സ്ത്രീകളെ അടിമയാക്കി അടച്ചിടുന്നതിന് പുരുഷന്മാര്‍ പല വഴികളും കണ്ടെത്തിയിരുന്നു. അതില്‍ ഒന്നാണ് സ്ത്രീകളിലെ ആര്‍ത്തവത്തെയും ആര്‍ത്തവ രക്തത്തെയും പാപമായും അശുദ്ധിയായും ചിത്രീകരിക്കുന്നത്. പല ആരാധനാലയങ്ങളും സ്ത്രീകളെ അകറ്റി നാര്‍ത്താനുള്ള കാരമായി ഇപ്പോഴും ആര്‍ത്തവത്തെ കാണുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ സ്ത്രീമുന്നേറ്റം നടക്കുന്നുമുണ്ട്. ഇതിനോട് ചേര്‍ക്കാവുന്ന ഒരു വീഡിയോ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കോസ്റ്റോറിക്കയില്‍ നിന്നുള്ള യോഗ വിദഗ്ധ സ്റ്റീഫെയ്ന്‍ പുറത്ത് വിട്ടു. അവര്‍ അടുത്തിടെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത യോഗയുടെ വിഡിയോയാണ് സോഷ്യല്‍ മീഡിയയിലിപ്പോള്‍ അതിവേഗം വൈറലായിക്കൊണ്ടിരിക്കുന്നത്. കുറഞ്ഞ ദിവസത്തിനുള്ളില്‍ നാല് ലക്ഷത്തോളം പേരാണ് ഈ വിഡിയോ കണ്ടത്.
വെളുത്ത പാന്റ്‌സില്‍ ആര്‍ത്തവ രക്തം പുരണ്ടിരിക്കുന്നു. ഇതോടുകൂടിയാണ് സ്റ്റീഫെയ്ന്‍ യോഗ ചെയ്യുന്നത്. ‘ഞാനൊരു സ്ത്രീയാണ്, എനിക്ക് ആര്‍ത്തവമുണ്ട്.. അത് ഭീകരവും വേദനിപ്പിക്കുന്നതുമാണ്, ഒപ്പം സുന്ദരവുമാണ്. പിന്നെ എന്തിനാണിത് മറച്ചുവയ്ക്കുന്നത്’ എന്ന കുറിപ്പോടെയാണ് സ്റ്റീഫെയ്ന്‍ വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
ആര്‍ത്തവം സ്ത്രീക്ക് നാണക്കേട് ഉണ്ടാക്കുന്നില്ലെന്നും, ഒരോ സ്ത്രീയും ആണ്‍മക്കളെ പഠിപ്പിക്കേണ്ടത് ആ ദിനങ്ങളില്‍ അവര്‍ അനുഭവിക്കുന്ന വേദനയും സഹനവും എത്രത്തോളം വലുതാണെന്നുമാണ്- സ്റ്റീഫെയ്ന്‍ പറയുന്നു. യോഗയ്ക്കിടെ ആര്‍ത്തവരക്തം പാന്റ്‌സില്‍ പുരണ്ടത് യഥാര്‍ത്ഥത്തില്‍ സ്റ്റീഫെയ്ന്‍ അറിഞ്ഞിരുന്നില്ല. യാദൃശ്ചികമായി നടന്ന സംഭവം സമൂഹത്തിന്റെ കണ്ണുതുറപ്പിക്കാന്‍ ഷെയര്‍ ചെയ്യുകയായിരുന്നു എന്നാണ് സ്റ്റീഫെയ്‌ന്റെ വാദം.