ഭൂമിതട്ടിപ്പ് കേസ് അന്വേഷിക്കുന്നത് തട്ടിപ്പ് കേസുകളില്‍ പ്രതിയായ ഐജി ശ്രീജിത്ത്

പാലക്കാട്ട്: ബ്രിട്ടീഷുകാര്‍ കൈമാറിയ ഭൂമിയുമായി ബന്ധപ്പെട്ട തട്ടിപ്പ് അന്വേഷിക്കുന്നത് നിലവില്‍ രണ്ട് തട്ടിപ്പ് കേസുകളില്‍ പ്രതിയായ ക്രൈംബ്രാഞ്ച് ഐ ജി ശ്രീജിത്ത്.
സ്വാതന്ത്ര്യത്തിനു ശേഷം തോട്ടം മേഖലയില്‍ ബ്രിട്ടീഷ് ഭൂമി കൈവശം വെച്ചിരിക്കുന്നവരുടെ ആധാരങ്ങളെല്ലാം പരിശോധിക്കാന്‍ എറണാകുളം ജില്ലാ കളക്ടര്‍ എം. ജി. രാജമാണിക്യത്തെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ച സര്‍ക്കാര്‍ ഇതു സംബന്ധമായ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ചുമതലയാണ് രണ്ട് തട്ടിപ്പ് കേസുകളിലെ പ്രതിയായ ശ്രീജിത്തിനെ ഏല്‍പ്പിച്ചിരിക്കുന്നത്.
‘കുറുക്കന്റെ കയ്യില്‍ കോഴിയെ’ കൊടുത്ത നടപടിക്കെതിരെ ഉന്നത ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഇതിനകം തന്നെ കടുത്ത അതൃപ്തിയുള്ളതായാണ് റിപ്പോര്‍ട്ട്.ഇടുക്കിയിലെ ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ് ടീ കമ്പനിയുടെ അനധികൃത ഭൂമി സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷനു മുന്നില്‍ മുമ്പ് ലഭിച്ച പരാതിയില്‍ അന്വേഷണം നടത്തിയിരുന്ന ശ്രീജിത്തിന് തന്നെ വീണ്ടും ക്രൈംബ്രാഞ്ചില്‍ സ്ഥലം മാറി എത്തിയിട്ടും അന്വേഷണ ചുമതല നല്‍കിയത് ചില ‘ഹിഡന്‍ അജണ്ട’ മുന്‍ നിര്‍ത്തിയാണെന്നാണ് ആരോപണം.

തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ രമേശന്‍ നമ്പ്യാര്‍ എന്ന വ്യക്തിയുടെ വസ്തു തട്ടിയെടുത്തത് സംബന്ധമായി രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍. നം.6/2010 കേസിലും എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (1)-ല്‍ ബെല്‍ സീഫുഡ് കമ്പനി ഉടമ പി. വി. വിജു നല്‍കിയ പരാതിയില്‍ സി.സി.നം.695/2008 കേസിലും പ്രതിയായ ശ്രീജിത്തിനെ വസ്തു തട്ടിപ്പ് അന്വേഷിക്കാന്‍ ഏല്‍പ്പിച്ചതിന്റെ ധാര്‍മ്മികതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിജുവിന്റെ കേസില്‍ ഹൈക്കോടതി 25,000/- രൂപ നേരത്തെ കോടതി ചിലവിനത്തില്‍ ശ്രീജിത്തിനെ കൊണ്ട് അടപ്പിക്കുകയും ചെയ്തിരുന്നു. ഈ രണ്ട് കേസുകളും വിചാരണയുടെ ഘട്ടത്തിലാണ് ഇപ്പോഴുള്ളത്. ഇതിനിടെ കോഴിക്കോട് സ്വദേശി മോഹന്‍രാജിന്റെ കുടകിലെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചതിനും മലപ്പുറം ഡി.വൈ.എസ്.പി.യെ കൈക്കൂലി കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിനും ശ്രീജിത്തിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റും ചെയ്തിരുന്നു.

ക്രിമിനലിനൊപ്പം ചേര്‍ന്ന് നിയമവിരുദ്ധ പ്രവര്‍ത്തിയാണ് ശ്രീജിത്ത് ചെയ്തതെന്ന് ഇതുസംബന്ധമായ കേസില്‍ സംസ്ഥാന പോലീസ് മേധാവി തന്നെ ഹൈക്കോടതിയില്‍ സത്യവാങ് മൂലവും നല്‍കിയിരുന്നു. തൃശൂര്‍ റേയ്ഞ്ച് ഐ.ജി.യുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടും കോഴിക്കോട് റെയ്ഞ്ച് വിജിലന്‍സ് എസ്.പി.യുടെ മൊഴിയും പരിഗണിച്ചായിരുന്നു ഇത്.

