ടീനേജ് പെണ്‍കുട്ടികളെ കെണിയിലാക്കി വിവാഹം കഴിക്കാനെത്തിയ 8 അറബ് ഷേയ്ഖുമാര്‍ പോലീസ് പിടിയില്‍. അറബിക്കല്യാണ സംഘത്തില്‍ പെട്ടവരെയാണ് ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ മൂന്നു പേര്‍ ഖത്തറില്‍ നിന്നുള്ളവരും അഞ്ചു പേര്‍ ഒമാന്‍ സ്വദേശികളുമാണ്. ഇവരെക്കൂടാതെ നാല് ഹോട്ടല്‍ ഉടമകളും മൂന്ന് ഖാസിമാരും അഞ്ച് ഇടനിലക്കാരും പിടിയിലായിട്ടുണ്ട്. ഹൈദരാബാദിലെ ഗസ്റ്റ് ഹൗസുകളിലും ലോഡ്ജുകളിലും പോലീസ് വ്യാപക റെയ്ഡ് നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ അറസ്റ്റിലായത്. വാക്കിങ്ങ് സ്റ്റിക്കുകളുടെയും വാക്കറുകളുടെയും സഹായത്തോടെ നടക്കുന്ന രണ്ട് എണ്‍പതു വയസ്സുകാരും ഇക്കൂട്ടത്തിലുണ്ട്. ചിലര്‍ മക്കളോടൊപ്പവും മറ്റു ചിലര്‍ സുഹൃത്തുക്കളോടൊപ്പവുമാണ് എത്തിയത്. ചിലര്‍ക്ക് കാഴ്ച ശക്തി പോലും മങ്ങിത്തുടങ്ങി.
പോലീസ് റെയ്ഡ് നടത്തുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത 20 തോളം പെണ്‍കുട്ടികളുമായി ഹോട്ടല്‍ മുറിയില്‍ അഭിമുഖം നടത്തുകയായിരുന്നു. മുംബൈയിലെ പ്രധാന ഖാസി ഫരീദ് അഹമ്മദ് ഖാനാണ് 50,000 രൂപ വീതം വാങ്ങി ഇവര്‍ക്ക് വിവാഹ സര്‍ട്ടിഫിക്കേറ്റ് നല്‍കിയിരുന്നത്. ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആഗസ്റ്റ് 17 ന് ഒമാന്‍ സ്വദേശി ഹൈാദരാബാദില്‍ നിന്നുള്ള 17കാരിയെ അറബിക്കല്യാണം ചെയ്തിരുന്നു. മുന്‍പും പല തവണ ഹൈദരാബാദില്‍ അറബിക്കല്യാണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും പലരും അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഹൈദരാബാദ് വിമാനത്താവളത്തില്‍ വിമാനമിറങ്ങുന്ന ഷെയ്ഖുമാരുടെ മേല്‍ പോലീസ് പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു.
ഷെയ്ഖുമാര്‍ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസുകളിലും ഹോട്ടല്‍ റൂമുകളിലും പോലീസ് ഇവരെ പിന്തുടര്‍ന്നിരുന്നു. സ്ത്രീകള്‍ അടക്കമുള്ള ഇടനിലക്കാര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും കൊണ്ട് ഇവരെ കാണാനെത്തിയതായി പോലീസ് പറയുന്നു. മതിയായ തെളിവുകള്‍ ലഭിച്ചതിനു ശേഷമാണ് ഹൈദരാബാദ് പോലീസ് ഷെയ്ഖുമാരെ അറസ്റ്റ് ചെയ്യുന്നത്. വ്യാഴാഴ്ച രാത്രിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. ഹൈദരാബാദിലെ ചന്ദ്രയന്‍ഗുട്ടയിലുള്ള ഗസ്റ്റ്ഹൗസില്‍ റെയ്ഡ് നടത്തിയ പോലീസ് ഇവിടെ നിന്നും 15 കാരിയായ പെണ്‍കുട്ടിയെ രക്ഷപെടുത്തി. ഒമാന്‍ സ്വദേശിയായ 70കാരന്‍ അറബിക്കല്യാണം കഴിക്കുന്നതിനു തൊട്ടു മുന്‍പാണ് പോലീസ് പെണ്‍കുട്ടിയെ രക്ഷപെടുത്തിയത്. റെയ്ഡ് ഇപ്പോളും തുടരുകയാണ്. കൂടുതല്‍ പേര്‍ അറസ്റ്റിലായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.