62കാരന് 14കാരി ഭാര്യ; അതും ഒരു മാസത്തേക്ക്

14നും 18നുമിടയില്‍ പ്രായമുള്ള ഇരുപതോ മുപ്പതോ പെണ്‍കുട്ടികളെ ഹൈദരാബാദിലെ ഹോട്ടല്‍ മുറിയിലെത്തിച്ച് വരിവരിയായി നിര്‍ത്തും. 60ഉം 70ഉം പ്രായമുള്ള അറബികളും പ്രവാസിഇന്ത്യക്കാരും ഓരോരുത്തരെയായി കണ്ണുകൊണ്ടുഴിയും. മനസ്സിന് പിടിച്ച ഒന്നിനെ അടുത്തേക്ക് വിളിക്കും. ബാക്കിയുള്ളവരെ ബസ് കൂലിക്കും ചായക്കും 200 രൂപ വീതം നല്‍കി തിരിച്ചയക്കും. ഹൈദരാബാദില്‍ വന്‍ ബിസിനസായി തഴച്ചുവളരുന്ന അറബിക്കല്യാണങ്ങളുടെ രീതിയാണിത്. അടുത്തകാലം വരെ ലാഭകരമായ ഈ ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഹാജിഖാന്‍. ഹൈദരാബാദിലെ തെരുവുകള്‍ക്ക് സുപരിചിതന്‍. അറബിക്കിഴവന്‍മാര്‍ക്കുള്ള പെണ്‍കുട്ടികളെ കണ്ടെത്തുക ഇയാള്‍ക്ക് വലിയ പ്രയാസമുള്ള കാര്യമല്ല. ഒരു കല്യാണം ശരിയാക്കിക്കൊടുത്താല്‍ 10,000 രൂപയാണ് ശരാശരി കമ്മീഷന്‍. ഇങ്ങനെ മാസത്തില്‍ നിരവധി കല്യാണങ്ങള്‍ നടക്കും. മാസത്തില്‍ 50,000 രൂപയ്ക്ക് ഒരു പഞ്ഞവുമില്ല ഈ ബിസിനസിലെന്നാണ് ഇപ്പോള്‍ അറബിക്കല്യാണങ്ങളെക്കുറിച്ച് പോലിസ് വിവരം നല്‍കുന്ന ഇന്‍ഫോര്‍മറായി പ്രവര്‍ത്തിക്കുന്ന ഹാജി ഖാന്‍ പറയുന്നത്. സൗദി, ഒമാന്‍, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് നാടുകളില്‍ നിന്നെത്തുന്ന അറബികള്‍ രണ്ടു രീതിയിലാണ് കല്യാണങ്ങളെ കാണുന്നത്. അറബികള്‍ തിരികെ നാട്ടിലേക്കു പോവുമ്പോള്‍ കുട്ടികളെയും കൊണ്ടുപോവുന്ന കേസുകളാണ് അവയിലൊന്ന്. പിന്നീട് അവിടെ നടക്കുന്ന കാര്യങ്ങള്‍ പലപ്പോഴും കഷ്ടമാണ്. പേരിന് ഭാര്യയാണെങ്കിലും വീട്ടുജോലിക്കാരായോ അതിനേക്കാള്‍ മോശമായോ ആണ് പലപ്പോഴും ഇവര്‍ പരിഗണിക്കപ്പെടുക.

