
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഒരു ജില്ലയുടെ ക്രമസമാധാനപാലന ചുമതല ദമ്പതികൾ കൈകാര്യം ചെയ്യുന്നത് അപൂർവമാണ്. എന്നാൽ കൊല്ലം ജില്ലയുടെ ക്രമസമാധാന പാലനം കൈകാര്യം ചെയ്യുന്നതിനുള്ള നിയോഗം യുവ ഐപിഎസ് ഓഫീസർമാരായ ദമ്പതികൾക്ക് ലഭിച്ചിരിക്കുകയാണ്. കൊല്ലം റൂറൽ എസ്പി. അജിതാ ബീഗത്തിനും ഭർത്താവ് സതീഷ് ബിനോക്കുമാണ് ഈ ഭാഗ്യം ലഭിച്ചിരിക്കുന്നത്. നിലവിൽ കൊല്ലം റൂറൽ എസ്പിയാണ് അജിതാ ബീഗം. ഭർത്താവായ സതീഷ് ബിനോ കോട്ടയം എസ്പിയായിരുന്നു.
കഴിഞ്ഞ ദിവസം ആഭ്യന്തരവകുപ്പ് സതീഷ് ബിനോയെ കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ച് ഉത്തരവിറക്കി. കേരള പോലീസിലെ മികച്ച യുവ ഐപിഎസ് ഓഫീസറാണ് അജിതാബീഗം. കേരളത്തിലെ പല സുപ്രധാന കേസുകളും അന്വേഷിച്ച അന്വേഷണ മികവിന് ഉടമകൂടിയാണ് അജിതാബീഗം. വരാപ്പുഴ പീഡനകേസ്, തെറ്റയിൽ കേസ് ഉൾപ്പെടെയുള്ള കേസുകളുടെ അന്വേഷണം നടത്തിയത് അജിതാ ബീഗമായിരുന്നു.
എറണാകുളം ക്രൈംബ്രാഞ്ച് എസ്പിയായിരിക്കുന്ന കാലയളവിലാണ് ശോഭാ ജോൺ പ്രതിയായ വരാപ്പുഴ പീഡനകേസിന്റെ അന്വേഷണ ചുമതല അജിതാ ബീഗത്തിന് ലഭിച്ചത്. 2008 ബാച്ച് ഐപിഎസ് ഓഫീസറായ അജിതാ ബീഗം കോയമ്പത്തൂർ സ്വദേശിനിയാണ്. തന്റെ ആദ്യ നിയമനം ജമ്മുകാശ്മീരിലായിരുന്നു. എഎസ്പി ട്രെയിനിയായി സർവീസിൽ പ്രവേശിച്ച അജിതാ ബീഗം പിന്നിട് കാശ്മീരിലെ റിയാസി, റാംബൻ എന്നി ജില്ലകളുടെ ക്രമസമാധാന പാലനം കൈകാര്യം ചെയ്തു. എറണാകുളം ക്രൈംബ്രാഞ്ച് എസ്പി, തൃശൂർ റൂറൽ എസ്പി, തിരുവനന്തപുരം സിറ്റി ഡിസിപി, വയനാട് എസ്പി, പോലീസ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൾ എന്നി നിലകളിൽ സേവനമനുഷ്ഠിച്ചിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശാനുസരണം തെരഞ്ഞെടുപ്പ് വേളയിലായിരുന്നു കൊല്ലം റൂറൽ എസ്പിയായി അജിതയെ നിയമിച്ചത്. കഴിഞ്ഞ ഒന്നര വർഷക്കാലയളവിനുള്ളിൽ ഈ യുവ ഐപിഎസ് ഓഫീസർക്ക് നാല് മാരത്തോൺ സ്ഥലം മാറ്റത്തിന് വിധേയമാകേണ്ടി വന്നിരുന്നു. ക്രമസമാധാനപാലന രംഗത്ത് മികച്ച രീതിയിലുള്ള പ്രവർത്തനവും പൊതുജനങ്ങളോടുള്ള സൗമ്യമായ പെരുമാറ്റവും അജിതാബീഗത്തിനെ കൂടുതൽ ജനകീയ പോലീസ് ഓഫീസറുടെ ഉന്നതിയിലെത്തിച്ചു.
കന്യാകുമാരി സ്വദേശിയായ സതീഷ് ബിനൊയും 2008 ഐപിഎസ് ബാച്ചുകാരനാണ്. മധ്യപ്രദേശിലെ ഭോപ്പാലിൽ ട്രെയിനിയായാണ് അദ്ദേഹം ഔദ്യോഗികജീവിതം ആരംഭിച്ചത്. പിന്നീട് ഉജൈയിൻ എഎസ്പിയായി. കൊള്ളക്കാരുടെ മേഖലയായ ചമ്പൽക്കാട് ഉൾപ്പെടുന്ന മൊറാറ ജില്ലയിൽ അഡീഷണൽ എസ്പിയായും സതീഷ് ബിനൊ സേവനമനുഷ്ഠിച്ചിരുന്നു.
എറണാകുളം റൂറൽ എസ്പി, കോട്ടയം എസ്പി എന്നി നിലകളിൽ സേവനമനുഷ്ഠിച്ചിരുന്ന സതീഷ് ബിനൊയും അജിതാ ബീഗവും ഇക്കാലമത്രയും വിദൂരസ്ഥലങ്ങളിലായിരുന്നു ഔദ്യോഗികജീവിതം നയിച്ചിരുന്നത്. ഇപ്പോഴാണ് ഒരു ജില്ലയിൽ തന്നെ ഇരുവർക്കും ഔദ്യോഗിക ജീവിതം നയിക്കുന്നതിന് അവസരം ലഭിച്ചത്.