മിലാന്‍: മോഷണം കുറ്റമാണെന്ന് ആര്‍ക്കാണ് അറിയാത്തത് എന്നാല്‍ ഭക്ഷണം മോഷ്ടിക്കുന്നത് കുറ്റമല്ലെന്ന് ഇറ്റാലിയന്‍ കോടതി വിധി പ്രസ്താവിച്ചിരിക്കുന്നു. വിശക്കുന്നവന്‍ ഭക്ഷണം മോഷ്ടിക്കുന്നത് തെറ്റായി കാണാന്‍ കഴിയില്ലെന്ന മഹനീയമായ വിധിയാണ് ലോകമാധ്യമങ്ങള്‍ ചര്‍ച്ചചെയ്യുന്നത്.
റൊമാന്‍ ഓസ്ട്രിയാകോവ് എന്നയാളുടെ കേസിലാണ് കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. യുക്രയിനില്‍ നിന്ന് കുടിയേറിയ റൊമാന്‍ ഓസ്ട്രിയാകോവ് 2011 ലാണ് ജെനോവയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് രണ്ട് കക്ഷണം ചീസും ഒരും പായ്ക്കറ്റ് സോസേജും മോഷ്ടിച്ചത്.
അവിടെ നിന്ന് തന്നെ വാങ്ങിയ റോട്ടിയ്ക്ക് അയാള്‍ പണം നല്‍കുകയും ചെയ്തു. കടയിലെത്തിയ മറ്റൊരു ഉപഭോക്താവാണ് മോഷണം കണ്ടതും അത് റിപ്പോര്‍ട്ട് ചെയ്തതും. ആറുമാസം തടവും 100 യൂറോ പിഴയുമായിരുന്നു ശിക്ഷ. ഓസ്ട്രിയോകോവിന്റെ ശിക്ഷ ഇളവ് ചെയ്യണമെന്നുള്ള അപ്പീലിലാണ് സുപ്രീംകോടതിയുടെ വിധി.