തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസിനെതിരെ പരാതികള്‍ വര്‍ധിച്ചു വരുന്നതായി മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്സണ്‍ പി മോഹന്‍ദാസ്. ജനങ്ങളെ ബുദ്ധിമുട്ടാക്കുന്നതടക്കം നിരവധി പരാതികളാണ് പൊലീസിനെതിരെ ഉയരുന്നത്. സ്ത്രീകള്‍ പോലും പോലീസിനെതിരെ പരാതിയുമായി വരുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നതായും പി മോഹന്‍ദാസ് പറഞ്ഞു. തെറ്റ് സംഭവിക്കുന്ന പൊലീസുകാര്‍ക്കെതിരെ സ്ഥലം മാറ്റവും മുന്നറിയിപ്പുമല്ല വേണ്ടതെന്നും ശക്തമായ നടപടിയാണ് ആവശ്യമെന്നും മോഹന്‍ദാസ് പറഞ്ഞു.
പൊലീസ് തലപ്പത്തുള്ളവര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും പി മോഹന്‍ദാസ് പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്സണിന്റെ പ്രതികരണം. സംസ്ഥാനത്ത് പൊലീസിന്റെ അമിതാധികാര പ്രവണതയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മനുഷ്യാവകശാ കമ്മീഷന്‍ തന്നെ പൊലീസിനെ പരസ്യമായി വിമര്‍ശിച്ചിരിക്കുന്നത്. –
കഴിഞ്ഞ ദിവസം കൊച്ചിയില്‍ യുവാക്കളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് ലോക്കപ്പിലടച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപ്പെടുകയും സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. നേരത്തെ ദേശീയഗാനവിവാദം, മാവോയിസ്റ്റ് വേട്ട, യു.എ.പി.എ തുടങ്ങിയ സംഭവങ്ങളിലും പൊലീസിന്റെ നടപടി വിമര്‍ശിക്കപ്പെട്ടിരുന്നു. വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്ന് കേസുകളെടുക്കുന്നതില്‍ സൂക്ഷ്മത പുലര്‍ത്തണമെന്ന് പൊലീസിന് നിര്‍ദേശം ലഭിച്ചിരുന്നു. മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഈയിടെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എഫ്.ഐ.ആറില്‍ വകുപ്പ് ചുമത്തുന്നതിലും മറ്റും വേണ്ടത്ര സൂക്ഷ്മത പൊലീസ് പുലര്‍ത്തിയിരുന്നില്ല –