രട്ടറി തീരുമാനം എടുത്തത്. ഇതാണ് കോടതിയെ അന്ന് ചൊടിപ്പിച്ചത്.എന്നാല്‍ മനപ്പൂര്‍വമല്ല നടപടി വൈകാന്‍ കാരണം. ഈ റിപ്പോര്‍ട്ട് പരിശോധിച്ചിരുന്ന രണ്ട് ഉദ്യോഗസ്ഥര്‍ സ്ഥലം മാറിപ്പോയതാണ് അന്തിമ തീരുമാനം എടുക്കാന്‍ വൈകിയതെന്നും ചീഫ് സെക്രട്ടറി കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.