ന്യൂഡല്‍ഹി: തനിക്ക് ഫാഷന്‍ ഡിസൈനറില്ലെന്നും താന്‍ വളരെ ലളിതമായ വസ്ത്രങ്ങളാണ് ധരിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അദ്ധ്യാപക ദിനത്തിന് മുന്നോടിയായി ഡല്‍ഹിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി സംസാരിക്കവെ വ്യത്യസ്തമായ വസ്ത്രധാരണത്തെപ്പറ്റി ചോദിച്ച വിദ്യാര്‍ത്ഥിക്ക് മറുപടി നല്‍കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സാധാരണ കുടുംബത്തില്‍ ജനിച്ച തനിക്ക് നല്ല വസ്‌ത്രങ്ങള്‍ ധരിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. സ്കൂളില്‍ പഠിക്കുന്ന സമയത്ത് വസ്‌ത്രങ്ങള്‍ ഇസ്തിരിയിടാനുള്ള പണം ഇല്ലായിരുന്നു. അതിനാല്‍ ചൂടുള്ള കരിക്കട്ടകള്‍ ഒരു പാത്രത്തിലാക്കി അത് വസ്ത്രത്തിനു മുകളില്‍ വച്ചാണ് ഇസ്തിരിയിട്ടിരുന്നത്. ചെളി പിടിച്ചിരുന്ന ഷൂസ് വെളുപ്പിക്കാന്‍ ക്ലാസില്‍ ടീച്ചര്‍ ബാക്കി വച്ചിട്ടുള്ള പോകുന്ന ചോക്ക് കഷ്ണങ്ങള്‍ ഉപയോഗിച്ചായിരുന്നു. ഷൂവിലെ ചെളി പുരണ്ട ഭാഗങ്ങളില്‍ ഈ ചോക്ക് കഷ്ണങ്ങള്‍ ഉപയോഗിച്ച് ഉരച്ച് വെളുപ്പിക്കുമായിരുന്നുവെന്നും മോഡി പറഞ്ഞു.
ഗുജറാത്തിലെ കാലാവസ്ഥയ്ക്ക് ഹാഫ് സ്ലീവ് കുര്‍ത്തകളാണ് അനുയോജ്യം. ഫുള്‍ സ്ലീവ് ഷര്‍ട്ടുകള്‍ കഴുകാന്‍ ഒരുപാട് സമയം വേണ്ടിവരും. അങ്ങനെയാണ് ഹാഫ് സ്ലീവ് ഷര്‍ട്ടുകള്‍ ഉപയോഗിച്ചു തുടങ്ങിയത്. ചെറുപ്പം മുതല്‍ എന്റെ വസ്ത്രങ്ങള്‍ ഞാന്‍ തന്നെയാണ് കഴുകിയിരുന്നതെന്നും മോഡി പറഞ്ഞു. അധ്യാപക ദിനത്തോട് അനുബന്ധിച്ച് കുട്ടികളുമായി സംവദിക്കവെ ഉയര്‍ന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം
മോദിയെ ഇന്ത്യന്‍ വസ്ത്രധാരണത്തിന്റെ ബ്രാന്റ് അംബാസഡറെന്നാണ് വിദ്യാര്‍ത്ഥി വിശേഷിപ്പിച്ചത്. മോദി കുര്‍ത്തകള്‍ക്ക് വലിയ പ്രചാരം നേടിയിട്ടുണ്ടെന്നും അതേപ്പറ്റിയുള്ള അഭിപ്രായം എന്താണെന്നുമായിരുന്നു വിദ്യാര്‍ത്ഥിയുടെ ചോദ്യം.