പട്ടാപ്പകല്‍ വൃദ്ധയെ ആക്രമിച്ച്‌ 22 പവന്‍ സ്വര്‍ണവും പണവുമായി കടന്ന ദമ്പതികൾ പോലീസ് പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്‌ഠേശ്വരത്ത് പട്ടാപ്പകല്‍ വീട്ടമ്മയെ കെട്ടിയിട്ട് 22 പവന്‍ സ്വര്‍ണവും പണവുമായി കടന്ന ദമ്പതിമാരെ ഷാഡോ പോലീസ് പിടികൂടി. രാവിലെ പതിനൊന്ന് മണിക്കാണ് ഇവര്‍ വൃദ്ധയെ ആക്രമിച്ച് കവര്‍ച്ച നടത്തിയത്. വിലാസം അറിയാനെന്ന വ്യാജേനയായിരുന്നു ഇവർ വീട്ടിൽ അതിക്രമിച്ചുകയറിയത്. വഞ്ചിയൂർ തകരപ്പറമ്പ് പ്രിയദർശിനി വീട്ടിൽ ഭഗവതി അമ്മാളുടെ (84) ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ജഗതി കണ്ണേറ്റുമുക്ക് മുല്ലശ്ശേരി വീട്ടിൽ വിശാഖ് (23), ഭാര്യ നയന (18) എന്നിവരെ മണിക്കൂറുകൾക്കകം പൊലീസ് അറസ്റ്റു ചെയ്തു.ഭർത്താവ് കെ.ഹരിഹരൻ ക്ഷേത്രദർശനത്തിനു പോയ തക്കം നോക്കിയാണു കവർച്ച നടത്തിയത്. ഹരിഹരൻ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ പതിവായി പോകുന്ന വിവരം മനസ്സിലാക്കിയായിരുന്നു കവർച്ചയെന്നു വഞ്ചിയൂർ സർക്കിൾ ഇൻസ്പെക്ടർ സുരേഷ് വി.നായർ അറിയിച്ചു. ഇന്നലെ രാവിലെ എട്ടരയോടെ ഹരിഹരൻ പുറത്തിറങ്ങിയതിനു പിന്നാലെയാണ് വിശാഖും നയനയും ഭഗവതി അമ്മാളുടെ വീട്ടിലെത്തിയത്. കതക് പാതി ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അപരിചിതരെ കണ്ട് ആദ്യം പകച്ചുപോയ അമ്മാളോടു ക‌‌ടലാസ് കഷണം നീട്ടിയ ശേഷം ഈ വിലാസം അറിയുമോയെന്നു ചോദിച്ചു.

ഇതു നോക്കുന്നതിനിടെ വിശാഖ് കത്തി കാട്ടി ആഭരണങ്ങൾ ഊരി നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് അവരുടെ കൈകൾ രണ്ടും പിന്നിലേക്കു കെട്ടിയ ശേഷം കഴുത്തിലും കയ്യിലും കിടന്ന ആഭരണങ്ങൾ ഇരുവരും ചേർന്ന് ഊരിയെടുത്തു. മോഷ്ടാക്കൾ പോയ ശേഷമാണ് ഭഗവതി അമ്മാളിനു നിലവിളിക്കാൻ പോലുമായത്. ക്ഷേത്രദർശനം കഴിഞ്ഞു ഹരിഹരൻ തിരികെ എത്തുന്നതിനു തൊട്ടുമുൻപ് മോഷ്ടാക്കൾ ക‌ടന്നുകളഞ്ഞു. രണ്ടു മാല, വള, മോതിരം എന്നിവയാണ് കവർച്ച ചെയ്യപ്പെട്ടത്. സമീപത്തെ നിരീക്ഷണ ക്യാമറാദൃശ്യങ്ങൾ പരിശോധിച്ച വഞ്ചിയൂർ പൊലീസിനു മോഷ്ടാക്കളുടെ ദൃശ്യങ്ങൾ ലഭിച്ചു. ഇവ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചതും കടന്നുകളയാൻ ഉപയോഗിച്ച സ്കൂട്ടറിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണവുമാണ് ദമ്പതികളെ കുടുക്കിയത്. വൈകുന്നേരത്തോടെ ഇരുവരും പിടിയിലായി. കുറച്ച് ആഭരണങ്ങൾ തൈക്കാട്ടെ സ്വകാര്യ പണയമിടപാട് സ്ഥാപനത്തിൽ പണയം വച്ചു. ഇവ ഇന്നു വീണ്ടെടുക്കുമെന്നു പൊലീസ് അറിയിച്ചു. കടം തീർക്കുന്നതിനു വേണ്ടിയാണ് കവർച്ച നടത്തിയതെന്നു ദമ്പതികൾ പറഞ്ഞതായി പൊലീസ് അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top