ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ അപ്പറാവു രാജി വെക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് വിദ്യാര്‍ത്ഥികള്‍. ഇന്ന് മുതല്‍ പഠിപ്പ് മുടക്കി സമരത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടും. ദലിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയ്ക്ക് ശേഷമുണ്ടായ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്നാണ് വി.സി അപ്പറാവും അവധിയില്‍ പ്രവേശിച്ചത്. അവധിക്ക് ശേഷം തിരിച്ചെത്തിയ വിസിയെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്.
ഇന്നലെ വി.സിയുടെ രാജി ആവശ്യപ്പെട്ട് ഔദ്യോഗിക വസതിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയ വിദ്യാര്‍ത്ഥികളെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള സമരക്കാരെ വലിച്ചിഴച്ചാണ് പൊലീസ് സ്ഥലത്ത് നിന്ന് നീക്കിയത്. പൊതു മുതല്‍ നശിപ്പിച്ചു എന്നാരോപിച്ച് 25 വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് സംരക്ഷണം ആവശ്യപ്പെട്ട് സര്‍വകലാശാല അധികൃതര്‍ പൊലീസിനെ സമീപിച്ചു. കോളെജ് ഹോസ്റ്റല്‍ കാന്റീന്‍ അടച്ചിട്ടും കുടിവെള്ളവും വൈ ഫൈ സംവിധാനവും തടഞ്ഞും സമരം അടിച്ചമര്‍ത്താന്‍ അധികൃതര്‍ ശ്രമിക്കുന്നു എന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. പൊലീസിന്റേയും അര്‍ദ്ധ സൈനിക വിഭാഗത്തിന്റേയും നിയന്ത്രണത്തിലാണ് ക്യാമ്പസിപ്പോള്‍.
അതിനിടെ ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല വിദ്യാര്‍ത്ഥി നേതാവ് കനൈയ്യ കുമാര്‍ ഇന്ന് ഹൈദരാബാദ് സര്‍വകലാശാല സന്ദര്‍ശിക്കും. കനൈയ്യ കുമാറിന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് പുറത്ത് നിന്നുള്ളവര്‍ക്ക് ക്യാമ്പസില്‍ പ്രവേശിക്കുന്നത് അധികൃതര്‍ തടഞ്ഞു.