തോക്കിൻ മുനയിൽ നിർത്തി കമ്പനി സ്വന്തമാക്കാൻ ശ്രമം; ഹൈദരാബാദിൽ സംഭവിച്ചത്

തോക്കിൻ മുനയിൽ നിർത്തി ഐടി കമ്പനി സ്വന്തമാക്കാൻ ശ്രമം. വംശി റാവുവിനെയും ഇയാളുടെ കൂട്ടാളിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കൂട്ടാളികളായ രണ്ടുപേര്‍ ഒളിവിലാണെന്നും പോലീസ് അറിയിച്ചു. വഞ്ചന, അനധികൃതമായി തടവില്‍വയ്ക്കല്‍, ആയുധം ഉപയോഗിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കമ്പനിയില്‍ ജോലിക്കായി ഒന്നര ലക്ഷം രൂപ നല്‍കിയെന്നും, എന്നാല്‍ ജോലി ലഭിച്ചില്ലെന്നും കമ്പനി അധികൃതരിൽ നിന്ന് പണം തിരികെ വാങ്ങാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് തൊഴില്‍ രഹിതരായ രണ്ടു യുവാക്കള്‍ വംശി റാവുവിനെ സമീപിച്ചിരുന്നു. യുവാക്കളുടെ ആവശ്യം അറിഞ്ഞതോടെ ഇതില്‍ തട്ടിപ്പിനുള്ള സാധ്യത മണത്ത വംശി റാവു, യുവാക്കള്‍ക്കുവേണ്ടി കമ്പനിയുമായി സംസാരിക്കാന്‍ തയ്യാറാവുകയായിരുന്നു. ഒരു വിഐപി എന്ന വ്യാജേന നീല ലൈറ്റ് പിടിപ്പിച്ച വാഹനത്തില്‍ കമ്പനിയുടെ ഓഫീസിലെത്തിയ ഇയാള്‍ കമ്പനി ഡയറക്ടര്‍മാരുമായി ചര്‍ച്ച നടത്തുന്നതിനിടെ കൈയ്യിലിരുന്ന തോക്ക് ചൂണ്ടുകയും പ്രശ്‌നം പരിഹരിക്കണമെങ്കില്‍ 10ലക്ഷം രൂപ നല്‍കണമെന്ന് ഡയറക്ടര്‍മാരോട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഡയറക്ടർമാർ‌ ഇയാൾക്ക് അഞ്ച് ലക്ഷം രൂപ നൽകി. തുടര്‍ന്ന് കമ്പനി പിടിച്ചെടുക്കുന്നതിനായി ഡയറക്ടര്‍മാരെ തടവിലാക്കുകയും അക്കൗണ്ടുകള്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു. ഡയറക്ടര്‍മാരെ ഭീഷണിപ്പെടുത്തി തങ്ങള്‍ ഡയറക്ടര്‍സ്ഥാനം രാജിവയ്ക്കുന്നതായും ഡയറക്ടര്‍ സ്ഥാനം വംശി റാവുവിനും വംശിധറിനും നല്‍കുന്നതായും ജീവനക്കാര്‍ക്ക് ഇ മെയിൽ അയപ്പിക്കുകയും ചെയ്തു. സംഭവത്തിനുശേഷം കമ്പനി ഡയറക്ടർമാർ പോലീസിൽ പരാതി നൽകുകയായിരുന്നു. കമ്പനിയുടെ പ്രജക്ട് മാനേജറാണ് വംശീധർ. മറ്റ് രണ്ടു പേർക്ക് കൂടി ഗൂഡാലോചനയിൽ പങ്കുണ്ടെന്ന് പോലീസ് അറിയിച്ചു.

Top