താല്‍ക്കാലികമായി ഒന്നോ രണ്ടോ മാസത്തേക്ക് കല്യാണം നടത്തി നാട്ടിലേക്ക് പോവുമ്പോള്‍ പെണ്‍കുട്ടികളെ ഇവിടെ ഉപേക്ഷിച്ചു പോകുന്നതാണ് രണ്ടാമത്തെ കല്യാണം. ടൈംപാസ് കല്യാണമെന്നാണ് ഇതിനിവിടെ പേരു വിളിക്കാറ്. പെരുന്നാളിന്റെയും മറ്റും അവധി ആസ്വദിക്കാനെത്തുന്നവരാണ് ഇത്തരത്തിലുള്ള താല്‍ക്കാലിക വിവാഹങ്ങള്‍ കഴിച്ച് കുറച്ചുകാലത്തേക്ക് കുട്ടികളെ ഉപയോഗിച്ച ശേഷം മുങ്ങുന്നത്. ഇവര്‍ വിവാഹത്തോടൊപ്പം തന്നെ വിവാഹ മോചനത്തിനുള്ള കടലാസുകളിലും കുട്ടികളില്‍ നിന്ന് അവരറിയാതെ ഒപ്പിട്ടുവാങ്ങുമത്രെ. പത്തോ ഇരുപതോ ദിവസം കഴിഞ്ഞ് ഉപേക്ഷിക്കപ്പെടാനിരിക്കുകയാണെന്ന കൊടുംചതി അറിയാതെയാണ് പലരും വിവാഹത്തിന് സമ്മതിക്കുന്നത്. ഹൈദരാബാദില്‍ ഇത്തരം അറബിക്കല്യാണങ്ങള്‍ നടത്താന്‍ വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി പോലിസ് കണ്ടെത്തി. കഴിഞ്ഞ മാസം നികാഹിന് കാര്‍മികത്വം വഹിക്കുന്ന ഖാദി അടക്കമുള്ള വന്‍ സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. പലപ്പോഴും കുട്ടികളുടെ വയസ്സ് തെറ്റായി രേഖപ്പെടുത്തിയാണ് നികാഹ് ചെയ്തുകൊടുക്കാറെന്നും പോലിസ് കണ്ടെത്തി. പല അറബികളും ടൂറിസ്റ്റ് വിസയിലാണ് ഇവിടെ വരാറ്. ഇഷ്ടപ്പെട്ട കുട്ടികളെ ഈ രീതിയില്‍ കരാര്‍ വിവാഹം നടത്തി വിസ കഴിഞ്ഞാല്‍ തിരികെ പോവുകയാണ് പതിവെന്നും ഹൈദരാബാദ് ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ വി സത്യനാരായണന്‍ പറയുന്നു. റാക്കറ്റില്‍ പെട്ട 30ഓളം പേരാണ് കഴിഞ്ഞ മാസം അറസ്റ്റിലായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരികെ ഗള്‍ഫിലേക്ക് പോകുമ്പോള്‍ വിവാഹം ചെയ്ത പെണ്‍കുട്ടികളെ കൊണ്ടുപോകുന്ന കേസുകളില്‍ ചിലതൊക്കെ നല്ലനിലയില്‍ മുന്നോട്ടുപോവുമെങ്കിലും ഭൂരിപക്ഷവും അങ്ങനെയല്ലെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ പറയുന്നു. യാതൊരു വിധ അംഗീകാരമോ പരിഗണനയോ അവര്‍ക്ക് ലഭിക്കാറില്ല. ലൈംഗിക അടിമകളെപ്പോലെയാണ് പലരും പെണ്‍കുട്ടികളെ ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മാസം നടത്തിയ ഓപ്പറേഷന്‍ വഴി 18നു താഴെ പ്രായമുള്ള 14 പെണ്‍കുട്ടികളെയാണ് പോലിസ് രക്ഷിപ്പെടുത്തിയത്.

കഴിഞ്ഞ മാസം പോലിസ് അറസ്റ്റ് ചെയ്തവരില്‍ വനിതാ ബ്രോക്കര്‍മാരാണ് പകുതിയിലേറെയുമെന്ന് പോലിസ് പറഞ്ഞു. പലരും നേരത്തേ ഇത്തരം വിവാഹങ്ങളിലൂടെ ചതിക്കപ്പെട്ടവരാണെന്നതാണ് വിരോധാഭാസം. പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്താന്‍ ഇവര്‍ക്ക് പെട്ടെന്ന് സാധിക്കുന്നുവെന്നതാണ് വനിതാ ബ്രോക്കര്‍മാര്‍ക്കുള്ള അനുകൂല ഘടകം. ദാരിദ്ര്യവും അറിവില്ലായ്മയും മുതലെടുത്താണ് പലരും കുട്ടികളെ അറബികളുടെ മുമ്പിലെത്തിക്കുന്നതെന്നും പോലിസ് കണ്ടെത്തി. നല്ല സുന്ദരികളായ പെണ്‍കുട്ടികളെ ലഭിക്കുമെന്നത് മാത്രമല്ല ഹൈദരാബാദിന്റെ സവിശേഷത. അറബികളുമായി നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഹൈദരാബാദുകാര്‍ വിവാഹബന്ധങ്ങളിലേര്‍പ്പെട്ടിരുന്നു. ഹൈദരാബാദ് നിസാമിന്റെ ഭരണകാലത്ത് നിരവധി അറബികള്‍ അദ്ദേഹത്തിന്റെ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിരുന്നുവത്രെ. ഇവരില്‍ പലരും ഹൈദരാബാദില്‍ സ്ഥിരതാമസമാക്കി. അവരുടെ ബന്ധുക്കള്‍ ഇവിടെ വന്ന് വിവാഹബന്ധത്തിലേര്‍പ്പെടുക പതിവായി. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് താല്‍ക്കാലിക വിവാഹങ്ങളും സെക്‌സ് ടൂറിസവും വളര്‍ന്നുവന്നതെന്നും വിലയിരുത്തപ്പെടുന്നു.

Top