പിന്നീട്, ഡിപ്പാര്‍ട്ട്‌മെന്റില്‍ എന്‍ക്വയറി നടത്തിയ ക്രൈംബ്രാഞ്ച് മേധാവി അനന്തകൃഷ്ണനും ശ്രീജിത്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

എന്നാല്‍ അച്ചടക്ക നടപടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ചില ‘വഴിവിട്ട’ മാര്‍ഗ്ഗങ്ങള്‍ ശ്രീജിത്ത് ഉപയോഗിച്ചതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് മേധാവിയുടെ റിപ്പോര്‍ട്ട് മറികടക്കാന്‍ ആരോപണ വിധേയനായ ഒരു പ്രമോട്ടി എസ്.പി.യുടെ തെറ്റായ റിപ്പോര്‍ട്ട് ശ്രീജിത്തിന് വേണ്ടി വാങ്ങിയാണ് ആഭ്യന്തരവകുപ്പ് അദ്ദേഹത്തിന് ഉദ്യോഗക്കയറ്റം നല്‍കിയതും പിന്നീട് ക്രൈംബ്രാഞ്ചില്‍ നിയമിച്ചതും. നിയമവിരുദ്ധമായി കുറ്റവിമുക്തനാക്കിയതും. ഇക്കാര്യത്തില്‍ പോലീസ് സേനയില്‍ തന്നെ കടുത്ത പ്രതിഷേധം ഇപ്പോള്‍ നിലവിലുണ്ട്.

തന്റെ മേല്‍നോട്ടത്തില്‍ അന്വേഷിക്കുന്ന കേസുകളുടെ വിവരങ്ങള്‍ ഇഷ്ടക്കാരായ ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കി ‘പ്രാഞ്ചിയേട്ടന്‍’ കളിക്കുന്ന ശ്രീജിത്ത് ഇപ്പോള്‍ ഭൂമിതട്ടിപ്പ് കേസ് അന്വേഷിക്കുന്നത് ആരുടെ ‘നേട്ടത്തിനാണ്’ എന്നതാണ് പ്രസക്തമാകുന്ന ചോദ്യം.

സ്വാതന്ത്ര്യത്തിന് മുമ്പ് ബ്രിട്ടീഷുകാര്‍ കൈവശം വച്ചിരുന്നതും പിന്നീട് കൈമാറിയതുമായ ഭൂമിയുടെ തോതും രേഖകളും പരിശോധിക്കാനാണ് സര്‍ക്കാരിന്റെ ഡിസംബര്‍ 30-ലെ ഉത്തരവ്. പാലക്കാട്, തൃശൂര്‍, കൊല്ലം, ഇടുക്കി, വയനാട് ജില്ലകളിലാണ് തോട്ടങ്ങള്‍ കൂടുതലും.

സര്‍ക്കാരിന്റെ അവസാന നാളുകളില്‍ ഇങ്ങനെ തട്ടിപ്പ് കേസില്‍ പ്രതിയായ ഉദ്യോഗസ്ഥനെ മുന്‍ നിര്‍ത്തി ഭൂമി തട്ടിപ്പ് കേസ് അന്വേഷിക്കുന്നത് ഈ കേസിന്റെ ഉദ്ദേശ ശുദ്ധിയെയും ലക്ഷ്യത്തെയും തന്നെ ബാധിക്കുമെന്ന നിലപാട് റവന്യൂ ഉദ്യോഗസ്ഥന്മാര്‍ക്കുമുണ്ട്.

സര്‍ക്കാരിന്റെ ഉദ്ദേശ ശുദ്ധി സത്യസന്ധമായിരുന്നെങ്കില്‍ ഇക്കാര്യങ്ങളില്‍ വളരെ മുമ്പ് തന്നെ അന്വേഷണം നടത്താമായിരുന്നുവെന്നാണ് സി.പി.എം.ന്റെയും നിലപാട്.
ക്രൈംബ്രാഞ്ചിലേക്ക് ഈ കേസുകള്‍ കൈമാറിയത് തന്നെ ശ്രീജിത്തിനെ ഏല്‍പ്പിക്കുന്നതിനാണെന്നും വലിയ ദുരൂഹത ഇതിന് പിന്നിലുണ്ടെന്നുമാണ് പറയപ്പെടുന്നത്.

Top