ആലപ്പുഴ:ഗ്രൂപ്പ് രഷ്ട്രീയ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് എ.ഐ.സി.സി. മുന്‍ സെക്രട്ടറിയും ഒറ്റപ്പാലത്തെ യു.ഡി.എഫ്. സ്ഥനാര്‍ഥിയുമായിരുന്ന അഡ്വ.ഷാനിമോള്‍ ഉസ്മാന്‍ .കറ കളഞ്ഞ ഗ്രൂപ്പും ജാതിയും മാത്രമാണ് കോണ്‍ഗ്രസില്‍ മെറിറ്റ് എന്ന് ഷാനിമോല്‍ ആരോപിച്ചു. കോണ്‍ഗ്രസിലെ ഗ്രൂപ്പ്, ജാതി രാഷ്‌ട്രീയത്തിന്റെ എന്നത്തേയും ഇരയാണും താനെന്നും ഷാനിമോള്‍ ഉസ്‌മാന്‍ ഫെയ്-സ് ബുക്കില്‍ കുറിച്ചു.2006ല്‍ പെരുമ്പാവൂരിലും 2016ല്‍ ഒറ്റപ്പാലത്തും തന്നെ സ്‌ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് ഏറ്റവും അവസാനമാണ്. കാസര്‍കോട് പാര്‍ലമെന്റ് സീറ്റ് വേണ്ടന്നുവച്ചപ്പോള്‍ വേദനയോടെയും പ്രതിഷേധത്തോടെയും തന്നെ നോക്കിക്കണ്ട സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊതുജനങ്ങളും നിരവധിയാണ്. അവരെ മാനിച്ചു മാത്രമാണ് താന്‍ ഒറ്റപ്പാലത്ത് മത്സരിച്ചതെന്ന് ഷാനിമോള്‍ തന്റെ ഫെയ്‌സ്‌ബുക്ക് പോസ്‌റ്റില്‍ പറഞ്ഞു.
കെ.എസ്.യു. പ്രവര്‍ത്തകയായി രാഷ്‌ട്രീയജീവിതത്തിലേക്കു കടക്കുമ്പോള്‍ നീതിബോധവും മതേതര ചിന്തകളും ജനാധിപത്യ മൂല്യങ്ങളും കവിഞ്ഞൊഴുകുന്ന ഒരു നിറഞ്ഞ ചുറ്റുപാടിലാണെന്ന തോന്നലിലായിരുന്നു താന്‍. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ തെരഞ്ഞെടുപ്പിലും പാര്‍ട്ടി പദവിയിലും മെറിറ്റ് എന്നാല്‍ കറ കളഞ്ഞ ഗ്രൂപ്പും ജാതിയും ആണെന്ന് മനസിലായതായി ഷാനിമോള്‍ പറയുന്നു. മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നപ്പോള്‍ കേരളത്തിലെ നേതാക്കളറിയാതെ ഒന്നരവര്‍ഷത്തോളം രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരം ഇന്ത്യ മുഴുവന്‍ പ്രവര്‍ത്തിച്ചതും പിന്നീട് എ.ഐ.സി.സി. സെക്രട്ടറിയായി സോണിയാ ഗാന്ധി നോമിനേറ്റ് ചെയ്‌തതും കേരളത്തിലെ നേതാക്കള്‍ തന്റെ ഒരു കുറവായാണ് കണ്ടത്. കേരളത്തില്‍ ആരെങ്കിലും അറിഞ്ഞിരുന്നെങ്കില്‍ ഗ്രൂപ്പ് ജാതി സമവാക്യങ്ങളില്‍ തട്ടി തന്നെ തെറിപ്പിക്കുമായിരുന്നു. സോണിയാ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടുമുള്ള നന്ദിയും കടപ്പാടും വലുതാണ്.
ആശ്രിത വാത്സല്യത്തിന്റെയും പാരമ്പര്യസിദ്ധാന്തത്തിന്റെയും ഭാഗമാകാത്തതുകൊണ്ട് അര്‍ഹിക്കാത്ത ഒരു സ്‌ഥാനത്തും എത്തിയില്ലായെന്ന് അഭിമാനത്തോടെ ഓര്‍മിക്കുന്നു. ഈ അനുഭവം തനിക്ക് മാത്രമല്ല നിരവധി ആളുകള്‍ക്കുണ്ട്. അനീതിമാത്രം തലമുറകള്‍ക്കു സംഭാവന ചെയ്‌തു മുന്നോട്ടു പോകുന്നത് സമൂഹം കൃത്യമായി ശ്രദ്ധിക്കുന്നു.വിപ്ലവം അതിന്റെ വിത്തുകളെ കൊന്നൊടുക്കുന്നു എന്ന പോലെയാണ് പെട്ടിയെടുപ്പുകാരല്ലാത്ത വിദ്യാര്‍ഥി യുവജന നേതാക്കളെ ഇല്ലാതാക്കുന്നത്.അക്രമരാഷ്‌ട്രീയവും വര്‍ഗീയതയും ശക്‌തമായി നേരിടണമെങ്കില്‍ യുവജനങ്ങള്‍ക്ക് അനുകൂലമായ തലമുറമാറ്റം അനിവാര്യമാണെന്ന അഭ്യര്‍ഥനയോടെയാണ് ഷാനിമോള്‍ ഫെയ്‌സ്‌ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.