മധുര: തമിഴ്‌നാട്ടിലെ മധുരയിലെ ക്വാറിയില്‍ നരബലി നടന്നതായുള്ള സംശയത്തെത്തുടര്‍ന്നുള്ള അന്വേഷണം ശക്തമാകുന്നു.കേസില്‍ പരാതിക്കാരനായ ഡ്രൈവറെ നാളെ ചോദ്യം ചെയ്യും. പ്രാഥമിക തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണിത്.
അനധികൃത ഗ്രാനൈറ്റ് ഖനനവുമായി ബന്ധപ്പെട്ട് മധുര കേന്ദ്രീകരിച്ച് നടക്കുന്ന അന്വേഷണത്തിനിടെയാണ് നരബലിയുടെ വിവരം പുറത്ത് വന്നത്.
ക്വാറിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളില്‍ രണ്ട് പേരെ രണ്ട് വര്‍ഷം മുന്‍പ് തൊഴിലിടത്തില്‍ വച്ച് ബലി നല്‍കിയതായി കന്പനി െഡ്രൈവര്‍ സേവര്‍ കൊടിയനാണ് പരാതി നല്‍കിയത്.
തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ക്വാറിയില്‍ നിന്ന് ആറ് മൃതശരീരങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇതില്‍ രണ്ടെണ്ണം സ്ത്രീകളുടെ ഉടലാണെന്നും ഒരെണ്ണം അഞ്ച് വയസ്സുള്ള കുട്ടിയുടേതാണെന്നും സൂചനയുണ്ട് .
തിങ്കളാഴ്ച്ച നേരിട്ട് ഹാജരാകാന്‍ ഡ്രൈവര്‍ക്ക് പൊലീസ് അന്വേഷണ സംഘം നോട്ടീസ് നല്‍കി.പരാതിക്കാരനുമായി ക്വാറിയില്‍ നേരിട്ടെത്തി തെളിവെടുക്കാനാണ് ഉദ്ദേശം.